National
സ്മൃതി ഇറാനിയുടെ വാഹനവ്യൂഹം തടഞ്ഞ് കോണ്‍ഗ്രസ് പ്രതിഷേധം

ആഗ്ര | ഹാത്രാസ് സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കത്തെ വിമര്‍ശിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വനിതകളടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഗ്രയില്‍വെച്ച് സ്മൃതി ഇറാനിയുടെ വാഹന വ്യൂഹം തടഞ്ഞു. ഏറെ നേരത്തെ മുദ്രാവാക്യം വിളികള്‍ക്കും വാക്കേറ്റങ്ങള്‍ക്കുമൊടുവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സ്മൃതി ഇറാനി രാജിവെക്കണമെന്നും ഇരക്ക് നീതി നല്‍കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പരാജയപ്പെട്ടെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ഹാത്രാസ് ബലാത്സംഗ കൊലപാതകത്തില്‍ ഒന്ന് പ്രതികരിക്കാന്‍ പോലും സ്മൃതി ഇറാനി തയ്യാറായില്ലെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.
ഇന്ന് ഹാത്രാസ് സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കത്തെ നേരത്തെ കടുത്ത ഭാഷയിലാണ് സ്മൃതി വിമര്‍ശിച്ചത്. ഇരക്ക് നീതി നേടിക്കൊടുക്കുകയല്ല രാഹുലിന്റെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും സ്മൃതി ആരോപിച്ചു.
നേരത്തെ ഹാത്രാസ് സംഭവത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു. ബലാത്സംഗത്തെ മുന്‍നിര്‍ത്തി രാഷ്ട്രീയം കളിക്കുന്നവരെ തടയാനാവില്ലെന്നും സ്മൃതി ഇറാനി പറഞ്ഞിരുന്നു. ഇതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.