Connect with us

Kerala

ഖമറുദ്ദീനെതിരായ കേസുകളുടെ എണ്ണം 63 ആയി; പുതുതായി ഏഴ് കേസുകള്‍

Published

|

Last Updated

കാസര്‍കോട് |  ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എം എല്‍ എ എം സി ഖമറുദ്ദീനെതിരായ കേസുകളുടെ എണ്ണം 63 ആയി. പുതുതായി ഏഴ് കേസുകളാണ് ഖമറുദ്ദീനും പൂക്കോയ തങ്ങള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തത്. ചന്തേര സ്റ്റേഷനില്‍ ആറ് വഞ്ചന കേസുകളും കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ ഒരു കേസുമാണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്.

തൃക്കരിപ്പൂര്‍, വലിയപറമ്പ്, പടന്ന, പയ്യന്നൂര്‍ സ്വദേശികളായ ആറ് പേരില്‍ നിന്നായി 88,55,000 രൂപ തട്ടിയെന്ന പരാതിയിലാണ് ചന്ദേര സ്റ്റേഷനിലെ കേസുകള്‍. നിക്ഷേപമായി വാങ്ങിയ ഒരു കോടി അഞ്ച് ലക്ഷം രൂപ തട്ടിയെന്ന് ചെറുവത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ് കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെ കേസ്.

കേസില്‍ ക്രൈംബ്രാഞ്ച് ഉടന്‍ ഖമറുദ്ദീനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിനെതിരായ തെളിവുകള്‍ ശേഖരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഖമറുദ്ദീന്റെ ജ്വല്ലറി നിക്ഷേപങ്ങളില്‍ നിരവദി പേര്‍ കള്ളപ്പണം നിക്ഷേപിച്ചതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച കേസുകളും വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ ഖമറുദ്ദീന്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ട്രഷററുമായ തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ പേരില്‍ 85 പേരില്‍ നിന്ന് അഞ്ച് ലക്ഷം വീതം നിക്ഷേപം വാങ്ങി പിന്നീട് പണമോ ലാഭ വിഹിതമോ നല്‍കാതെ വഞ്ചിച്ചെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
2013ല്‍ തുടങ്ങിയ കോളജ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് താത്ക്കാലിക കെട്ടിടത്തിലാണ്. മൂന്ന് വര്‍ഷത്തിനകം സ്വന്തമായി കെട്ടിടം വേണമെന്ന വ്യവസ്ഥ ലംഘിച്ചാണ് പ്രവര്‍ത്തനമെന്നും എസ് എഫ് ഐ ആരോപിക്കുന്നു.