Connect with us

Gulf

ബാബരി വിധി: ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ത്തു- ഐ സി എഫ്

Published

|

Last Updated

ജിദ്ദ | ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട സി ബി ഐ പ്രത്യേക കോടതി വിധി ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്ന് ഐ സി എഫ് നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

അഞ്ച് നൂറ്റാണ്ടിന് മുമ്പ് നിര്‍മിക്കുകയും 400 വര്‍ഷത്തോളം മുസ്ലിംകള്‍ ആരാധന നിര്‍വഹിക്കുകയും ചെയ്തു പോന്ന ബാബരി മസ്ജിദ് ദീര്‍ഘകാലത്തെ ഗൂഢാലോചനക്ക് ശേഷം ആസൂത്രിതമായാണ് 28 വര്‍ഷം മുമ്പ് തകര്‍ക്കപെട്ടത്. നിരവധി കലാപങ്ങളാണ് നാട്ടില്‍ ഈ ലക്ഷ്യത്തിനായി സംഘ്പരിവാറുകാർ നടത്തിയത്. ബി ജെ പി പ്രസിണ്ടായിരുന്ന എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്ര രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചോരച്ചാലുകള്‍ തീര്‍ത്താണ് അയോധ്യയിലെത്തിയത്.

എല്‍ കെ അഡ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയുധങ്ങളും കല്ലുകളുമായി ഹിന്ദുത്വ ഫാസിസ്റ്റുകള്‍ മസ്ജിദ് തകര്‍ക്കുന്നത് ലോകം മുഴുവന്‍ കണ്ടിട്ടും ജുഡീഷ്യറിക്ക് കാണാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, പള്ളി പൊളിക്കാന്‍ നേതൃത്വം നല്‍കിയ നേതാക്കളെ സമാധാനത്തിന്റെ വെള്ളരി പ്രാവുകളാക്കാനും മറന്നില്ല. കണ്‍മുന്നില്‍ കണ്ട ഒരു സംഭവത്തിന് തെളിവില്ലെന്ന് പറയുന്ന ജുഡീഷ്യറിക്ക് ബാധിച്ച അന്ധത തന്നെയാണ് വരും കാലങ്ങളില്‍ രാജ്യം നേരിടേണ്ടുന്ന വലിയ പ്രതിസന്ധി.

മസ്ജിദ് തകര്‍ക്കുന്നതില്‍ ബി ജെ പി നേതാക്കള്‍ക്കുള്ള പങ്കും ഗൂഢാലോചനയും  നേരത്തേ കേസ് അന്വേഷിച്ചിരുന്ന ലിബര്‍ഹാന്‍ കമ്മീഷനും മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കി ഉത്തരവിട്ട സുപ്രീം കോടതി ഭരണഘടനാ ബെഞ്ചും കണ്ടെത്തിയതാണ്. എന്നിട്ടും തെളിവുകളുടെ അഭാവം പറയുന്ന വിധികര്‍ത്താക്കളുടെ താൽപര്യങ്ങൾ ഒരിക്കലും രാജ്യത്തിന് ഗുണകരമാവില്ലെന്നും ഐ സി എഫ് അഭിപ്രായപ്പെട്ടു. രാജ്യം കാവിവല്‍ക്കരിക്കപ്പെട്ടപ്പോള്‍ ജനങ്ങളുടെ ഏക പ്രതീക്ഷ നിയമ വ്യവസ്ഥയിലായിരുന്നുവെങ്കില്‍ അടുത്ത കാലത്ത് വന്ന ഒട്ടുമിക്ക വിധികളും ഫാസിസത്തിന് കീഴ്‌പ്പെടുന്നതായിരുന്നു.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അധികാരത്തിലിരുന്ന എല്ലാവരും ഫാസിസത്തിന്റെ വളർച്ചക്ക്  അവരുടേതായ പങ്ക് നിര്‍വഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡതക്കും മതേതര മൂല്യങ്ങള്‍ക്കും പരിഗണന നല്‍കാതെ അധികാരത്തിന് വേണ്ടി മൂല്യങ്ങള്‍ കാറ്റില്‍ പറത്തിയതാണ് ഇന്ന് രാജ്യം അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും ഐ സി എഫ് നാഷണല്‍ കമ്മിറ്റി പറഞ്ഞു. സയ്യിദ് ഹബീബ് അൽ ബുഖാരി അധ്യക്ഷം വഹിച്ചു. ബഷീർ എറണാകുളം, നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, സലിം പാലച്ചിറ, റഷീദ് സഖാഫി മുക്കം, സലാം വടകര സംബന്ധിച്ചു. സിറാജ് കുറ്റ്യാടി സ്വാഗതവും മുഹമ്മദലി വെങ്ങര നന്ദിയും പറഞ്ഞു
---- facebook comment plugin here -----

Latest