ഉമര്‍ ഖാലിദിന് പിന്തുണയുമായി സ്‌കോളേഴ്സും കലാകാരന്‍മാരും

Posted on: September 24, 2020 10:06 pm | Last updated: September 24, 2020 at 11:09 pm

ന്യൂഡല്‍ഹി | യു എ പി എ ചുമത്തി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജെ എന്‍ യു പൂര്‍വ്വ വിദ്യാര്‍ഥി ഉമര്‍ ഖാലിദിന് പിന്തുണയായി അന്തര്‍ദേശീയ സ്‌കോളേഴ്സും അക്കാദമിഷ്യന്മാരും കലാകാരന്മാരും രംഗത്ത്. മുന്‍കൂട്ടി തയ്യാറാക്കിയ മനുഷ്യവേട്ടയാണ് കലാപന്വേഷണത്തിലൂടെ ഡല്‍ഹി പോലീസ് നടത്തുന്നതെന്ന് 200ലധികം പേര്‍ ഒപ്പുവെച്ച പ്രസ്താവന പറയുന്നു. എഴുത്തുകാരായ സല്‍മാന്‍ റുഷ്ദി, അമിതാവ് ഘോഷ്, അരുന്ധതി റോയ്, രാമചന്ദ്ര ഗുഹ, രാജ്മോഹന്‍ ഗാന്ധി, ഭാഷാ പണ്ഡിതന്‍ നോം ചോംസ്‌കി, ചലച്ചിത്ര പ്രവര്‍ത്തകരായ മീര നായര്‍, ആനന്ദ് പട്വര്‍ധന്, ചരിത്രകാരന്മാരായ റോമില ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ്, ആക്ടിവിസ്റ്റുകളായ മേധ പട്കര്‍, അരുണ റോയ് തുടങ്ങിയ പ്രമുഖരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.

മഹാത്മാഗാന്ധിയുടെ പാത അഭിമാനപൂര്‍വ്വം പിന്തുടര്‍ന്ന് ഡോ. ബി.ആര്‍ അംബേദ്കറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സമാധാനപരവും ഏറ്റവും വലിയ ജനാധിപത്യ അവകാശ പ്രസ്ഥാനവുമാണ് സി എ എ വിരുദ്ധ പ്രസ്ഥാനമെന്നും പ്രസ്താനവനയില്‍ പറഞ്ഞു.
ഉമര്‍ ഖാലിദ് ഈ പ്രസ്ഥാനത്തില്‍ സത്യത്തിന്റെ ശക്തമായ ഒരു യുവ ശബ്ദമായി മാറി, ഇന്ത്യയിലുടനീളം ചെറിയ പട്ടണങ്ങളിലും വലിയ നഗരങ്ങളിലും 100 ഓളം യോഗങ്ങളില്‍ സംസാരിച്ചു. ഇന്ത്യയുടെ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു;

വിശപ്പ്, ദാരിദ്ര്യം, വിവേചനം, ഭയം എന്നിവയില്‍ നിന്നുള്ള സ്വാതന്ത്ര്യമെന്ന എല്ലാ യുവ ഇന്ത്യക്കാരുടെയും സ്വപ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി, പൗരത്വത്തിന്റെ പൂര്‍ണമായ അവകാശവാദം ഉന്നയിച്ചു, പാര്‍ശവത്ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി സംസാരിച്ചു. എല്ലാറ്റിനുമുപരിയായി ഉമര്‍ സമാധാനത്തിനായി നിലകൊണ്ടുവെന്നും അവര്‍ പറഞ്ഞു.