മന്ത്രി ജലീല്‍ രാജിവെക്കേണ്ട; ഇപ്പോഴത്തെ അന്വേഷണം ബി ജെ പിയുടെ രാഷ്ട്രീയ നീക്കം- കാനം

Posted on: September 21, 2020 3:41 pm | Last updated: September 21, 2020 at 9:22 pm

തിരുവനന്തപുരം  മന്ത്രി കെ ടി ജലീലിന് ഉറച്ച പിന്തുണയുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോടതി പരാമര്‍ശം വന്നപ്പോള്‍ മമ്പ് മന്ത്രിമാര്‍ മാറി നിന്നിട്ടുണ്ട്. എന്നാല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ വന്നിട്ടും മാറി നില്‍ക്കാതെയുള്ള കീഴ്വഴക്കം ഉമ്മന്‍ ചാണ്ടിയാണ് തുടങ്ങിവച്ചത്. നിലവിലെ സാഹചര്യത്തില്‍ മന്ത്രി ജലീല്‍ രാജിവെക്കേണ്ട ഒരു കാര്യവുമില്ല. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ബി ജെ പിയുടെ നീക്കമാണ് ഇപ്പോഴത്തെ അന്വേഷണത്തിന് പിന്നിലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രി അന്വേഷണം ആവശ്യപ്പെട്ടത് കേന്ദ്ര ഏജന്‍സികള്‍ക്ക് എന്ത് കൊള്ളരുതായ്മയും കാണിക്കാനല്ല. പാഴ്സല്‍ അയച്ചവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. മാസങ്ങളായി അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും കാനം കുറ്റപ്പെടുത്തി.

ശ്രീനാരായണ ഗുരുവിന്റെ പൂര്‍ണകായ പ്രതിമയുടെ അനാച്ഛാദന ചടങ്ങിലേക്ക് സി പി ഐ പ്രതിനിധികളെ ക്ഷണിക്കാത്തതിനെ കാനം വിമര്‍ശിച്ചു. ഇത് രാഷ്ട്രീയ പ്രശ്നമല്ലെന്നും ഔചിത്യമില്ലായ്മയാണെന്നും കാനം പറഞ്ഞു.