Connect with us

Kerala

ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവം: ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

Published

|

Last Updated

കൊച്ചി | ചികിത്സ കിട്ടാത്തതിനാല്‍ ഇരട്ടക്കുട്ടികള്‍ ഗര്‍ഭത്തിലിരിക്കെ മരിച്ച സംഭവത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ഹരജി. അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. അടിയന്തര ഘട്ടങ്ങളില്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കണം, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം എന്നീ ആവശ്യങ്ങളും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

മലപ്പുറം കിഴിശ്ശേരി സ്വദേശിനി സഹലയുടെ ഇരട്ടക്കുട്ടികളാണ് ഗര്‍ഭത്തിലിരിക്കെ മരിച്ചത്. കൊവിഡ് ചികിത്സ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി ഇവര്‍ക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജിനു പുറമെ മറ്റ് നാല് ആശുപത്രികളും ചികിത്സ നിഷേധിച്ചതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ ആര്‍ ടി പി സി ആര്‍ ഫലം വേണമെന്ന് നിര്‍ബന്ധം പിടിച്ചതായും സഹലയുടെ ഭര്‍ത്താവ് ഷെരീഫ് പറയുന്നു.

രണ്ടു ദിവസം മുമ്പാണ് സഹല മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് കൊവിഡ് ചികിത്സ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങിയത്. കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുലര്‍ച്ചെ വീണ്ടും ആശുപത്രിയിലെത്തി. എന്നാല്‍, കൊവിഡ് ചികിത്സ പൂര്‍ത്തിയാക്കിയതിനാല്‍ കൊവിഡ് ആശുപത്രിയായ മഞ്ചേരിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് അധികൃതര്‍ പറയുകയായിരുന്നു. മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് തരണമെന്ന ആവശ്യം അംഗീകരിക്കാനും അധികൃതര്‍ കൂട്ടാക്കിയില്ല. ഉച്ചയോടെ സഹലയെ കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നു. പിന്നീട് ഓമശ്ശേരി ശാന്തി ആശുപത്രിയിലെത്തി. ആര്‍ ടി പി സി ആര്‍ പരിശോധനാ ഫലം കൈവശമുണ്ടെങ്കില്‍ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് അവിടെ നിന്ന് അറിയിച്ചത്. കഴിഞ്ഞ ദിവസം മറ്റ് രണ്ട് സ്വകാര്യ ആശുപത്രികളെ സമീപിച്ചപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചതെന്നും പറയുന്നു. 14 മണിക്കൂര്‍ പിന്നിട്ട് വൈകിട്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

---- facebook comment plugin here -----