പാര്‍ലിമെന്റ് വളപ്പില്‍ എം പിമാരുടെ പ്രതിഷേധം തുടരുന്നു

Posted on: September 22, 2020 6:47 am | Last updated: September 22, 2020 at 9:16 am

ന്യൂഡല്‍ഹി |  കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം പിമാര്‍ പാര്‍ലിമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുമ്പില്‍ പ്രതിഷേധം തുടരുന്നു. ഇന്നലെ വൈകിട്ട് തുടങ്ങിയ പ്രതിഷേധം എം പിമാര്‍ ഇപ്പോഴും തുടരുകയാണ്. അര്‍ധരാത്രിയിലും പ്രതിഷേധ സ്ഥലത്ത് നിന്നും പിന്തിരിയാന്‍ ഇവര്‍ തയ്യാറായില്ല. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരുമെന്നാണ് അംഗങ്ങള്‍ പറയുന്നത്.

സി പി എം എം പിമാരായ എളമരം കരീം, കെ കെ രാഗേഷ്, തൃണമൂല്‍ കോണ്‍ഗ്രസ് എം പിമാരായ ഡെറക് ഒബ്രിയാന്‍, ഡോല സെന്‍, എ എ പിയിലെ സഞ്ജയ് സിംഗ്, കോണ്‍ഗ്രസ് എം പിമാരായ രാജീവ് സതവ്, റിപുന്‍ ബോറ, സയിദ് നസീര്‍ എന്നിവരാണ് കര്‍ഷകര്‍ക്ക് വേണ്ടി സമരം ചെയ്യുമെന്ന പ്ലക്കാര്‍ഡുമായി രാത്രിയിലും സമരം തുടര്‍ന്നത്. അര്‍ധരാത്രിയിലും
കാര്‍ഷിക ബില്‍ അവതരിപ്പിക്കുന്നതിനെതിരെ രാജ്യസഭയില്‍ എം പിമാര്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്നാണ് എട്ടുപേരെ സസ്‌പെന്‍ഡ് ചെയ്തത്. അതിനിടെ പാര്‍ലിമെന്റ് സമ്മേളം ഇന്ന് രാവിലെ വീണ്ടും സമ്മേളിക്കുമെങ്കിലും ബഹളത്തില്‍ മുങ്ങുമെന്ന കാര്യം ഉറപ്പാണ്. എം പിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ പ്രതിഷേധിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.