Ongoing News
ലഹരി വസ്തുക്കളുമായി ആറ് മലയാളികള്‍ പിടിയില്‍; കുടുങ്ങിയത് വിദ്യാര്‍ഥികള്‍ക്ക് എം ഡി എം എ ഗുളികകളെത്തിക്കുന്ന സംഘം

ബെംഗളൂരു | കര്‍ണാടകത്തില്‍ ലഹരി വസ്തുക്കളുമായി ആറ് മലയാളികള്‍ പിടിയില്‍. കെ പ്രമോദ്, ഫാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് കേന്ദ്ര ഏജന്‍സിയായ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി)യുടെ ബെംഗളൂരു മേഖലാ ഉദ്യോഗസ്ഥര്‍ രഹസ്യ നീക്കത്തിലൂടെ പിടികൂടിയത്. കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ പതിവായി എം ഡി എം എ ഗുളികകളെത്തിച്ചിരുന്ന സംഘമാണിത്. ബിറ്റ് കോയിനുപയോഗിച്ച് ഡാര്‍ക്ക് വെബ്ബിലൂടെ വാങ്ങിയ 750 എം ഡി എം എ ഗുളികകള്‍ ബെംഗളൂരുവിലെ പോസ്റ്റ് ഓഫീസിലെത്തിയത് കഴിഞ്ഞ ആഗസ്റ്റ് 30നാണ്. പാര്‍സല്‍ സ്വീകരിക്കേണ്ട വ്യക്തിയുടെ കാര്യമായ വിവരങ്ങള്‍ പാര്‍സല്‍ പാക്കറ്റിനു മുകളില്‍ ഉണ്ടായിരുന്നില്ല. ഇതില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്.
സാധാരണ ബ്രൗസറുപയോഗിച്ച് എത്തിപ്പെടാനാകാത്ത ഇന്റര്‍നെറ്റിലെ അധോലോകമാണ് ഡീപ്-ഡാര്‍ക്ക് വെബ്ബ് ഏരിയകള്‍. ലഹരി വസ്തുക്കള്‍ മാത്രമല്ല, പല വസ്തുക്കളുടെയും വില്‍പനയും കൈമാറ്റവും ഇതുവഴി നടക്കുന്നുണ്ട്. സ്വയം വെളിപ്പെടുത്താതെ ഇടപെടാം എന്നുള്ളതാണ് ഡാര്‍ക്ക് വെബ്ബിനെ എല്ലാവര്‍ക്കും സൗകര്യപ്രദമാക്കുന്നത്. ഈ ഡാര്‍ക്ക് വെബ്ബിലൂടെ നെതര്‍ലാന്‍ഡ്സിലെ ഏതോ ലഹരി സംഘത്തില്‍നിന്നാണ് പിടിയിലായ മലയാളി യുവാക്കള്‍ എം ഡി എം എ വാങ്ങിയതെന്ന് വ്യക്തമായിട്ടുണ്ട്. രാജ്യത്തെ വിവിധ വിലാസങ്ങളിലേക്ക് ഇവര്‍ ഇത്തരത്തില്‍ പതിവായി ലഹരി എത്തിച്ചിരുന്നുവെന്ന് എന്‍ സി ബി കണ്ടെത്തിയിട്ടുണ്ട്.