Connect with us

Editorial

ആംനസ്റ്റിയെ പുകച്ച് പുറത്താക്കരുത്

Published

|

Last Updated

ആഗോള സമൂഹത്തിനിടയില്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്നതാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലിനെ പുകച്ചു പുറത്താക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് സംഘടനയെ സര്‍ക്കാര്‍ നിരന്തരം വേട്ടയാടുകയും ബേങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍, സംഘടനയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി ആംനസ്റ്റി ഇന്ത്യന്‍ ഘടകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാശ് കുമാര്‍ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. രണ്ട് വര്‍ഷത്തിലേറെയായി കേന്ദ്ര സര്‍ക്കാര്‍ നിരന്തരമായി തങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ ജീവനക്കാരെ തിരിച്ചയക്കേണ്ടി വന്നതായും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ മാസം പത്തിനാണ് സംഘടനയുടെ അക്കൗണ്ടുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചത്.

വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് ആംനസ്റ്റിക്കെതിരെയുള്ള നീക്കത്തിന് സര്‍ക്കാര്‍ മുന്‍വെക്കുന്ന കാരണം. സംഘടന വിദേശത്തു നിന്ന് അനധികൃതമായി ഫണ്ടുകള്‍ സ്വീകരിക്കുന്നുവെന്നും ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ രജിസ്‌ട്രേഷന്‍ ആക്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ആരോപിക്കപ്പെടുന്നു. ഇതടിസ്ഥാനത്തില്‍ സംഘടനക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. യു കെയില്‍ നിന്ന് പത്ത് കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ സംഭാവന സ്വീകരിച്ചു എന്ന പേരില്‍ സി ബി ഐയും ആംനസ്റ്റിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, അക്കൗണ്ടിലുള്ള പണം വിദേശ സംഭാവനകളല്ലെന്നും തങ്ങളുടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ നല്‍കിയതാണെന്നുമാണ് ആംനസ്റ്റിയുടെ വിശദീകരണം. ഇന്ത്യയില്‍ സംഘടനക്ക് നാല് ലക്ഷത്തോളം വരുന്ന ഉപഭോക്താക്കളുണ്ട്. ഇവരില്‍ ഒരു ലക്ഷം പേര്‍ സംഭാവനകള്‍ നല്‍കുന്നു. ഇതെല്ലാം നിയമാനുസൃത സമ്പാദ്യമാണ്. സംഘടനയുടെ എല്ലാ കണക്കുകളും കൃത്യവും സുതാര്യവുമാണ.് എന്നിട്ടും സര്‍ക്കാര്‍ വേട്ടയാടുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടരാന്‍ പ്രയാസമുണ്ടെന്ന് ആംനസ്റ്റിയുടെ കുറിപ്പില്‍ പറയുന്നു. 2017ല്‍ ഇതുപോലെ സര്‍ക്കാര്‍ ആംനസ്റ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. അന്ന് സംഘടന കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയാണുണ്ടായത്.

യഥാര്‍ഥത്തില്‍ വിദേശ വിനിമയ ചട്ടങ്ങളുടെ ലംഘനമല്ല, ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ ആംനസ്റ്റിയുടെ വിമര്‍ശങ്ങളും റിപ്പോര്‍ട്ടുകളുമാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചും സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്തും അവരെ വേട്ടയാടുന്നതിനു പിന്നിലെന്നാണ് അറിയുന്നത്. സൈനിക പ്രത്യേകാധികാര നിയമം (അഫ്‌സ്പ) മറയാക്കി കശ്മീരില്‍ സുരക്ഷാ സേനയും പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ അരങ്ങേറിയ പ്രക്ഷോഭ വേളയില്‍ നിയമപാലകരും നടത്തിയ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ സംബന്ധിച്ച ആംനസ്റ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ സര്‍ക്കാര്‍ അന്തര്‍ ദേശീയ നിയമങ്ങള്‍ക്കനുസൃതമായി സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടിരുന്നു ആംനസ്റ്റി. ദേശസുരക്ഷയുടെ പേര് പറഞ്ഞ് സൈനികര്‍ ചെയ്യുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മുഖവിലക്കെടുക്കാതിരുന്നാല്‍ അന്തര്‍ ദേശീയ നിയമങ്ങള്‍ മാത്രമല്ല സ്വന്തം ഭരണഘടന നടപ്പാക്കുന്നതില്‍ പോലും പരാജയപ്പെടുമെന്ന് സര്‍ക്കാറിന് അവര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. സി എ എ- എന്‍ ആര്‍ സി വിരുദ്ധ പ്രക്ഷോഭ വേളയില്‍ ഡല്‍ഹിയില്‍ നടന്നത് പോലീസും സംഘ്പരിവാറും ചേര്‍ന്നുള്ള ആസൂത്രിത കലാപമാണെന്ന് തെളിയിക്കുന്നതാണ് ഇതുസംബന്ധിച്ച ആംനസ്റ്റി റിപ്പോര്‍ട്ട്. പോലീസ് സമരക്കാരെ അകാരണമായി മര്‍ദിക്കുകയും തടവുകാരെ പീഡിപ്പിക്കുകയും കലാപത്തില്‍ ഹിന്ദുത്വരോടൊപ്പം പങ്ക് ചേരുകയും ചെയ്തതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ആംനസ്റ്റിയുടെ ഈ റിപ്പോര്‍ട്ടുകളെല്ലാം അതിശയോക്തിപരവും വാസ്തവ വിരുദ്ധവുമാണെന്നാണ് സര്‍ക്കാര്‍ പക്ഷം.

നിയമപാലകരുടെ ചട്ടലംഘനങ്ങള്‍ കണ്ടെത്താന്‍ രാജ്യത്ത് സര്‍ക്കാറിനു കീഴില്‍ തന്നെ മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പല ഘട്ടങ്ങളിലും ഇത്തരം ഭരണഘടനാ സ്ഥാപനങ്ങള്‍ നോക്കുകുത്തികളായി മാറുകയാണ് പതിവ്. ഇവയുടെ തലപ്പത്ത് മിക്കപ്പോഴും ഭരണ മേലാളന്മാരുടെ ഏറാന്‍മൂളികളെയാണ് പ്രതിഷ്ഠിക്കാറുള്ളത്. സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന നിയമപാലകരുടെയും ഉദ്യോഗ വൃന്ദത്തിന്റെയും ചെയ്തികള്‍ കണ്ടില്ലെന്നു നടിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ഈ ഘട്ടങ്ങളില്‍ യാഥാര്‍ഥ്യം പുറത്തു കൊണ്ടുവരുന്നത് ആംനസ്റ്റിയെ പോലുള്ള സ്വതന്ത്ര മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളുമാണ്. മനുഷ്യാവകാശ സംഘടനകളും സത്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന മാധ്യമങ്ങളും ഭരണകൂടത്തിന്റെ വേട്ടയാടലിനു നിരന്തരം വിധേയമാകുന്നത് ഇതുകൊണ്ടാണ്.

ഒരു വ്യക്തിയെയും അന്യായമായി അറസ്റ്റ് ചെയ്യാനോ തടവിലാക്കാനോ പാടില്ലെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം ലോക രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്യുന്നുണ്ട്. അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യവും സമാധാനപരമായി സമ്മേളിക്കുന്നതിനുള്ള സ്വാതന്ത്ര്യവും അത് ഉറപ്പ് നല്‍കുന്നു. ഇത്തരം മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പൊരുതുന്ന ഒരു സ്വതന്ത്ര സംഘടനയാണ് ആംനസ്റ്റി. 1961ല്‍ മനുഷ്യസ്‌നേഹിയായ പീറ്റര്‍ ബെനന്‍ലന്‍ എന്ന ബ്രിട്ടീഷ് അഭിഭാഷകന്‍ രൂപം നല്‍കിയ ഈ സംഘടന കഴിഞ്ഞ ആറ് പതിറ്റാണ്ടായി ലോകത്തുടനീളം സ്തുത്യര്‍ഹമായ സേവനം നടത്തി വരുന്നു. കശ്മീരിലും ഡല്‍ഹി ശഹീന്‍ ബാഗിലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതായി ആംനസ്റ്റി മാത്രമല്ല പറഞ്ഞത്. നിരവധി മാധ്യമങ്ങളും അവിടങ്ങളിലെ ഭരണകൂട ഭീകരത തുറന്നു കാട്ടിയിട്ടുണ്ട്. അതിശയോക്തി പരമായിരുന്നില്ല ആംനസ്റ്റിയുടെ റിപ്പോര്‍ട്ടുകളൊന്നും. അത്തരം റിപ്പോര്‍ട്ടുകളോട് ആരോഗ്യകരമായി പ്രതികരിക്കുകയും തെറ്റുകള്‍ തിരുത്താന്‍ സന്നദ്ധത പ്രകടിപ്പിക്കുകയുമാണ് ജനാധിപത്യ ഭരണകൂടങ്ങള്‍ ചെയ്യേണ്ടത്. ഫാസിസ്റ്റുകളും സ്വേച്ഛാധിപതികളുമാണ് വിയോജിപ്പുകളെ ഭയപ്പെടുന്നത്. ആംനസ്റ്റിയെ പോലുള്ള സ്വതന്ത്ര മനുഷ്യാവകാശ സംഘടനകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ രാജ്യത്തെ ഭരണകൂട ഭീകരത ഇനിയും രൂക്ഷമാകും. സര്‍ക്കാറിന്റെ ആംനസ്റ്റി വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്.

Latest