പേടിക്കേണ്ടതില്ല വെരിക്കോസ് വെയ്ന്‍

Posted on: September 22, 2020 8:37 pm | Last updated: September 22, 2020 at 8:41 pm

അധ്യാപനം, ട്രാഫിക് പോലീസിംഗ്, ഹോട്ടല്‍ കുക്കിംഗ് തുടങ്ങി ദീര്‍ഘനേരം നില്‍ക്കേണ്ട ജോലി ചെയ്യുന്നവര്‍ക്ക് വരാന്‍ സാധ്യതയുള്ള രോഗമാണ് വെരിക്കോസ് വെയ്ന്‍. സമൂഹത്തില്‍ സാധാരണ കാണുന്ന രോഗവുമാണിത്. ലിംഗഭേദമില്ലാതെ ആര്‍ക്കും വരാം.

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പൊതുവെ വെരിക്കോസ് വെയ്ന്‍ ഉണ്ടാകും. എന്നാല്‍, 30 ശതമാനം പേരിലേ പിന്നീട് ഇത് രോഗമായി വികസിക്കുകയുള്ളൂ. കാലുകളിലെ തടിപ്പ് കാണുമ്പോഴാണ് ആളുകള്‍ ശ്രദ്ധിക്കുക. പലരും ഇത് ഞരമ്പ് തടിക്കുന്നതായി തെറ്റിദ്ധരിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ഞരമ്പല്ല തടിക്കുന്നത്. മറിച്ച്, രക്തക്കുഴലുകളാണ്. ഹൃദയത്തിലേക്ക് തിരിച്ച് രക്തമെത്തിക്കുന്ന കുഴലില്‍ തടസ്സം നേരിടുമ്പോള്‍ ഇങ്ങനെ തടിക്കുന്നു.

പാദത്തിന് ചുറ്റും ചൊറിച്ചിലുണ്ടാകുന്നതാണ് മറ്റൊരു ലക്ഷണം. നീരുമുണ്ടാകും. ഈ ലക്ഷണങ്ങളെല്ലാം അവഗണിച്ചാല്‍, പിന്നീട് ചൊറിച്ചില്‍ കൂടി മുറിവാകുകയും ഉണങ്ങാന്‍ പ്രയാസം നേരിടുകയും കാലിന്റെ നിറം മാറുകയും ചെയ്യും. കറുപ്പ് നിറത്തിലേക്കാണ് മാറുക. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വെരിക്കോസ് സര്‍ജനെ കാണുന്നതാണ് ഉചിതം. താക്കോല്‍ദ്വാര ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകള്‍ ലഭ്യമാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.വിനായഖ്‌റാം

ALSO READ  മോണയുടെ പിന്‍വാങ്ങല്‍: കാരണങ്ങള്‍, അനന്തരഫലങ്ങള്‍, ചികിത്സ