Connect with us

Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; പോലീസ് അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി

Published

|

Last Updated

പത്തനംതിട്ട | പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിറങ്ങിയെങ്കിലും പോലീസ് അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍. കേസിലെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള കേസ് ഡയറിയാകും സി ബി ഐ സംഘത്തിനു കൈമാറുക. ഇതിന്റെ ഭാഗമായി തെളിവെടുപ്പുകള്‍ തുടരുകയാണ്. സിബിഐ സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ഐജി ഹര്‍ഷിത അട്ടല്ലൂരിയാണ് പോപ്പുലര്‍ തട്ടിപ്പു കേസിലും അന്വേഷണച്ചുമതല വഹിക്കുന്നത്.

ഐജിയുടെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള നടപടികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. കേസിന്റെ അന്താരാഷ്ട്ര ബന്ധം കൂടി പരിഗണിച്ചും വിവിധ കമ്പനികളിലൂടെ ഇവര്‍ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ കണക്കിലെടുത്തുമാണ് അന്വേഷണം സിബിഐയെ ഏല്പിക്കണമെന്ന തീരുമാനത്തിലെത്തിയത്. ഹൈക്കോടതിയും ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. കേസിലെ അഞ്ചാംപ്രതിക്കു കൊവിഡ് ബാധിച്ചതിനാല്‍ റിമാന്‍ഡിലുള്ള അഞ്ചുപേരെയും ഒന്നിച്ചിരുത്തി അന്വേഷണസംഘം ചോദ്യം ചെയ്തിട്ടില്ല.

നിര്‍ണായകമായ പല വിവരങ്ങളും അഞ്ചുപേരെയും ഒന്നിച്ചു ചോദ്യം ചെയ്താല്‍ ലഭിക്കാമായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തണമോയെന്ന വിഷയത്തിലും അന്തിമ തീരുമാനമായിട്ടില്ല. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതേവരെ നല്ലരീതിയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും എസ്പി വ്യക്തമാക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശത്തു പണമിടപാട് നടന്നിട്ടുണ്ട്. ഒരു ഡിവൈഎസ്പി ഇക്കാര്യത്തില്‍ പ്രഥമികാന്വേഷണം നടത്തി. വിശദമായ വിവരങ്ങള്‍ തേടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമായി 2000 കോടി രൂപയുടെ നിക്ഷേപതട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതികള്‍ അറസ്റ്റിലാകുന്നതിനു മുമ്പുള്ള ദിവസങ്ങളില്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന പണം അടക്കമുള്ളവ കൈമാറിയതു സംബന്ധിച്ച രേഖകള്‍ പോലീസിനു ലഭ്യമായിട്ടുണ്ടെന്നാണ് സൂചന. ഉടമ തോമസ് ഡാനിയേല്‍, ഭാര്യ പ്രഭ എന്നിവര്‍ പോലീസില്‍ കീഴടങ്ങുന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ നടത്തിയ ഈ സാമ്പത്തിക ഇടപാടുകള്‍ നിര്‍ണായകമാണ്. ഇതുസംബന്ധിച്ച് പ്രതികളെ ഒന്നച്ചിരുത്തി ചോദ്യംചെയ്യുന്നതിലൂടെ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് കരുതുന്നു. വിവിധ ശാഖാ മാനേജര്‍മാര്‍, ഫിനാന്‍സിന്റെ തലപ്പത്തുണ്ടായിരുന്ന ചില ഉദ്യോഗസ്ഥര്‍ എന്നിവരുടെ പങ്കാളത്തം പോലീസ് അന്വേഷിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest