Connect with us

Editors Pick

രാഷ്ട്രീയ വിവാദം: യു എ ഇ മലയാളികൾക്ക് രോഷം

Published

|

Last Updated

കോഴിക്കോട് | കേരളത്തിലെ യു എ ഇ കോൺസുലേറ്റ് റമസാന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളും വിശുദ്ധ ഗ്രന്ഥവും നൽകിയതിനെ കള്ളക്കടത്തുമായി ബന്ധിപ്പിച്ച് നടത്തുന്ന വിവാദങ്ങളിൽ യു എ ഇ മലയാളികൾക്ക് ആശങ്കയും രോഷവും.

ഭരണാധികാരികളുടെ വസതികളിലും റോയൽ കോർട്ടുകളിലും അടക്കം ഉന്നത സ്ഥാനങ്ങളിൽ ഏറെയും ജോലി ചെയ്യുന്നത് മലയാളികളാണ്. യു എ ഇയെ കള്ളക്കടത്തുമായി ബന്ധിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിലും മറ്റും നടക്കുന്ന പ്രചാരണം ഗുരുതര സാഹചര്യത്തിലേക്ക് നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യത്തിൽ ഗൾഫ് പ്രവാസി സംഘടനകളെല്ലാം ആശങ്കയിലാണെന്ന് ലോക കേരള സഭാ അംഗവും പ്രവാസി സാമൂഹിക പ്രവർത്തകനുമായ സുബൈർ കണ്ണൂർ സിറാജിനോടു പറഞ്ഞു.

ഏതാണ്ട് ഒമ്പത് ലക്ഷം മലയാളികൾ യു എ ഇയിൽ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. 2015ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു എ ഇ സന്ദർശനത്തോടെ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമായി വരികയാണ്.
ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കേരള സന്ദർശനം യു എ ഇയും കേരളവും തമ്മിലുള്ള ഹൃദയ ബന്ധം കൂടുതൽ ഊട്ടിയുറപ്പിച്ചു. ആ സന്ദർശനത്തിൽ മിനിസ്റ്റർ ഇൻവൈറ്റി എന്ന ഔദ്യോഗിക ചുമതല വഹിച്ചത് മന്ത്രി കെ ടി ജലീൽ ആയിരുന്നു. കാലിക്കറ്റ് സർവകലാശാല അൽ ഖാസിമിക്ക് ഡി ലിറ്റ് നൽകി ആദരിച്ചത് ശ്രദ്ധേയമായിരുന്നു. മലയാളികൾക്കായി ഭവനപദ്ധതി, കണ്ണൂരിൽ മെഡിക്കൽ സെന്റർ തുടങ്ങാൻ നിക്ഷേപം, വിദ്യാഭ്യാസ സംരംഭങ്ങൾക്ക് കേരളത്തിൽ നിന്നുള്ളവർക്ക് അവസരം, കേരള സാംസ്‌കാരിക കേന്ദ്രം, ഷാർജയിൽ നിന്നുള്ളവർക്ക് കേരളത്തിൽ മെഡിക്കൽ ടൂറിസം, കിഫ്ബിയിൽ നിക്ഷേപം, ഐ ടി രംഗത്ത് സഹകരണം എന്നിങ്ങനെ കേരളം സമർപ്പിച്ച എട്ട് പദ്ധതികൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് സുൽത്താൻ ഉറപ്പ് നൽകിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഗുണഫലങ്ങൾ കേരളത്തിന് ലഭ്യമായി.

ഇതിനുപുറമേ തടവുപുള്ളികളെ മോചിപ്പിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർഥനപ്രകാരം ഷാർജയിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന 149 ഇന്ത്യക്കാരുടെ ബാധ്യതകൾ ഏറ്റെടുത്ത് ജയിൽമോചിതരാക്കി. അങ്ങനെ ഷാർജ സുൽത്താന്റെ സന്ദർശനം ചരിത്രത്തിലിടം നേടിയിരുന്നു.
2017 ജനുവരിയിൽ അബൂദബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായെത്തിയതോടെ ബന്ധം വൈവിധ്യമായ തലത്തിലേക്കുയർന്നു. ബഹിരാകാശ ഗവേഷണം, പ്രതിരോധം, സമുദ്ര ഗതാഗതം, റോഡ് വികസനം, മനുഷ്യക്കടത്ത് തടയൽ, കാർഷിക വികസനം തുടങ്ങി 14 മേഖലകളിൽ ഇന്ത്യയും യു എ ഇയും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു.

നല്ല ആശയങ്ങളുള്ളവർക്ക് വ്യവസായങ്ങൾ ആരംഭിക്കാനും കഴിവുള്ളവർക്ക് തൊഴിലിനും ഒരുപാട് അവസരം യു എ ഇ സർക്കാർ നൽകുന്നുണ്ട്. ഇന്ത്യൻ എംബസി, കോൺസുലേറ്റ്, നോർക്ക തുടങ്ങിയവ ഇതുമായി ബന്ധപ്പെട്ട് പ്രവാസം തിരഞ്ഞെടുക്കുന്നവർക്ക് വഴികാട്ടുന്നു. യു എ ഇ വൈവിധ്യവത്കരണം ഇന്ത്യയിലെ ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങൾക്ക് അന്താരാഷ്ട്ര തലത്തിലേക്ക് കടന്നുവരാനുള്ള അവസരമാണ് ഒരുക്കിയത്. ചെറുകിട വൻകിട വ്യവസായങ്ങൾ, വിനോദ സഞ്ചാരം, ആരോഗ്യം, വിദ്യാഭ്യാസം, ഊർജം, സാമ്പത്തികം, കാർഷികം തുടങ്ങി സമഗ്രമേഖലകളിലും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. യു എ ഇയിലായാലും ഇന്ത്യയിലായാലും ഏറ്റവുമധികം സാധ്യതകൾ ഇന്ത്യക്കാർക്ക് തന്നെയാണ് ലഭ്യമായത്.

യു എ ഇ സ്വദേശികൾക്ക് മലയാളികളോടുള്ള മതിപ്പ് കൂടിവരികയാണ്. മലയാളികൾ സംസ്‌കാര സമ്പന്നരും അധ്വാനശീലരും ആണെന്ന് അവർ വിശ്വസിക്കുന്നു. മലയാളികൾ ഏതെങ്കിലും തീവ്രവാദത്തിന് അടിപ്പെട്ടിട്ടില്ല, വഞ്ചനയില്ല, നിയമങ്ങൾ അനുസരിക്കും, മാനവിക ബോധമുണ്ട് തുടങ്ങിയവ സ്വദേശികളുടെ സ്‌നേഹത്തിന് കാരണമാകുന്നു. മികച്ച ആളുകളെ കണ്ടെത്താൻ യു എ ഇ നിയമം കർശനമാക്കിയപ്പോൾ അതിനോട് ഏറ്റവും വേഗം പ്രതികരിച്ചത് കേരളമാണ്. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇതിന് സൗകര്യമൊരുക്കി. അപേക്ഷാ ഫീസ് ആയിരത്തിൽ നിന്ന് അഞ്ഞൂറാക്കി കുറച്ചു. കേരളത്തിൽ ആരംഭിച്ച യു എ ഇ കോൺസുലേറ്റും ആവശ്യമായ പിന്തുണ നൽകി.

മന്ത്രി കെ ടി ജലീലിനെ ലക്ഷ്യമിട്ട് വിശുദ്ധ ഖുർആനെയും ഈത്തപ്പഴത്തെയും രാഷ്ട്രീയ താത്പര്യങ്ങൾക്കുവേണ്ടി അപകീർത്തിപ്പെടുത്തുന്നതിനായി സാമൂഹിക മാധ്യമങ്ങളിലും വലിയ പ്രചാരണമാണ് നടക്കുന്നത്. മഹാ പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ പോലും കേരളത്തോട് ഏറെ ആഭിമുഖ്യം കാട്ടിയ രാജ്യമാണ് യു എ ഇ. ആ രാജ്യം സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി ചെയ്ത കാര്യങ്ങളെ കള്ളക്കടത്തുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രചാരണം ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പ്രവാസി സാമൂഹിക പ്രവർത്തകരും സംഘടനകളും ഒറ്റക്കെട്ടായി പറയുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest