Connect with us

Editorial

കേരളം അതീവ ഗുരുതരാവസ്ഥയിലേക്ക്

Published

|

Last Updated

കൊവിഡ് 19 വ്യാപനത്തില്‍ അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ് കേരളം. ആരോഗ്യ രംഗത്ത് കൈവരിച്ച മികച്ച പുരോഗതിയുടെ ബലത്തില്‍ സംസ്ഥാനത്ത് കൊവിഡിനെ പിടിച്ചു കെട്ടാനാകുമെന്ന പ്രതീക്ഷ തകര്‍ത്തുകൊണ്ട് രൂക്ഷമായ രോഗവ്യാപനത്തിന്റെ വിവരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച 2,910 രേഖപ്പെടുത്തിയ രോഗികളുടെ എണ്ണം ചൊവ്വാഴ്ച 4,125ലേക്കും ബുധനാഴ്ച 5,376ലേക്കും വ്യാഴാഴ്ച 6,324ലേക്കും ഉയര്‍ന്നു. ഇന്നലെ 6,477 പേര്‍ക്കും രോഗം ബാധിച്ചു. വൈറസ്ബാധിതരുടെയും ആശുപത്രിയില്‍ കഴിയുന്നവരുടെയും ടെസ്റ്റിലൂടെ കണ്ടെത്തുന്ന രോഗബാധിതരുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ കൂടി. നൂറ് പേരുടെ പരിശോധനയില്‍ കണ്ടെത്തുന്ന പോസിറ്റീവ് കേസുകളുടെ എണ്ണം കേരളത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ 10.27 ശതമാനമാണ്. ദേശീയ ശരാശരി 8.97ഉം. മെയ് ആദ്യത്തില്‍ ദിവസങ്ങളോളം ഒരൊറ്റ പോസിറ്റീവും റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന അവസ്ഥയില്‍ നിന്നാണ് ഈ കുതിച്ചു ചാട്ടം. സംസ്ഥാനത്ത് ഇന്നലെ വരെ മൊത്തം രോഗബാധിതരുടെ എണ്ണം 1,60,933 ആണ്. 1,11,331 പേര്‍ക്കാണ് രോഗമുക്തി. 48,892 പേര്‍ ചികിത്സയിലുണ്ട്.

പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്നതനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകരിലും രോഗപ്പകര്‍ച്ച വര്‍ധിക്കുന്നുവെന്നത് കൂടുതല്‍ ഉത്കണ്ഠക്കിടയാക്കുന്നു. സെപ്തംബര്‍ ഒന്ന് മുതല്‍ 24 വരെയായി 1,652 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മരണപ്പെടുകയും ചെയ്തു. ആശുപത്രി ജീവനക്കാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങി എല്ലാ തലങ്ങളിലെയും ആരോഗ്യ പ്രവര്‍ത്തകരിലുമുണ്ട് രോഗവ്യാപനമെങ്കിലും ഡോക്ടര്‍മാരും നഴ്‌സുമാരുമാണ് രോഗബാധിതരാകുന്നതില്‍ കൂടുതല്‍. സെപ്തംബറില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 2.2 ശതമാനവും ആരോഗ്യ പ്രവര്‍ത്തകരിലാണ്. ഇത് ചികിത്സാ മേഖലയുടെ കാര്യക്ഷമതയെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്.

ഇന്ത്യയില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിലാണ്. എന്നിട്ടും സംസ്ഥാനം സ്വീകരിച്ച മുന്‍കരുതലിനെ തുടര്‍ന്ന് തുടക്കത്തില്‍ കൊവിഡിനെ പിടിച്ചു കെട്ടുന്നതില്‍ സംസ്ഥാനം വിജയിച്ചു. ശക്തമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലൂടെയും ബ്രേക്ക് ദ ചെയിന്‍ പോലുള്ള ക്യാമ്പയിനുകളിലൂടെയുമാണ് ആരോഗ്യ വകുപ്പ് ഈ നേട്ടം കൈവരിച്ചത്. പ്രതിരോധ പ്രവര്‍ത്തന രംഗത്തെ കേരളത്തിന്റെ ഈ നേട്ടങ്ങള്‍ ആഗോള ശ്രദ്ധ തന്നെ പിടിച്ചു പറ്റി. ഗാര്‍ഡിയന്‍, ബി ബി സി, വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ അന്തര്‍ദേശീയ മാധ്യമങ്ങളിലും ഐക്യരാഷ്ട്ര സഭയിലും ഇത് പരാമര്‍ശിക്കപ്പെട്ടു. എന്നാല്‍ കേരളീയര്‍ തുടക്കത്തില്‍ കാണിച്ച ജാഗ്രതക്കും മുന്‍കരുതലിനും അല്‍പ്പായുസ്സേ ഉണ്ടായുള്ളൂ. മെയ് തുടക്കത്തോടെ രോഗബാധ ഏറെക്കുറെ നിയന്ത്രണ വിധേയമായി എന്നൊരു ധാരണ പരന്നതോടെ സോപ്പിട്ട് കൈ കഴുകലും സാനിറ്റൈസര്‍ ഉപയോഗവും മാസ്‌ക് ധരിക്കലും സാമൂഹിക അകല പാലനവുമെല്ലാം പോലീസ് നടപടിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപായങ്ങള്‍ മാത്രമായി ജനങ്ങളില്‍ വലിയൊരു വിഭാഗത്തിനും. പരിശോധനാ കിറ്റുകളുടെ ദൗര്‍ലഭ്യതയും പ്രതിസന്ധി സൃഷ്ടിച്ചു. വിവാഹം, മരണാനന്തര ചടങ്ങുകള്‍, ആഘോഷ വേളകള്‍, രാഷ്ട്രീയ സമരങ്ങള്‍ തുടങ്ങിയവയില്‍ ആദ്യ ഘട്ടത്തില്‍ പാലിച്ചിരുന്ന നിയന്ത്രണങ്ങള്‍ പിന്നീട് കുറഞ്ഞു വരികയും ചെയ്തു. പല പ്രദേശങ്ങളും പുതിയ കൊവിഡ് ക്ലസ്റ്റര്‍ ആയി മാറിയതിന്റെ കാരണം വിവാഹ, മരണാനന്തര ചടങ്ങുകളായിരുന്നു. ഓണാഘോഷ വേളയില്‍ നിയന്ത്രണങ്ങളിലുണ്ടായ വീഴ്ചകള്‍ രോഗപ്രതിരോധത്തില്‍ വലിയ വിള്ളല്‍ സൃഷ്ടിച്ചതായി ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ക്കായിരുന്നു ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഇപ്പോള്‍ കേരളത്തിനകത്തുള്ളവര്‍ക്കു തന്നെയാണ് കൂടുതലായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സാമൂഹിക അകല പാലനത്തിലും മറ്റു മുന്‍കരുതലിലും വരുത്തുന്ന വീഴ്ചയെ തുടര്‍ന്ന് സമ്പര്‍ക്കത്തിലൂടെയാണ് ഈ രോഗവ്യാപനം സംഭവിക്കുന്നത്.

രോഗവ്യാപനത്തിന്റെ കാല ദൈര്‍ഘ്യവും ഇതിനൊരു കാരണമാണ്. സാധാരണ പകര്‍ച്ച വ്യാധികള്‍ ആഴ്ചകള്‍ മാത്രമാണ് നീണ്ടുനില്‍ക്കുക. അതിനകം രോഗവ്യാപനം തടയാനാകാറുണ്ട്. നിപ്പാ രോഗബാധ കേവലം ഒരു മാസമാണ് നീണ്ടുനിന്നത്. എന്നാല്‍ സംസ്ഥാനത്ത് കൊവിഡ് ബാധ തുടങ്ങി എട്ട് മാസം പിന്നിട്ടു. ഈ വര്‍ഷാവസാനത്തോടെ മാത്രമേ രോഗ നിയന്ത്രണം കൈവരിക്കാന്‍ കഴിയൂ എന്നാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം. ഇതോടെ എത്രകാലം ഇനിയും നിയന്ത്രണങ്ങള്‍ പാലിച്ച് ജീവിക്കാനാകുമെന്ന ചിന്ത ജനങ്ങളില്‍ ഉടലെടുത്തു. മാത്രമല്ല, പ്രായമായവരിലും മറ്റു മാരക രോഗബാധിതരിലുമാണ് വൈറസ് ബാധക്ക് സാധ്യത കൂടുതലെന്ന റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന്, രോഗം തങ്ങളെ ബാധിക്കാനിടയില്ലെന്നൊരു മിഥ്യാധാരണ യുവ സമൂഹത്തെ ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം വര്‍ധിക്കുന്നതിന് ഇതൊരു മുഖ്യ കാരണമാണ്.

രോഗവ്യാപനം ഇതേ രീതിയില്‍ തുടര്‍ന്നാല്‍ നിലവിലുള്ള ചികിത്സാ കേന്ദ്രങ്ങളും വെന്റിലേറ്റര്‍ പോലുള്ള ഉപകരണങ്ങളും മറ്റു ആരോഗ്യ സംവിധാനങ്ങളും മതിയാകാതെ വരികയും സംസ്ഥാനം ഗുരുതര പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും ചെയ്യും. മാസങ്ങളായി രോഗചികിത്സാ രംഗത്തും പ്രതിരോധ രംഗത്തും അക്ഷീണമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മനോനിലയെയും കര്‍മശേഷിയെയും ഇത് ബാധിക്കും. വരാനിരിക്കുന്ന നാളുകള്‍ വന്നതിനേക്കാള്‍ ഭീതിദമായിരിക്കുമെന്നും സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങള്‍ കൈവിട്ടു പോകുകയാണെന്നും മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും രോഗബാധയും മരണ നിരക്കും ഉയര്‍ന്നപ്പോള്‍ കേരളത്തിന് പിടിച്ചു നില്‍ക്കാനായത് ജനങ്ങളുടെ ജാഗ്രത കൊണ്ടും കൂട്ടായ പ്രവര്‍ത്തനം കൊണ്ടുമാണെന്ന കാര്യം സമൂഹം മറന്നു പോകരുത്. സര്‍ക്കാറോ ആരോഗ്യ മേഖലയോ മാത്രം വിചാരിച്ചാല്‍ നിയന്ത്രിക്കാനാകുകയില്ല ഇപ്പോഴത്തെ വ്യാപനം. സമൂഹത്തിന്റെ ജാഗ്രതയും സഹകരണവും കൂടി ആവശ്യമാണ്.

Latest