Connect with us

Articles

ഇന്ത്യയുടെ ‘ദുര്‍വിധി’

Published

|

Last Updated

നരേന്ദ്ര മോദി ഡല്‍ഹിയിലും യോഗി ആദിത്യനാഥ് യു പിയിലും വാണരുളുന്ന കാലസന്ധിയില്‍ ഇങ്ങനെയൊക്കെയേ സംഭവിക്കുകയുള്ളൂവെന്ന് മനസ്സ് നേരത്തേ മന്ത്രിക്കുന്നുണ്ടായിരുന്നു. ജോലിയില്‍ നിന്ന് വിരമിക്കുന്ന ദിനത്തില്‍ എഴുതപ്പെടുന്ന വിധിന്യായത്തിന്റെ ബലക്ഷയത്തെ കുറിച്ച് പലരും മുമ്പേ അശുഭാപ്തി പ്രകടിപ്പിച്ചതാണ്. എന്നിരുന്നാലും, ബാബരി മസ്ജിദ് ധ്വംസനക്കേസില്‍ ഇമ്മട്ടില്‍ നീതി കാറ്റില്‍ പറത്തി, മുഴുവന്‍ പ്രതികളെയും കുറ്റമുക്തമാക്കുന്ന നടപടി ന്യായാസനത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് സ്വപ്‌നേപി നിനച്ചിരുന്നില്ല. ഇക്കഴിഞ്ഞ നവംബര്‍ ഒമ്പതിന്, മസ്ജിദ് നിലകൊണ്ട സ്ഥലം ക്ഷേത്രം പണിയാന്‍ വിട്ടുകൊടുത്തുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെ കടത്തിവെട്ടുന്നതായി, ലക്‌നൗ സി ബി ഐ ബഞ്ചിന്റെ വിധി. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു ദുരന്തത്തിന്റെ ഉത്തരവാദികളില്‍ ഒരാളെ പോലും ശിക്ഷിക്കാന്‍ നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് സാധിച്ചില്ല എന്ന് വരുമ്പോള്‍, നമ്മുടെ ജനാധിപത്യ ഭരണഘടനാ സംവിധാനത്തിന്റെ അടിബലം എത്ര ദുര്‍ബലമാണെന്ന് ആര്‍ക്കാണ് വിധിയെഴുതാതിരിക്കാന്‍ കഴിയുക. ലോകം മുഴുവന്‍ നോക്കിനില്‍ക്കെ, 2,0000ത്തോളം വരുന്ന അര്‍ധ സൈന്യത്തിന്റെ മുമ്പില്‍ വെച്ച് നടത്തിയ ഹീനമായ നശീകരണത്തിന് ഉത്തരവാദിയായ ഒരാളെ പോലും കണ്ടെത്താന്‍ കോടതിക്ക് സാധിച്ചില്ലെങ്കില്‍ അത് പ്രോസിക്യൂട്ടറുടെ മാത്രം തകരാറ് കൊണ്ടാണെന്ന് കരുതാന്‍ നിവൃത്തിയില്ല. പള്ളി തകര്‍ക്കപ്പെട്ട 1992 ഡിസംബര്‍ ആറിന് വൈകീട്ട് അയോധ്യ പോലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത 197ാം നമ്പര്‍ എഫ് ഐ ആറില്‍ അജ്ഞാതരായ ലക്ഷക്കണക്കിന് കര്‍സേവകര്‍ പള്ളി തകര്‍ത്തതിനെ കുറിച്ചാണ് പറയുന്നത്. 198ാം എഫ് ഐ ആറില്‍ ജനങ്ങളെ ഇളക്കിവിടുന്ന പ്രസംഗത്തിലൂടെ ആരാധനാലയ ധ്വംസനത്തിന് പ്രേരിപ്പിച്ച അഡ്വാനി, ജോഷി, ഉമാഭാരതി, അശോക് സിംഗാള്‍ തുടങ്ങിയ പ്രമുഖരെ പ്രതി ചേര്‍ത്ത് ഈ ദേശീയ ദുരന്തത്തിന്റെ മുഖ്യ ആസൂത്രകരെ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടുന്നുണ്ടായിരുന്നു. പള്ളിയുടെ മുകളില്‍ പിക്കാസും മറ്റുപകരണങ്ങളുമായി കയറി താഴികക്കുടങ്ങള്‍ ഓരോന്നായി തച്ചുതകര്‍ത്തുകൊണ്ടിരുന്നപ്പോള്‍, ആഹ്ലാദം കൊണ്ടാടിയ അഡ്വാനിയുടെയും ജോഷിയുടെയും പിന്നില്‍ തുള്ളിച്ചാടി സാധ്വി ഋതംബര കര്‍സേവകര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന കാഴ്ച ഓര്‍മകളില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. എന്നിട്ടാണ് ഇപ്പോള്‍ സി ബി ഐ കോടതി പറയുന്നത്; ഇരച്ചുകയറിയ പ്രവര്‍ത്തകരെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചതെന്ന്. നേതാക്കള്‍ ആഹ്ലാദപ്രകടനം നടത്തുന്ന ചിത്രങ്ങള്‍ രേഖയായി സ്വീകരിക്കാന്‍ സാധ്യമല്ലത്രെ. ഹിന്ദുത്വവാഴ്ചക്കാലത്ത് സി ബി ഐ കേസ് തെളിയിക്കാന്‍ പരാജയപ്പെടുന്നതിന്റെ പിന്നിലെ കാരണവും യുക്തിയും പരതിപ്പോകേണ്ടതില്ല. ജുഡീഷ്യറിയിലുള്ള അവസാനത്തെ വിശ്വാസവും തകര്‍ന്നടിയുമ്പോള്‍, പൗരന്മാര്‍ നീതിക്കായി ഏത് സ്ഥാപനത്തെയാണ് ഇനി സമീപിക്കേണ്ടത്. ലോകത്തിനു മുന്നില്‍ എങ്ങനെ ഇന്ത്യന്‍ ജുഡീഷ്യറി ഇനി ശിരസ്സുയര്‍ത്തി നില്‍ക്കും?
‘അംനീഷിയ” പിടിപെട്ട
സമൂഹത്തിന്റെ ദൈന്യത
28 വര്‍ഷത്തെ മറവിക്കു ശേഷമാണ് ബാബരി ധ്വംസനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചുള്ള കേസ് വിചാരണാ കോടതിയില്‍ പൂര്‍ത്തിയാകുന്നത് എന്നത് തന്നെ നീതിന്യായ വ്യവസ്ഥയുടെ “കാര്യക്ഷമത”യാണ് എടുത്തുകാണിക്കുന്നത്. രാജ്യത്തിന്റെ മതേതര ഭരണഘടനാ സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച വര്‍ഗീയ ശക്തികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്ന വിഷയത്തില്‍ ഭരണകൂടത്തിനോ ന്യായാസനങ്ങള്‍ക്കോ വലിയ ശുഷ്‌കാന്തി ഉണ്ടായിരുന്നില്ല. 1993ലാണ് യു പി സര്‍ക്കാര്‍ ഈ കേസ് സി ബി ഐയെ ഏല്‍പ്പിക്കുന്നത്. 2001ല്‍ സ്‌പെഷ്യല്‍ സി ബി ഐ കോടതി, അഡ്വാനിയടക്കമുള്ള എട്ട് പ്രമുഖരെ ഗൂഢാലോചനാ കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ, നിയമവൃത്തങ്ങളെ അത്ഭുതപ്പെടുത്തി. 49 പ്രതികളില്‍ അഡ്വാനിയും ജോഷിയും ഉമാഭാരതിയുമടക്കമുള്ള എട്ട് നേതാക്കളെ വിചാരണ ചെയ്തത് സാങ്കേതികമായ പിഴവുള്ള നോട്ടിഫിക്കേഷന്‍ വഴിയാണ് എന്ന കാരണം പറഞ്ഞായിരുന്നു ഈ രക്ഷപ്പെടുത്തല്‍. ആ ഘട്ടത്തില്‍ യു പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗും ശിവസേന നേതാവ് ബാല്‍ താക്കറെയും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. 1997 സെപ്തംബര്‍ ഒമ്പതിനാണ് ഈ 49 നേതാക്കള്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിക്കാന്‍ മതിയായ തെളിവുകളുണ്ടെന്ന് സ്‌പെഷ്യല്‍ സി ബി ഐ കോടതി ചൂണ്ടിക്കാട്ടിയത്. 2004 തൊട്ട് യു പി എ ഭരണത്തിന് തുടക്കം കുറിച്ചെങ്കിലും ബാബരി തകര്‍ത്ത കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ക്കാര്‍ക്കും തോന്നിയിരുന്നില്ല. ഗാന്ധി വധത്തിനു ശേഷം സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ഭയാനകമായ ദുരന്തമെന്ന് കെ ആര്‍ നാരായണന്‍ വിശേഷിപ്പിച്ച പള്ളിയുടെ ധ്വംസനം, ആഗോള സമൂഹത്തിനു മുന്നില്‍ ഇന്ത്യയുടെ യശസ്സ് ഇടിച്ചുതാഴ്ത്തി. രണ്ടാമതിതാ, ആ ചരിത്ര സൗധം ധൂമപടലങ്ങളാക്കിയ കിരാതന്മാരെ മുഴുവന്‍ അഭിഷിക്തരാക്കിയിരിക്കുന്നു കോടതി. തെളിവില്ലത്രെ? പള്ളി തകര്‍ത്തത് ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമല്ല പോലും! താഴികക്കുടത്തില്‍ കയറി നാശം വിതച്ചത് സാമൂഹിക വിരുദ്ധരാണത്രെ. ഈ സാമൂഹിക വിരുദ്ധരുടെ പേരാണോ വി എച്ച് പി, ബജ്റംഗ്്ദൾ എന്നൊക്കെ? രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താനും പ്രത്യയശാസ്ത്ര ശത്രുക്കളുടെ വായടക്കാനും സര്‍വായുധ വിഭൂഷിതരായി അരങ്ങ് വാഴുന്ന സി ബി ഐക്ക് ന്യൂനപക്ഷങ്ങളുടെ ആരാധനാലയം തച്ചുതകര്‍ത്ത കേസില്‍ എന്ത് താത്പര്യമല്ലേ?
വിസ്മൃതിയില്‍ നിന്ന് നരിമാന്‍ പുറത്തെടുത്തത്
പത്ത് കൊല്ലത്തെ യു പി എ ഭരണത്തിനും ഏഴ് കൊല്ലത്തെ എന്‍ ഡി എ ഭരണത്തിനും ശേഷം ബാബരി ധ്വംസനത്തിന്റെ 25ാം വാര്‍ഷികം വന്നുചേര്‍ന്നപ്പോഴാണ് പള്ളി പൊളിച്ചവര്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്ന യാഥാര്‍ഥ്യത്തെ പരമോന്നത നീതിപീഠം അഭിസംബോധന ചെയ്യുന്നത്. ജസ്റ്റീസുമാരായ പി സി ഘോഷിന്റെയും എഫ് നരിമാന്റെയും മുന്നിലെത്തിയ കേസിന്റെ ദുര്‍ഗതി കണ്ട് ആ രണ്ടംഗ ബഞ്ച് സുപ്രധാനമായ ചില കല്‍പ്പനകള്‍ പുറപ്പെടുവിച്ചു. അഡ്വാനി അടക്കമുള്ള എട്ട് നേതാക്കളെ ഗൂഢാലോചനാ കുറ്റത്തില്‍ നിന്ന് മാറ്റിനിറുത്തിയതില്‍ ന്യായമില്ല, അവരെക്കൂടി ഉള്‍പ്പെടുത്തി വിചാരണ ചെയ്യണം. റായ്ബറേലിയിലെ മജിസ്്ട്രേറ്റ് കോടതിയില്‍ ഇഴയുന്ന കേസ് ലക്‌നൗവിലെ സി ബി ഐ കോടതിയിലേക്ക് മാറ്റി രണ്ടും ഒരുമിച്ച്, രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. അതിനിടയില്‍ ജഡ്ജിക്ക് സ്ഥലംമാറ്റം ഉണ്ടാകാന്‍ പാടില്ല. ഈ കേസില്‍ മതേതര ചട്ടക്കൂട് തകര്‍ത്തെറിഞ്ഞ ദുരന്തമുണ്ടാകുന്നത് കാല്‍നൂറ്റാണ്ട് മുമ്പാണ് എന്നത് വിസ്മരിക്കാവതല്ല എന്നും ജസ്റ്റിസ് നരിമാന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.

സുപ്രീം കോടതിയുടെ കര്‍ക്കശമായ നിരീക്ഷണമാണ് 28 വര്‍ഷത്തിനു ശേഷമെങ്കിലും ഈ നിയമലംഘനത്തെക്കുറിച്ച് വിചാരണക്കോടതിക്ക് തീര്‍പ്പ് കല്‍പ്പിക്കാന്‍ സാഹചര്യമൊരുക്കിയത്. പക്ഷേ, നീതിയുടെയോ നിയമത്തിന്റെയോ പ്രഭാവം വിധിയുടെ അടുത്തുകൂടെ കടന്നുപോയില്ല എന്നത് വല്ലാത്ത നിരാശ പടര്‍ത്തുകയാണ്. ബാബരി ദുരന്തത്തിന്റെ അന്തര്‍ നാടകങ്ങള്‍ ലിബര്‍ഹാന്‍ കമ്മീഷനും എണ്ണമറ്റ ആധികാരിക ഗ്രന്ഥങ്ങളും അവതരിപ്പിച്ചതാണ്. 1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ എന്തുസംഭവിച്ചുവെന്ന് അന്വേഷിച്ചു കണ്ടെത്താനാണ് ജസ്റ്റീസ് ലിബര്‍ഹാനെ നരസിംഹ റാവു സര്‍ക്കാര്‍ നിയോഗിക്കുന്നത്. 48 തവണ കാലാവധി നീട്ടി 2009ല്‍ അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ബാബരി തകര്‍ക്കപ്പെട്ടിട്ട് 17 വര്‍ഷം കഴിഞ്ഞിരുന്നു. എന്നിരുന്നാലും ആ റിപ്പോര്‍ട്ട് പഠിച്ചെഴുതിയതായിരുന്നു. പള്ളി പൊളിക്കാന്‍ ആരെല്ലാമാണ് ഗൂഢാലോചന നടത്തിയതെന്നും എവിടെ വെച്ചാണ് പരിശീലനം നല്‍കിയതെന്നും ആരെല്ലാമാണ് സാമ്പത്തിക സഹായം നല്‍കിയതെന്നുമൊക്കെ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. വിനയ് കത്യാര്‍, സമ്പത്ത് റായ് ജെയിന്‍, ആചാര്യ ഗിരിരാജ് കിഷോര്‍, മഹന്ത് വൈദ്യനാഥ്, ഡി ബി റോയ് എന്നിവരാണ് കെട്ടിടം തകര്‍ക്കാന്‍ തുടക്കത്തിലേ രഹസ്യ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നത്. അതിനായി ഉപയോഗിച്ച രീതി, പെട്ടെന്ന് പള്ളിയിലേക്ക് ഇരച്ചാക്രമിക്കുകയും താഴികക്കുടങ്ങളില്‍ ദ്വാരമുണ്ടാക്കി കയറിട്ട് വലിച്ച് പെട്ടെന്ന് താഴെയിടുകയും മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച് ഓടിക്കുകയുമാണെന്ന് ലിബര്‍ഹാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പള്ളി ധ്വംസനത്തിന് ഏതാനും ദിവസം മുമ്പ് ഒരു വിവാഹ സദസ്സില്‍ വെച്ച് പ്രധാനമന്ത്രി പി വി നരസിംഹ റാവു, ആര്‍ എസ് എസ് സര്‍സംഘ് ചാലകിനെ കണ്ട ഉടന്‍ ചിരിച്ചുകൊണ്ട് അടുത്തിരുന്ന് ചോദിച്ചത്രെ; നിങ്ങള്‍ എപ്പോള്‍ പള്ളി പൊളിക്കാനാണ് തീരുമാനിച്ചതെന്ന്. ഡിസംബര്‍ ആറിന് പള്ളി തകര്‍ക്കാന്‍ അഡ്വാനിയും സംഘവും തീരുമാനിച്ചുറപ്പിച്ചതാണ്. സംഘ്പരിവാര്‍ ഗുണ്ടകളെ അതിനായി തയ്യാറാക്കി നിറുത്തിയതുമാണ്. അതിനെ കുറിച്ച് ഒരു വിവരവും പ്രോസിക്യൂഷന്‍ ഹാജരാക്കിയില്ല എന്നാണ് സി ബി ഐ കോടതിക്ക് പറയാനുള്ളതെങ്കില്‍ കോടതി സ്വയം അതിന്റെ മരണ മണി മുഴക്കുകയാണെന്നേ പറയേണ്ടൂ. ഈ ധാര്‍മിക പതനം ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ ജുഡീഷ്യറിയെ നാണം കെടുത്തുമെന്നും മതേതര ജനാധിപത്യ ക്രമത്തിന്റെ അടിത്തറ കെട്ടിപ്പൊക്കിയത് നിഷ്പക്ഷവും നീതിപൂര്‍വകവുമായ ജുഡീഷ്യറിയുടെ മേലാണെന്നും മറക്കാതിരിക്കട്ടെ.