Connect with us

Ongoing News

40,000 പാട്ടുകൾ, ഒറ്റ ദിനം കൊണ്ട് 21 പാട്ട്; റെക്കോർഡുകളുടെ എസ് പി ബി കാലം

Published

|

Last Updated

ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. പരമ്പരാഗതരീതിയിൽ പാട്ട് ചൊല്ലിക്കൊടുത്ത ഗുരുവില്ല. സംഗീതപാരമ്പര്യവുമില്ല. എങ്കിലും സംഗീത ലോകത്തെ അത്ഭുത പ്രതിഭാസമായി മാറുകയായിരുന്നു എസ് പി ബി എന്ന മൂന്നക്ഷരം. തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെത്. സിനിമാ പിന്നണി ഗായകന്‍, നടന്‍, സംഗീത സംവിധായകന്‍, സിനിമാ നിര്‍മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളിൽ തിളങ്ങി.
1966–ൽ തെലുങ്ക് ചിത്രം ‘ശ്രീ ശ്രീ മരയത രാമണ്ണ‘ യിൽ പാടിക്കൊണ്ടാണ് എസ് പി ബിയുടെ അരങ്ങേറ്റം. പിന്നീട് അഞ്ച് പതിറ്റാണ്ടു കാലം സംഗീത ലോകത്തെ റെക്കോർഡുകൾക്കൊപ്പമായിരുന്നു  എസ് പി ബിയുടെ സഞ്ചാരം. റെക്കോഡുകളുടെ പെരുമഴയാണ് എസ് പി ബിയുടെ പേരിൽ. 16 ഭാഷകളിലായി ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടി റിക്കോർഡ് ചെയ്തതിന്റെ ഗിന്നസ് റെക്കോർഡ്– 40,000 പാട്ടുകൾ! ഇന്ത്യന്‍ സിനിമാ ചരിത്രത്തിൽ ഇതിന്റെ സമീപത്ത് പോലുമെത്തുന്ന മറ്റൊരു ഗായകനില്ല. അപാരമായ ശ്വസനക്ഷമതകൊണ്ടാകണം ഒരുദിവസം ഏറ്റവുംകൂടുതല്‍ പാട്ടുകള്‍ റെക്കോഡ് ചെയ്ത ഗായകനാവാൻ എസ് പി ബിക്ക് കഴിഞ്ഞത്. ഇരുപത്തിയൊന്ന് പാട്ടുകൾ.  1981 ല്‍ കന്നഡ സംവിധായകന്‍ ഉപേന്ദ്രക്കുവേണ്ടിയായിരുന്നത്. ഫെബ്രുവരി എട്ട് രാവിലെ ഒമ്പത്  മുതൽ  രാത്രി ഒമ്പത് വരെയുള്ള 12 മണിക്കൂറിലാണ്  ബെംഗളൂരുവിലെ ഒരു സ്റ്റുഡിയോയിൽ ഈ പാട്ടുകൾ റിക്കോർഡ് ചെയ്തത്.  തമിഴില്‍ 19 പാട്ടും ഹിന്ദിയില്‍ 16 പാട്ടും ഇതുപോലെ ഒരൊറ്റദിനം റിക്കോർഡ് ചെയ്ത് റെക്കോർഡ് സ്വന്തമാക്കി. ദിവസം ശരാശരി മൂന്നു പാട്ട്  എന്നതായിരുന്നു എസ്പിബിയുടെ കണക്ക്. 15 വരെയൊക്കെ നീളുന്നത് സാധാരണം.
[irp]

നാലു ഭാഷകളിലായി ആറ് ദേശീയ പുരസ്‌കാരം ലഭിച്ചു. 1980ല്‍ ശങ്കരാഭരണത്തിലൂടെ ആദ്യ ദേശീയ പുരസ്‌കാരം എസ്പിബിയെ തേടിയെത്തി.  തൊട്ടടുത്ത വർഷവും പുരസ്കാരം. പിന്നീട് അഞ്ച് തവണകൂടി ദേശീയ പുരസ്‌കാരം നേടി. സര്‍ക്കാരിന്റെ നന്ദി അവാര്‍ഡ് എസ് പി ബി 24 വട്ടം നേടി.

മികച്ച ഗായകനുളള ദേശീയ അവാര്‍ഡുകള്‍

  • ശങ്കരാഭരണം (1980-തെലുങ്ക്)
  • ഏക് ദൂജേ കേലിയേ (1981-ഹിന്ദി)
  • സാഗര സംഗമം (1983-തെലുങ്ക്)
  • രുദ്രവീണ (1988-തെലുങ്ക്)
  • സംഗീതസാഗര ഗണയോഗി പഞ്ചാക്ഷര ഗവായ് (1995-കന്നഡ)
  • മിന്‍സാര കനവ് (1996-തമിഴ്)

എന്‍ജിനീയറിങ് പഠനത്തിനായി ചെന്നൈയിലെത്തിയതിനു പിന്നാലെ   ഇളയരാജയും ഗംഗൈ അമരനും എസ് പി ബിയെ തമിഴകത്തേക്ക് വരവേറ്റു.   ഇവർ ചേർന്ന് തമിഴില്‍ സൃഷ്ടിച്ചത് എക്കലാത്തെയും തരംഗം തന്നെയായിരുന്നു.   പഠന കാലത്ത് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സില്‍ പല മത്സരങ്ങളില്‍ നല്ല ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അറുപതുകളുടെ ഒടുവിലും എഴുപതുകളിലും തമിഴകം അടക്കിവാണ എസ്പിബിക്ക്  തമിഴ് പാട്ടിന് ആദ്യ ദേശീയപുരസ്‌കാരം നേടാന്‍ 1983 വരെ കാത്തിരിക്കേണ്ടിവന്നു.

[irp]

മലയാളത്തിനും എസ് പി ബിയുടെ ശബ്ദമാധുര്യം ആസ്വദിക്കാനായി. 1969 ല്‍ കടല്‍പ്പാലത്തിലൂടെ ജി ദേവരാജനായിരുന്നു മലയാളത്തിലേക്ക് അദ്ദേഹത്തെ കൈപിടിച്ചത്. നൂറ്റിപ്പതിനാറ് പാട്ടുകൾ അദ്ദേഹം പാടി.

ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകനെന്ന ബഹുമതിയും എസ് പി ബിക്കു തന്നെ. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലായി 72 സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. നല്ലൊരുഡബിങ് കലാകാരന്‍കൂടിയായിരുന്നു എസ് പി ബി.  റിച്ചാഡ് ആറ്റന്‍ബറോയുടെ ഇതിഹാസ ചിത്രം ഗാന്ധിയുടെ തെലുങ്കു പതിപ്പില്‍ ബെന്‍കിങ്സിലിക്ക് ശബ്ദമായത് എസ് പി ബി യാണ്.കമല്‍ഹാസന് തെലുങ്കിലും കന്നടഡയിലുമൊക്കെ ശബ്ദം നൽകി. രജനീകാന്ത്, ഭാഗ്യരാജ്, സല്‍മാന്‍ഖാന്‍, ഗിരീഷ് കര്‍ണാഡ് അങ്ങനെ പലര്‍ക്കും പലഭാഷയില്‍ എസ് പി ബി തന്നെ ശബ്ദമായി.

Latest