Kerala
ശസ്ത്രക്രിയയില്‍ പെണ്‍കുട്ടി മരിച്ചെന്ന ആരോപണം; മനോവിഷമത്തിലായ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

കൊല്ലം | താന്‍ നടത്തിയ ശസ്ത്രക്രിയക്കിടെ പെണ്‍കുട്ടി മരിച്ചെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മനോവിഷമത്തിലായ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്്ത നിലയില്‍. കടപ്പാക്കട അനൂപ് ഓര്‍ത്തോ കെയര്‍ ഉടമ ഡോ. അനൂപ് കൃഷ്ണ (37)നെയാണ് വ്യാഴാഴ്ച രാവിലെ കൈഞരമ്പ് മുറിച്ചശേഷം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അനൂപിന്റെ ഓര്‍ത്തോ കെയറില്‍ കാലിന്റെ വളവ് മാറ്റാന്‍ ശസ്ത്രക്രിയ നടത്തിയ എഴുകോണ്‍ മാറനാട് കുറ്റിയില്‍ പുത്തന്‍വീട്ടില്‍ ആദ്യ എസ് ലക്ഷ്മി (ഏഴ്) മരിച്ചിരുന്നു. ശസ്ത്രക്രിയ പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ കുട്ടിക്ക് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശിക്കുകയും ആശുപത്രിയിലെത്തുംമുമ്പ് കുട്ടി മരിക്കുകയുമായിരുന്നു. എന്നാല്‍ ചികിത്സപ്പിഴവുമൂലമാണ് കുട്ടി മരിച്ചതെന്നു കാട്ടി ബന്ധുക്കള്‍ കൊല്ലം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കയായിരുന്നു. കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ ആശുപത്രിയിലെത്താന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ എ പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്.
ഫോണിലൂടെയും അനൂപിനെ പലരും വിളിച്ച് ബുദ്ധിമുട്ടിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. ബുധനാഴ്ചയും ഒരു രാഷ്ട്രീയ നേതാവ് ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടിരുന്നു. ഇതിന് പിന്നാലെ അനൂപിനെ കാണാനില്ലെന്നു കാണിച്ച് കൊല്ലം ഈസ്റ്റ് പോലീസില്‍ ഭാര്യ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അനൂപിനെ രാത്രി വൈകി വര്‍ക്കലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ, താന്‍ വൈകീട്ട് ആശുപത്രിയിലെത്തുമെന്ന് ജീവനക്കാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശമയച്ചിരുന്നു. എന്നാല്‍ ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോട്ടിയം ഹോളി ക്രോസ് ആശുപത്രിയിലെ ഡോ. അര്‍ച്ചന ബിജുവാണ് അനൂപിന്റെ ഭാര്യ. മകന്‍: ആദിത്യകൃഷ്ണ.