ടൈം മാഗസിന്റെ ലോകത്തെ സ്വാധീനിച്ച 100 പേരിൽ ശഹീൻബാഗ് സമരനായികയും

Posted on: September 23, 2020 7:43 pm | Last updated: September 23, 2020 at 7:43 pm

ന്യൂഡൽഹി|  ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തികളുടെ ടൈംസ് പട്ടികയിൽ ഇടം പിടിച്ച് ശഹീൻബാഗ് സമരത്തിലൂടെ ശ്രദ്ധ നേടിയ 82കാരിയായ ബിൽകിസും. ശഹീൻബാഗിന്റെ ദാദിയെന്നാണ് ബിൽകിസ് അറിയപ്പെടുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ശഹീൻബാഗിൽ ആരംഭിച്ച പ്രതിഷേധ കൂട്ടായ്മയിൽ പ്രായത്തെ വകവെക്കാതെ നടത്തിയ പോരാട്ടത്തിലൂടെയാണ് ബിൽകിസ് ദാദി വാർത്തകളിൽ ഇടംപിടിച്ചത്. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി ബില്ലിന് സർക്കാർ അംഗീകാരം ൻകുന്നത്. തുടർന്ന് രാജ്യമെങ്ങും വൻ പ്രക്ഷോഭമാണ് പൊട്ടിപുറപ്പെട്ടത്.

ഒരു കൈയിൽ പ്രാർഥനാമാലകളും മറുകൈയിൽ ദേശീയ പതാകയുമായി പ്രതിഷേധിച്ച ബിൽകിസ് ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറുകയായിരുന്നുവെന്ന് ടൈംസ് ലേഖനം പറയുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ ബിൽകിസിനൊപ്പം ആയിരക്കണക്കിന് സ്ത്രീകളായിരുന്നു പങ്കെടുത്തത്. പ്രതിഷേധത്തിൽ പങ്കെടുത്തവർക്കും വിദ്യാർഥി നേതാക്കൾക്കുമുൾപ്പടെ ദാദി പ്രതീക്ഷയും ശക്തിയും നൽകി. ഇങ്ങനെ രാജ്യമെമ്പാടുമുള്ള നിരവധി പേർക്ക് അവർ പ്രചോദനമായി. ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും ശബ്ദം അടിച്ചമർത്തപ്പെടുന്നിടത്ത്, ചെറുത്തു നിൽപ്പിന്റെ പ്രതീകമായി ബിൽകിസും ശഹീൻ ബാഗിൽ ഒത്തുകൂടിയവരും മാറിയെന്നും മാധ്യമപ്രവർത്തക റാണാ ആയുബ് എഴുതിയ ലേഖനത്തിൽ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന, ക്ലിനിക്കൽ മൈക്രോബയോളജി പ്രഫസർ രവീന്ദ്ര ഗുപ്ത, ഗൂഗിൾ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈ എന്നിവരും പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാരാണ്.