സര്‍ക്കാര്‍ ഓഫീസുകളില്‍ നാളെ മുതല്‍ എല്ലാവരും ജോലിക്ക് ഹാജരാകണം

Posted on: September 22, 2020 9:58 pm | Last updated: September 23, 2020 at 8:54 am

തിരുവനന്തപുരം |പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ നാളെ മുതല്‍ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണം. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില നൂറുശതമാനമാക്കാന്‍ തീരുമാനിച്ചു. ദുരന്ത നിവാരണ അതോറിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യമുളളത്.

മറ്റു സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി കേരളത്തില്‍ തിരിച്ചെത്തിയവര്‍ ഏഴുദിവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് തിരിച്ചെത്തി ഏഴുദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് പരിശോധന നടത്താം. പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയാല്‍ അടുത്ത ഏഴുദിവസം ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് നിര്‍ബന്ധമില്ല. ഹെല്‍ത്ത് പ്രോട്ടോക്കോള്‍ പ്രകാരം 14 ദിവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കുന്നതാണ് അഭികാമ്യം.

പരിശോധന നടത്താത്തവര്‍ ബാക്കിയുളള ഏഴുദിവസങ്ങള്‍ കൂടി ക്വാറന്റീനില്‍ തുടരണമെന്നും നിര്‍ദേശമുണ്ട്. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.