Connect with us

Articles

സാധ്യതകളുടെ ഓപണ്‍ യൂനിവേഴ്‌സിറ്റി

Published

|

Last Updated

വിദ്യാഭ്യാസം ജനതയുടെ മൗലികമായ അവകാശമാണ്. സൗജന്യമായി വിദ്യാഭ്യാസം നല്‍കുക എന്നതാണ് ഒരു സര്‍ക്കാറിന്റെ പ്രാഥമികമായ കടമയും. നിര്‍ഭാഗ്യവശാല്‍ പരമമായ ഈ അവകാശം ചില സോഷ്യലിസ്റ്റ് രാജ്യങ്ങളിലൊഴികെ ഇന്നും കടലാസില്‍ മാത്രം അവശേഷിക്കുകയാണ്.

ഭരണഘടനയുടെ നിര്‍ദേശക തത്വങ്ങളില്‍ സാര്‍വത്രിക വിദ്യാഭ്യാസം ജനങ്ങളുടെ അവകാശമാണ്. ഭരണഘടനയിലെ നിര്‍ദേശക തത്വങ്ങളിലെ വകുപ്പ് 41 തൊഴില്‍ ചെയ്യുന്നതിനും വിദ്യ അഭ്യസിക്കുന്നതിനുമുള്ള അവകാശവും, തൊഴിലില്ലായ്മ, വാര്‍ധക്യം, രോഗം മുതലായവക്ക് സഹായം ലഭിക്കുന്നതിനുള്ള അവകാശവും ഉറപ്പാക്കുന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 45 പ്രകാരം, 14 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നു. ഭരണഘടന നിലവില്‍ വന്ന് ഏഴ് പതിറ്റാണ്ട് കഴിയുകയാണ്. നിര്‍ഭാഗ്യവശാല്‍ ഭരണഘടനയിലെ ഉറപ്പുകള്‍ പലതും ഇവിടെ നഗ്നമായി ലംഘിക്കപ്പെടുന്നു.
യഥാര്‍ഥത്തില്‍ വിദ്യാഭ്യാസത്തിനുള്ള അവകാശം ഭരണഘടനയുടെ ഭാഗം മൂന്നിലെ മൗലികാവകാശങ്ങളില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ നിര്‍ദേശക തത്വങ്ങളിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍ദേശക തത്വങ്ങള്‍ സര്‍ക്കാറിന്റെ നയരൂപവത്കരണത്തിന്റെ വഴികാട്ടിയാണെന്ന കാര്യം ഭരണഘടന തന്നെ എടുത്തുപറയുന്നുണ്ട്. പക്ഷേ, രാജ്യത്ത് നിര്‍ദേശക തത്വങ്ങളില്‍ പലതും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദയം വിസ്മരിച്ചതു പോലെ വിദ്യാഭ്യാസ അവകാശവും മറന്ന സ്ഥിതിയാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നിലായിപ്പോയ ഭൂരിപക്ഷം വരുന്ന പിന്നാക്ക- ദളിത്- ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ഭരണാധികാരികളുടെ അജന്‍ഡയില്‍ പോലും ഇന്നില്ല.
ഉന്നത വിദ്യാഭ്യാസം രാജ്യത്തെ സാധാരണക്കാര്‍ക്ക് ഇന്നും ഒരു മരീചികയാണ്. സമൂഹത്തിലെ ചെറിയ ഒരു ന്യൂനപക്ഷത്തിന് – വരേണ്യ വര്‍ഗത്തിന് – മാത്രമാണ് സര്‍വകലാശാല വിദ്യാഭ്യാസത്തിന് അവസരം ലഭ്യമായിട്ടുള്ളത്. രാജ്യത്തെ മഹാ ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും ഉന്നത വിദ്യാഭ്യാസം ഇപ്പോഴും ഒരു സ്വപ്‌നം മാത്രമാണ്.

സമ്പൂര്‍ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. 1991 ഏപ്രില്‍ 18നാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. സ്‌കൂള്‍ വിദ്യാഭ്യാസപരമായി രാജ്യത്ത് ഏറ്റവും ഉന്നതി കൈവരിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇന്ത്യയില്‍ സ്‌കൂള്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കുറവുള്ള സംസ്ഥാനവുമാണ് നമ്മുടേത്. എന്നാല്‍ ഇപ്പോഴും ഏറ്റവുമധികം കൊഴിഞ്ഞുപോക്ക് പട്ടികജാതി – പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഇടയിലാണെന്ന വസ്തുത വിസ്മരിക്കരുത്.
സാമ്പത്തികമായി പിന്നിലായ ജനസമൂഹത്തിന് ഇന്നത്തെ സാഹചര്യത്തില്‍ സര്‍വകലാശാല വിദ്യാഭ്യാസം അപ്രാപ്യമാണ്. റഗുലര്‍ കോഴ്‌സുകള്‍ക്കുള്ള ചെലവ് സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക് എങ്ങനെയാണ് താങ്ങാന്‍ കഴിയുക? ഈ വിഭാഗത്തിന് ഉന്നത വിദ്യാഭ്യാസം നേടിയെടുക്കുന്നതിനുള്ള ഏക പോംവഴി അനൗദ്യോഗിക വിദ്യാഭ്യാസ മേഖലയാണ്. ഫലപ്രദവും വിജയകരവുമായ ഈ അനൗദ്യോഗിക വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള സ്ഥാപനങ്ങളാണ് ഓപണ്‍ യൂനിവേഴ്‌സിറ്റികള്‍. ലോകത്തൊട്ടാകെ ഇന്ന് ഓപണ്‍ യൂനിവേഴ്‌സിറ്റികള്‍ വളരെ വിജയകരമായി മുന്നേറുകയാണ്. ഇന്ത്യയില്‍ ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപണ്‍ യൂനിവേഴ്‌സിറ്റി, ഹൈദരാബാദിലെ ഡോ. അംബേദ്കര്‍ ഓപണ്‍ യൂനിവേഴ്‌സിറ്റി തുടങ്ങിയവയാണ് ഇത്തരം സര്‍വകലാശാലകളില്‍ പ്രധാനപ്പെട്ടവ.

കേരളത്തില്‍ ഒരു ഓപണ്‍ യൂനിവേഴ്‌സിറ്റി ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് കഴിയുകയാണ്. 2009ല്‍ ഇന്ദിരാ ഗാന്ധി ഓപണ്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറായിരുന്ന റാംജി ടെക്‌വാലെ അധ്യക്ഷനായ കമ്മിറ്റി സംസ്ഥാന സര്‍ക്കാറിന് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കാര്യങ്ങളൊന്നും നടന്നില്ല. നിലവിലുള്ള ഇടത് സര്‍ക്കാര്‍ പ്രൊ. ജെ പ്രഭാഷിനെ ഇതിന്റെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ അദ്ദേഹം സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീനാരായണ ഗുരു ഓപണ്‍ യൂനിവേഴ്‌സിറ്റി നിലവില്‍ വരുന്നത്. യൂനിവേഴ്‌സിറ്റിയെ സംബന്ധിച്ചുള്ള കരട് ഓര്‍ഡിനന്‍സ് ഇപ്പോള്‍ നിയമ വകുപ്പിന്റെ പരിഗണനയിലാണ്.

ഓപണ്‍ യൂനിവേഴ്‌സിറ്റി കേരളത്തില്‍ തൊഴില്‍ വിപ്ലവം തന്നെയുണ്ടാക്കും. പരമ്പരാഗത കോഴ്‌സുകള്‍ക്കു പുറമെ മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള തൊഴിലധിഷ്ഠിത, തൊഴില്‍ നൈപുണ്യ കോഴ്‌സുകളാണ് ഇതിന്റെ പ്രത്യേകത. വിദേശ ഭാഷകളായ ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, ചൈനീസ് ഭാഷകളിലെ വിവിധ കോഴ്‌സുകളുമുണ്ടാകും. മറ്റു സര്‍വകലാശാലകളില്‍ പഠിക്കുന്നവര്‍ക്ക് ചേരാനാകുന്ന സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളും ആരംഭിക്കും. ഇടക്ക് പഠനം നിര്‍ത്തുന്നവര്‍ക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളും നല്‍കാന്‍ വ്യവസ്ഥയുണ്ട്. കേരള, എം ജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ പ്രോഗ്രാമിലെ 93,155 പേര്‍ക്കും കേരള, എം ജി സര്‍വകലാശാലകളിലെ 25,488 പ്രൈവറ്റ് രജിസ്‌ട്രേഷന്‍കാര്‍ക്കും പ്ലസ്ടു തുല്യതാ പരീക്ഷ പാസ്സായ 30,000 പേര്‍ക്കും വലിയ ഗുണമാണ് ഈ സര്‍വകലാശാല കൊണ്ട് ഉണ്ടാകുന്നത്.

കേരള, കാലിക്കറ്റ്, എം ജി, കണ്ണൂര്‍ സര്‍വകലാശാലകളിലെ വിദൂര, പ്രൈവറ്റ് പഠനം പൂര്‍ണമായി ശ്രീനാരായണഗുരു സര്‍വകലാശാലയിലേക്ക് മാറ്റും. നിലവില്‍ വിദൂര പഠനം നടത്തുന്നവര്‍ക്ക് അവിടെ പഠനം പൂര്‍ത്തിയാക്കാം. ഈ അധ്യയന വര്‍ഷം മുതലുള്ള പ്രവേശനം ഓപണ്‍ സര്‍വകലാശാലകളിലായിരിക്കും. സയന്‍സ് വിഷയങ്ങളിലും വിദൂര കോഴ്‌സുകളും പ്രൈവറ്റ് രജിസ്‌ട്രേഷനുമുണ്ടായിരിക്കും. ഇതിനായി സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലെ ലാബുകളും മറ്റും ഫലപ്രദമായി പ്രയോജനപ്പെടുത്തും. മറ്റു വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഓപ്ഷനിലൂടെ ഇവിടേക്ക് മാറാം. നാക് ഗ്രേഡിംഗ് 3.25 സ്‌കോറിന് മുകളിലുള്ള സര്‍വകലാശാലകള്‍ക്കേ നിലവില്‍ വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്താനാകൂ. ഓപണ്‍ സര്‍വകലാശാലക്ക് ഇത് തടസ്സമാകില്ല.

കേരളം പ്രാഥമിക വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് നാം എല്ലാ നിലയിലും വളരെ പിന്നില്‍ തന്നെയാണ്. ഇക്കാര്യത്തില്‍ നമുക്ക് ഒട്ടും അഭിമാനിക്കാന്‍ കഴിയുകയില്ലെന്ന് മാത്രമല്ല തല കുനിക്കേണ്ടതായും വരും. ഈ സ്ഥിതിയില്‍ ചില മാറ്റങ്ങള്‍ ഈ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ടെന്നുള്ള വസ്തുത വിസ്മരിക്കുന്നില്ല.

അക്ഷരാഭ്യാസവും പ്രാഥമിക വിദ്യാഭ്യാസവും മാത്രമല്ല ഈ രാജ്യത്തെ സാധാരണക്കാരായ ബഹുഭൂരിപക്ഷത്തിനും വേണ്ടത്. അവര്‍ക്ക് ഉന്നത വിദ്യാഭ്യാസവും വേണം. വളരുകയും സമൂഹത്തില്‍ മാന്യമായ സ്ഥാനം നേടുകയും വേണം. സാമ്പത്തിക പരാധീനത മൂലം ഔപചാരികമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്താന്‍ കഴിയാത്ത സംസ്ഥാനത്തെ വിദ്യാര്‍ഥി ലക്ഷങ്ങള്‍ക്ക് നിശ്ചയമായും കൊല്ലത്ത് സ്ഥാപിക്കുന്ന ശ്രീനാരായണ ഗുരു ഓപണ്‍ സര്‍വകലാശാല ഒരത്താണിയാണ്.

(ലേഖകന്‍ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവും സര്‍വകലാശാല യൂനിയനുകളുടെ മുന്‍ ദേശീയ സമിതി ചെയര്‍മാനുമാണ്)

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428