National
ഹത്രാസ് സംഭവം: ജുഡീഷ്യല്‍ അന്വേഷണമുള്‍പ്പെടെ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സത്യഗ്രഹ സമരം ഇന്ന്

ന്യൂഡല്‍ഹി | ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക സത്യഗ്രഹ സമരം നടത്തും. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവക്കുക, ഹത്രാസ് ജില്ലാ കലക്ടറെ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളും കോണ്‍ഗ്രസ് മുന്നോട്ടു വച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെയും അംബേദ്കറിന്റെയും പ്രതിമകള്‍ക്കു സമീപം നടക്കുന്ന സത്യഗ്രഹത്തില്‍ മുഖ്യമന്ത്രിമാര്‍, ജനപ്രതിനിധികള്‍, പാര്‍ട്ടി ഭാരവാഹികള്‍, പോഷക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സത്യഗ്രഹത്തില്‍ അണിചേരണമെന്നാണ് എ ഐ സി സി നിര്‍ദേശം.
രാഹുലിനും പ്രിയങ്കക്കുമെതിരെ യു പി പോലീസ് കൈയേറ്റം നടത്തിയതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഇന്ന് കെ പി സി സി നേതൃത്വത്തില്‍ നേതാക്കള്‍ സത്യഗ്രഹ സമരം നടത്തും. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും സമരം. കൊവിഡ് സ്വയം സ്വയം നിരീക്ഷണത്തില്‍ കഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും സമരത്തില്‍ പങ്കെടുക്കുക.