Connect with us

National

ഹത്രാസ് യുവതിക്കു വേണ്ടി എല്ലാവരും ശബ്ദമുയര്‍ത്തണം, നീതി ലഭിക്കും വരെ പോരാടും: പ്രിയങ്ക

Published

|

Last Updated

ന്യൂഡല്‍ഹി | യു പിയിലെ ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിക്ക് വേണ്ടി എല്ലാവരും ശബ്ദമുയര്‍ത്തണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. യുവതിയുടെ കുടുംബത്തിന് നീതി ലഭിക്കും വരെ പോരാട്ടം തുടരും. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഡല്‍ഹിയിലെ മഹാഋഷി വാത്മീകി ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക.

“ഞങ്ങളുടെ സഹോദരിയാണ് കൊല്ലപ്പെട്ടത്. അവള്‍ക്ക് നീതി ഉറപ്പാക്കുന്നത് വരെ പോരാടും. ലക്ഷ്യം നേടും വരെ നിശബ്ദരായി ഇരിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. സര്‍ക്കാര്‍ കാര്യമായ ഒരു നടപടിയും സ്വീകരിച്ചില്ല. സംസ്‌കാര ചടങ്ങില്‍ പോലും ആ യുവതിക്ക് നീതി ലഭ്യമാക്കിയില്ല. ആ കുടുംബത്തിനെ ഓര്‍ക്കുമ്പോള്‍ നിസ്സഹായത തോന്നുന്നു. സര്‍ക്കാറിനു മേല്‍ കഴിയാവുന്നത്ര രാഷ്ട്രീയ സമ്മര്‍ദം ചെലുത്തും”- പ്രിയങ്ക വ്യക്തമാക്കി.

കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലേക്ക് പോയ പ്രിയങ്കാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വ്യാഴാഴ്ച പോലീസ് തടഞ്ഞ് കൈയേറ്റം ചെയ്യുകയും കരുതല്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അതിനിടെ, ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആര്‍മി ഉള്‍പ്പെടെയുള്ള സംഘടനകല്‍ ഇന്ത്യ ഗേറ്റില്‍ പ്രഖ്യാപിച്ച പ്രതിഷേധ സംഗമം ജന്തര്‍ മന്തറിലേക്ക് മാറ്റി. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്. ഗുജറാത്ത് എം എല്‍ എയും ആക്ടിവിസ്റ്റുമായ ജിഗ്‌നേഷ് മേവാനിയും പ്രതിഷേധ പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.