ലൈഫില്‍ വിജിലന്‍സ് അന്വേഷണം സ്വീകാര്യമല്ല; വേണ്ടത് സി ബി ഐ അന്വേഷണം- ചെന്നിത്തല

Posted on: September 23, 2020 12:36 pm | Last updated: September 23, 2020 at 6:22 pm

തിരുവനന്തപുരം | ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം സ്വീകാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ സി ബി ഐ അന്വേഷണമാണ് വേണ്ടതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ലൈഫ്മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് രേഖകള്‍ക്കായി രണ്ട് മാസം മുമ്പ് താന്‍ കത്ത് നല്‍കിയെങ്കിലും ഇതുവരെ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത് വ്യക്തമാക്കുന്നത് സര്‍ക്കാറിന് എന്തോ മറച്ചുവെക്കാനുണ്ടെന്നാണ്. സര്‍ക്കാറിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ലൈഫ് മിഷന്‍ ടാസ്‌ക് ഫോഴ്‌സില്‍ നിന്ന് താന്‍ രാജിവെക്കുകയാണ്. ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവായിരുന്നു താന്‍. രാജി സംബന്ധിച്ച കത്ത് സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. ഇ മൊബിലിറ്റിയെ പറ്റി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.