ആ മുല്ലപ്പൂവിനും സുഗന്ധമില്ല

മതവും വംശീയതയും തരാതരം ഉപയോഗിച്ച് അടര്‍ത്തി മാറ്റിയ ദക്ഷിണ സുഡാന്‍ സമാധാനമെന്തെന്നറിഞ്ഞിട്ടില്ല. ഇവരുടെ രാഷ്ട്രീയ ഇടപെടല്‍ വടക്കന്‍ സുഡാനെയും ഈ നിലയിലെത്തിക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.
Posted on: September 27, 2020 4:05 am | Last updated: September 26, 2020 at 11:38 pm

വടക്കു കിഴക്കന്‍ ആഫ്രിക്കയിലെ പ്രബല രാജ്യമായ സുഡാന്റെ ഉന്നതതല പ്രതിനിധികള്‍ യു എ ഇയില്‍ ചെന്ന് അമേരിക്കന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് വലിയ പ്രാധാന്യമാണ് മാധ്യമങ്ങള്‍ നല്‍കിയത്. പാശ്ചാത്യശക്തികള്‍ തമ്മിലടിപ്പിച്ച് വെട്ടിമുറിക്കും മുമ്പ് ആഫ്രിക്കയിലെ ഏറ്റവും ശക്തവും സുസ്ഥിരവുമായ രാജ്യമായിരുന്നു സുഡാന്‍. ഇന്ന് അത് വടക്കന്‍ സുഡാന്‍ മാത്രമാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ദക്ഷിണ സുഡാന്‍ പുതിയ രാജ്യമായി പിരിഞ്ഞുപോയി. 2011ലെ ആ മേജര്‍ ഓപറേഷന്റെ മുറിവ് ഇപ്പോഴും കരിഞ്ഞിട്ടില്ല. അതങ്ങനെ വേദന പടര്‍ത്തി ചോരയൊലിപ്പിച്ച് നില്‍ക്കുകയാണ്. ഈ മുറിവ് സൃഷ്ടിച്ചവര്‍ തന്നെയാണ് ഉമര്‍ അല്‍ ബശീര്‍ സ്ഥാനഭ്രഷ്ടനായ ശേഷം സുഡാനില്‍ ഇടപെടുന്നത്. യു എ ഇയില്‍ അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച ഒരുക്കുന്നതും ഇസ്‌റാഈലുമായി നയതന്ത്ര ബന്ധത്തിന് കളമൊരുക്കുന്നതും ഇതേ ശക്തികള്‍ തന്നെ. മതവും വംശീയതയും തരാതരം ഉപയോഗിച്ച് അടര്‍ത്തി മാറ്റിയ ദക്ഷിണ സുഡാന്‍ സമാധാനമെന്തെന്നറിഞ്ഞിട്ടില്ല. പാശ്ചാത്യ ശക്തികളുടെ ഇടപെടല്‍ രാഷ്ട്രീയം വടക്കന്‍ സുഡാനെയും ഈ നിലയിലെത്തിക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

കഴിഞ്ഞ വര്‍ഷം പ്രസിഡന്റ്ഉമര്‍ അല്‍ ബശീറിനെ സ്ഥാനഭ്രഷ്ടനാക്കുകയും കേണല്‍ ഔഫിന്റെ നേതൃത്വത്തില്‍ സൈന്യം ഭരണം പിടിക്കുകയും ചെയ്തതിന് പിറകേ നിലവില്‍വന്ന പരമാധികാര സമിതിയുടെ തലവന്‍ ജനറല്‍ ഫത്താഹ് അല്‍ ബുര്‍ഹാനാണ് യു എ ഇ നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്തുകടക്കുന്നത് സംബന്ധിച്ചും സുഡാനിലെ വിവിധ രാഷ്ട്രീയ പ്രതിസന്ധികളെ കുറിച്ചും ചര്‍ച്ച നടന്നു. തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സുഡാനെ നീക്കുക, രാജ്യത്തെ രാഷ്ട്രീയ പരിവര്‍ത്തനത്തെ പിന്തുണക്കുക, അമേരിക്ക നല്‍കിയ കടങ്ങള്‍ എഴുതിത്തള്ളുക എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി സുഡാന്‍ നീതിന്യായ മന്ത്രി നാസറുദ്ദീന്‍ അബ്ദുൽ ‍ബാരി യു എസ് നേതാക്കളെയും കണ്ടു. യു എസ് മുഖാന്തരം യു എ ഇയും ബഹ്‌റൈനും ഇസ്‌റാഈലുമായി നടത്തിയ ചര്‍ച്ചകളും കരാറും നിര്‍ണായകമായിരുന്നു. ഇതിന് സമാനമായി സുഡാനും ഇസ്‌റാഈലുമായുള്ള നയതന്ത്രബന്ധം സാധ്യമാക്കുന്നതിന് സുഡാന്‍ തയ്യാറാകുമോയെന്നാണ് വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. ഇസ്‌റാഈലുമായി കൂടുതല്‍ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ നയതന്ത്രബന്ധം സാധ്യമാക്കണമെന്ന് യു എസ് പ്രസിഡന്റ്ഡൊണാള്‍ഡ് ട്രംപിന് അതിയായ ആഗ്രഹമുണ്ട്. മൂന്ന് ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം അനുവദിക്കുകയും കടങ്ങള്‍ എഴുതിത്തള്ളുകയും തീവ്രവാദിപ്പട്ടികയില്‍ നിന്ന് നീക്കുകയും ചെയ്താല്‍ ഇസ്‌റാഈലുമായി സൗഹൃദമാകാമെന്നാണ് സുഡാന്‍ നേതൃത്വത്തിന്റെ നിലപാട്. ഇസ്‌റാഈലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ തയ്യാറായാല്‍ തീവ്രവാദി പട്ടികയില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കുമെന്ന് പുതിയ ഭരണനേതൃത്വം കരുതുന്നു. വേര്‍പിരിഞ്ഞുപോയ ദക്ഷിണ സുഡാന് ജൂതരാഷ്ട്രവുമായി നയതന്ത്ര ബന്ധമുണ്ട്.

അധികാരമേറ്റത് മുതല്‍ സുഡാനിലെ പരിവര്‍ത്തന സർക്കാര്‍ യു എസ് തീവ്രവാദ പട്ടികയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുകയാണ്. ഈ പട്ടികയിലുള്‍പ്പെട്ടതുകൊണ്ട് രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ആവശ്യമായ വായ്പകള്‍ക്ക് രാജ്യത്തെ അയോഗ്യരാക്കുകയും വിദേശ നിക്ഷേപം പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ആഴമേറിയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ളതിനാല്‍ അധികൃതര്‍ ഇപ്പോള്‍ സമ്മര്‍ദത്തിലാണ്. ചിത്രം വ്യക്തമാണ്. ഉപരോധം ശക്തമാക്കി സുഡാനെ വരുതിയിലാക്കാനുള്ള ശ്രമം വിജയം കാണുന്നുവെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. ഇനി പ്രകൃതി വിഭവങ്ങളിലേക്കും എണ്ണ ശുദ്ധീകരണ സംവിധാനമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളിലേക്കും പാശ്ചാത്യര്‍ ലാഭക്കണ്ണോടെ നുഴഞ്ഞുകയറും. എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ കുത്തിത്തിരിപ്പിലൂടെ രാജ്യം ശിഥിലമാക്കും. ബശീറിന്റെ കാലത്ത് വേരുറപ്പിച്ച തീവ്രവാദ ഗ്രൂപ്പുകള്‍ ഇസ്‌റാഈല്‍ ബാന്ധവം ഉയര്‍ത്തിക്കാട്ടി കൂടുതല്‍ ആളുകളെ കൂട്ടും. സംഘര്‍ഷം വിതക്കും.

ALSO READ  സാമ്പത്തിക പതനം പാർലിമെന്റ് ചർച്ച ചെയ്യണം

നൈല്‍ നദിക്കരയിലെ അത്ബാറയില്‍ കഴിഞ്ഞ വര്‍ഷാരംഭത്തില്‍ നാന്ദികുറിച്ച ചെറു സമരമാണ് സുഡാനില്‍ ഭരണമാറ്റത്തിന് വഴിവെച്ചത്. “ഖുബ്ബൂസ്’ വിപ്ലവമെന്നാണ് ചിലര്‍ വിളിച്ചത്. മുല്ലപ്പൂ വിപ്ലവത്തിന്റെ തുടര്‍ച്ചയെന്ന് മറ്റ് ചിലര്‍. ഇസ്‌ലാമിസ്റ്റ്‌ വിരുദ്ധ മുന്നേറ്റമെന്ന് പിന്നെ ഒരു കൂട്ടര്‍. അവശ്യവസ്തുക്കളുടെ വിലക്കയറ്റമായിരുന്നു പ്രധാന പ്രശ്‌നമെന്ന നിലയില്‍ ഈ ജനകീയ പ്രക്ഷോഭത്തെ ഖുബ്ബൂസ് വിപ്ലവമെന്ന് വിളിക്കാം. ഇസ്‌ലാമിന്റെ രാഷ്ട്രീയപ്രയോഗത്തെ തെറ്റായി വ്യാഖ്യാനിച്ച് കേവല മതരാഷ്ട്രവാദം ഉയര്‍ത്തുന്നവര്‍ ബശീറിന് ഇസ്‌ലാമിസ്റ്റ് പട്ടം നല്‍കിയതിനാല്‍ ഇസ്‌ലാമിസ്റ്റ് വിരുദ്ധ പ്രക്ഷോഭമായും സുഡാനിലെ സമരത്തെ കാണാം. ടുണീഷ്യയിലെ സൈനുല്‍ ആബിദീന്‍ ബിന്‍ അലി, ഈജിപ്തിലെ ഹുസ്‌നി മുബാറക്, ലിബിയയിലെ മുഅമ്മര്‍ ഗദ്ദാഫി, യമനിലെ അലി അബ്ദുല്ല സ്വലാഹ് തുടങ്ങിയവരെ സിംഹാസനങ്ങളില്‍ നിന്നിറക്കിയ പ്രക്ഷോഭ പരമ്പരയെ മുല്ലപ്പൂ വിപ്ലവമെന്ന് വിളിക്കാമെങ്കില്‍ സുഡാനില്‍ നടന്നതിനെ ആ ഗണത്തില്‍ പെടുത്തുകയുമാകാം.

നാമമാത്രമായ ബഹുകക്ഷി സംവിധാനമുള്ള സുഡാനിലെ ഈ പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ പ്രതിപക്ഷം ഉണ്ടായിരുന്നില്ല. വ്യവസ്ഥാപിത നേതൃത്വമുണ്ടായിരുന്നില്ല. അധ്യാപകര്‍, അഭിഭാഷകര്‍, പ്രൊഫഷനലുകള്‍ തുടങ്ങി സമൂഹത്തിലെ “എലൈറ്റ്‌സ്’ എന്ന് വിളിക്കാവുന്നവരാണ് പ്രക്ഷോഭം തുടങ്ങിയത്. എന്നാല്‍, അവരുന്നയിച്ച വിഷയം എല്ലാവരെയും തൊടുന്നതായിരുന്നു. ഗോതമ്പിനും മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കുമുള്ള രൂക്ഷമായ വിലക്കയറ്റമാണ് അവര്‍ ഉയര്‍ത്തിക്കാട്ടിയത്. ആശയ പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങള്‍ വലിയ പങ്കുവഹിച്ചു. പ്രധാന നഗരങ്ങളെല്ലാം സമരഭരിതമായത് പൊടുന്നനെയായിരുന്നു. ജനപിന്തുണ ഏറിയേറിവന്നു. അടിച്ചമര്‍ത്താന്‍ ആദ്യം പോലീസിനെയും പിന്നെ പട്ടാളത്തെ തന്നെയും ഇറക്കുകയെന്ന വലിയ വിഡ്ഢിത്തമാണ് ബശീര്‍ കാണിച്ചത്.

ഒടുവില്‍ സ്ഥാനത്യാഗം മാത്രമേ വഴിയുള്ളൂവെന്ന ഘട്ടമെത്തി. ഈ നിര്‍ണായക സന്ധിയില്‍ ചരിത്രത്തിന്റെ ആവര്‍ത്തനം സംഭവിച്ചു. സൈന്യം ഇടപെട്ടു. ബശീറിനെ പുറത്താക്കി അധികാരം പിടിച്ചു. പ്രതിരോധ മന്ത്രി കേണല്‍ അവദ് ഇബ്‌നു ഔഫിന്റെ നേതൃത്വത്തിലുള്ള മിലിറ്ററി കൗണ്‍സില്‍ ഭരണം തുടങ്ങുകയും ചെയ്തു. 1989 മുതല്‍ അധികാരത്തിലിരിക്കുന്ന ബശീര്‍ തടങ്കലിലായി. ഭരണമാറ്റം സംഭവിച്ചുവെന്നല്ലാതെ തെരുവിലിറങ്ങിയ മനുഷ്യര്‍ ഉന്നയിച്ച ഒരു ലക്ഷ്യവും നേടിയിട്ടില്ല. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താനുതകുന്ന ഭരണക്രമത്തിനാണ് അവര്‍ ദാഹിച്ചത്. ബശീറിനെ സ്ഥാനഭ്രഷ്ടമാക്കുകയെന്നത് അതിന്റെ മാര്‍ഗം മാത്രമായിരുന്നു.

പരിവര്‍ത്തന സര്‍ക്കാര്‍ രാജ്യം ഭരിക്കുമ്പോഴും ആഭ്യന്തര പ്രതിസന്ധികള്‍ക്ക് ഒരു അയവും വന്നിട്ടില്ല. ദാരിദ്ര്യവും തൊഴിലില്ലായ്മയും അതേനിലയില്‍ തുടരുന്നു. ശക്തമായ സിവിലിയന്‍ സര്‍ക്കാറിന്റെ അഭാവം പ്രശ്‌നങ്ങളെ കൂടുതല്‍ രൂക്ഷമാക്കുന്നു. സൈന്യത്തിന്റെ കൈയില്‍ തന്നെയാണ് ഇപ്പോഴും അധികാരം ഇരിക്കുന്നത്. തെരുവില്‍ ജീവന്‍ ബലിയര്‍പ്പിച്ച മനുഷ്യര്‍ ആഗ്രഹിച്ചത് ഇങ്ങനെയൊരു സുഡാന്‍ ആയിരുന്നില്ല. ഐ എം എഫിന്റെയും ലോകബേങ്കിന്റെയും തീട്ടൂരങ്ങള്‍ക്ക് വഴങ്ങിയ ബശീറിനെയാണ് അവര്‍ പുറത്താക്കിയത്. അധികാര ദുര്‍വിനിയോഗത്തെയാണ് അവര്‍ ചോദ്യം ചെയ്തത്. ഇപ്പോള്‍ പാശ്ചാത്യര്‍ വെച്ചുനീട്ടുന്ന സാമ്പത്തിക സഹായത്തിനായി കാത്തുകെട്ടിക്കിടക്കുകയാണ് പുതിയ നേതൃത്വം.

പരിവര്‍ത്തന സര്‍ക്കാറിന് ശക്തി പകരണം എന്ന ജനറല്‍ ബുര്‍ഹാന്റെ ആവശ്യം അമേരിക്ക ചെവികൊള്ളുന്നെങ്കില്‍ അര്‍ഥമെന്താണ്? സുഡാനില്‍ അടുത്ത കാലത്തൊന്നും സിവിലിയന്‍ സര്‍ക്കാര്‍ വരാന്‍ പോകുന്നില്ല. വിപ്ലവത്തിന്റെ കാവല്‍ക്കാരാണ് ഞങ്ങളെന്നാണ് സൈന്യം പറയുന്നത്. ഇത് വിശ്വസിക്കാന്‍ കൂട്ടാക്കാത്ത പ്രക്ഷോഭകര്‍ വീണ്ടും തെരുവിലിറങ്ങിയപ്പോള്‍ സൈന്യം ക്രൂരമായി അടിച്ചമര്‍ത്തി. നിരവധി പേര്‍ വെടിയേറ്റ് മരിച്ചു. ബശീറിനെ പുറത്താക്കിയത് കൊണ്ട് എന്ത് നേടിയെന്ന് അവര്‍ സ്വയം ചോദിക്കുന്നു, ഈജിപ്തിലെ തഹ്‌രീര്‍ ചത്വരത്തില്‍ രാത്രിയെ പകലാക്കിയവരെപ്പോലെ. അങ്ങനെ ഒരു മുല്ലപ്പൂവ് കൂടി വാടിക്കരിയുന്നു, സുഗന്ധരഹിതമാകുന്നു.

ALSO READ  ഫാസിസത്തിനെതിരായ സാധ്യതകള്‍