Connect with us

Kerala

പട്ടാമ്പിയിൽ കോൺഗ്രസിൽ ഭിന്നത; കൂട്ട രാജിക്കൊരുങ്ങി നേതാക്കൾ

Published

|

Last Updated

പട്ടാമ്പി | കോൺഗ്രസിൽ നിന്ന് പുറത്താക്കിയ കെ പി സി സി മുൻ നിർവാഹകസമിതി അംഗവും പട്ടാമ്പി നഗരസഭാംഗവുമായ ടി പി ഷാജിയെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് പട്ടാമ്പി നിയോജക മണ്ഡലത്തിലെ നേതാക്കൾ കൂട്ടത്തോടെ രാജിവെക്കാൻ ഒരുങ്ങുന്നു. എ, ഐ ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഡി സി സി ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ ഭാരവാഹികൾ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് രാജിക്കത്ത് ഇമെയിലായി അയച്ചു.

ജില്ലാ നേതൃത്വവുമായോ പട്ടാമ്പിയിലെ നേതാക്കളുമായോ ചർച്ച നടത്താതെ കെ പി സി സി തീരുമാനം അടിച്ചേൽപ്പിച്ചതായി നേതാക്കൾ പറയുന്നു. കോൺഗ്രസ് ഭരിക്കുന്ന പട്ടാമ്പി നഗരസഭയിൽ സ്വന്തം കൗൺസിലർമാരെ അയോഗ്യരാക്കാന്‍ സി പി എമ്മുമായി ചേർന്ന് ഒത്തുകളി നടത്തുകയും നിയമസഭാ, ലോകസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ തോൽപ്പിക്കാനായി പ്രവർത്തിക്കുകയും ചെയ്തയാളാണ് ടി പി ഷാജി എന്ന് രാജിക്കത്തിൽ കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.

വി എം സുധീരൻ കെ പി സി സി പ്രസിഡണ്ട് ആയിരിക്കുമ്പോൾ ഷാജിക്കെതിരെ നടപടിയെടുക്കുകയും എം എം ഹസൻ  പുറത്താക്കുകയും ചെയ്തിരുന്നു. തിരിച്ചെടുക്കുന്നതിനായി ജില്ലയ്ക്ക് പുറത്തെ ചില നേതാക്കൾ പണംവാങ്ങി നീക്കം നടത്തി എന്ന ഗുരുതരമായ ആരോപണവും പട്ടാമ്പിയിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇരു ഗ്രൂപ്പുകളും നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമാണ് ഭാരവാഹികൾ രാജിവെക്കാൻ തീരുമാനിച്ചത്.

ഡി സി സി വൈസ് പ്രസിഡണ്ട്, യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ, രണ്ട് ബ്ലോക്ക് പ്രസിഡണ്ടുമാർ, അൻപതോളം ബ്ലോക്ക് ഭാരവാഹികൾ, 10 മണ്ഡലം പ്രസിഡണ്ടുമാർ, യൂത്ത് കോൺഗ്രസ്, കെ എസ്‌ യു, കർഷക കോൺഗ്രസ്, മഹിളാ കോൺഗ്രസ് എന്നിവയുടെ ഭാരവാഹികൾ അടക്കം ഇരുപതോളം പേർ രാജിക്കത്ത് നൽകിയിട്ടുണ്ട്. നഗരസഭയിലെ ആറ് കൗൺസിലർമാർ സ്ഥാനം രാജി വെക്കാൻ അനുവാദം ചോദിച്ചും കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്.

Latest