Connect with us

Saudi Arabia

'21ാം നൂറ്റാണ്ടിന്റെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തല്‍'; ജി-20 ഉച്ചകോടി നവംബറില്‍

Published

|

Last Updated

റിയാദ്  |“21ാം നൂറ്റാണ്ടിന്റെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തല്‍” എന്ന ശീര്‍ഷകത്തില്‍ 2020 ലെ ജി-20 ഉച്ചകോടി നവംബറില്‍ സഊദി തലസ്ഥനമായ റിയാദില്‍ നടക്കും. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അദ്ധ്യക്ഷതയില്‍ നവംബര്‍ 21 മുതല്‍ 22 വരെയാണ് പതിനഞ്ചാമത് ജി 20 ഉച്ചകോടി നടക്കുക.

ആഗോളതലത്തില്‍ കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം വിര്‍ച്വല്‍ ഉച്ചകോടിക്കായിരിക്കും സഊദി അറബ്യ ആഥിത്യമരുളുക. 2019 ജൂണില്‍ ജപ്പാനിലെ ഒസാക്കയില്‍ ചേര്‍ന്ന പതിനാലാമത് ഉച്ചകോടിയിലാണ് പതിനഞ്ചാം ഉച്ചകോടി സഊദി അറേബ്യയില്‍ വെച്ച് നടത്താന്‍ ധാരണയായത്. സഊദിയെ പ്രതിനിധീകരിച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആയിരുന്നു ഉച്ചകോടിയില്‍ പങ്കെടുത്തത്

കൊവിഡ് 19 സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തിര ജി-20 അംഗരാജ്യങ്ങളുടെ ഉച്ചകോടി 2020 മാര്‍ച്ചില്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്നിരുന്നു .
ഉച്ചകോടിയുടെ ആഥിത്യം ഏറ്റടുത്ത ശേഷം ഈ വര്‍ഷം നിരവധി ഓണ്‍ലൈന്‍ മീറ്റിംഗുകളും സഊദി അറേബ്യയുടെ അധ്യക്ഷതയില്‍ നടന്നു കഴിഞ്ഞു.

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ഭാഗമായി പ്രതിരോധ മരുന്ന് നിര്‍മ്മാണത്തിനും വിതരണത്തിനുമായി ജി-20 രാജ്യങ്ങള്‍ ഇതിനകം 21 ബില്യണ്‍ ഡോളറാണ് സഹായധനം പ്രഖ്യാപിക്കുകയും, സമ്പദ്വ്യവസ്ഥയുടെ സംരക്ഷത്തിന് പതിനൊന്ന് ട്രില്യണ്‍ ഡോളറുമാണ് സംഭാവന നല്‍കിയത്.

ലോകത്തെ ഏറ്റവും ശക്തരായ രാഷ്ട്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജി 20യില്‍ അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, കൊറിയ, റഷ്യ, സഊദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, ബ്രിട്ടന്‍ , അമേരിക്ക ,യൂറോപ്യന്‍ യൂണിയനും എന്നീ രാജ്യങ്ങളും സ്പെയിന്‍ , ജോര്‍ദാന്‍, സിംഗപ്പൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയുമാണ് അതിഥി രാജ്യങ്ങളായി ഈ വര്‍ഷത്തെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്