മനീഷ് സിസോദിയക്ക് കൊവിഡിന് പുറമെ ഡങ്കി പനിയും

Posted on: September 24, 2020 9:33 pm | Last updated: September 24, 2020 at 9:51 pm

ന്യൂഡല്‍ഹി | കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡങ്കിപ്പനിയും ബാധിച്ചതായി ആശുപത്രി അധികൃതര്‍. നഗരത്തിലെ ലോക് നായക് ജയപ്രകാശ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. 48കാരനായ സിസോദിയക്ക് ശ്വാസതടസ്സമുള്ളതായും രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞുവരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതേതുടർന്ന് അദ്ദേഹത്തെ സാകേതിലെ മാക്സ് വെൽ ആശുപത്രിയിലേക്ക് മാറ്റി.

സെപ്തംബര്‍ 14ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് അദ്ദേഹം വീട്ടുനിരീഷണത്തില്‍ കഴിഞ്ഞത്. നേരിയ പനിയെ തുടര്‍ന്ന് പരീശോധന നടത്തിയെന്നും അതില്‍ കൊവിഡ് കണ്ടെത്തിയെന്നും എന്നാല്‍ ഇപ്പോള്‍ രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പനിയും മറ്റു ലക്ഷണങ്ങളും കണ്ടതോടെ അദ്ദേഹത്തെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഡല്‍ഹിയില്‍ കൊറോണ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചയാളാണ് സിസോദിയ. 2.6 ലക്ഷം പേര്‍ക്ക് ഡല്‍ഹിയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. 5123 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,384 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 36 പേര്‍ മരിക്കുകയും ചെയ്തു.