Connect with us

Health

വിറ്റാമിന്‍ ഡി അമിതമായാല്‍; പാര്‍ശ്വഫലങ്ങള്‍ അറിയാം

Published

|

Last Updated

വിറ്റാമിന്‍ ഡിയുടെ കലവറയാണ് സൂര്യന്‍. എങ്കിലും അതിന്റെ പോരായ്മ വലിയ ആരോഗ്യ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. അതേസമയം, വിറ്റാമിന്‍ ഡി പോരായ്മ പരിഹരിക്കാന്‍ ഇതടങ്ങിയ ഭക്ഷണങ്ങളും മറ്റും ധാരാളമായി ശരീരത്തിലെത്തുന്നത് പല പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകും. ഈ അവസ്ഥക്ക് വിറ്റാമിന്‍ ഡി ടോക്‌സിസിറ്റി അല്ലെങ്കില്‍ ഹൈപര്‍വിറ്റാമിനോസിസ് ഡി എന്ന് പറയും.

എല്ലുതേയ്മാനം: എല്ലിന്റെ ആരോഗ്യത്തിന് വിറ്റാമിന്‍ ഡി അനിവാര്യമാണ്. എന്നാല്‍ ഇത് അമിതമായി ശരീരത്തിലെത്തുന്നതും എല്ലുകള്‍ക്ക് പ്രശ്‌നമുണ്ടാക്കും. രക്തത്തില്‍ വിറ്റാമിന്‍ കെ2ന്റെ അളവ് കുറയുന്നതിന് അമിത വിറ്റാമിന്‍ ഡി ഇടവരുത്തും. അതിനാല്‍ എല്ല് തേയ്മാനം ഒഴിവാക്കാന്‍ സാധാരണ നിലയില്‍ വിറ്റാമിന്‍ ഡി ക്രമീകരിക്കുന്നതാണ് നല്ലത്.

ഓക്കാനവും മനംപിരട്ടലും: അമിതമായി വിറ്റാമിന്‍ ഡി ശരീരത്തിലെത്തിയാല്‍ ഓക്കാനവും മനംപിരട്ടലുമുണ്ടാകും. രക്തത്തില്‍ അധികമായി കാത്സ്യത്തിന്റെ അളവ് വരുന്നതാണ് ഇതിന് കാരണം.

രക്തത്തില്‍ അധിക കാത്സ്യം: വിറ്റാമിന്‍ ഡി അധികമാകുന്നതിനാല്‍ രക്തത്തില്‍ കാത്സ്യത്തിന്റെ അളവ് വര്‍ധിക്കുകയും എല്ലുകളെ ബാധിക്കുകയും ചെയ്യും. മാത്രമല്ല കോശങ്ങളിലും ത്വക്കിലും കാത്സ്യം വരുന്നതിനും ഇടയാക്കും. രക്താതിസമ്മര്‍ദ്ദം, എല്ല് തേയ്മാനം, വൃക്കരോഗം, ക്ഷീണം, തലകറക്കം തുടങ്ങിയവയാണ് രക്തത്തില്‍ കാത്സ്യം വര്‍ധിക്കുന്നതിന്റെ ലക്ഷണങ്ങള്‍.

വൃക്കരോഗം: വിറ്റാമിന്‍ ഡിയുടെ അളവ് രക്തത്തില്‍ കൂടുന്നത് വൃക്കകള്‍ക്ക് കൂടുതല്‍ സമ്മര്‍ദം ചെലുത്തും. ഇത് വൃക്കയുടെ നാശത്തിന് ഇടയാക്കും.

സൂര്യന്‍, ഭക്ഷണം തുടങ്ങിയ പ്രകൃത്യായുള്ള സ്രോതസ്സുകളില്‍ നിന്ന് പരമാവധി വിറ്റാമിന്‍ ഡി നേടുന്നതാണ് നല്ലത്.

Latest