Connect with us

Religion

രചനാവിപ്ലവം തീർത്ത ജ്ഞാനി

Published

|

Last Updated

ശൈഖുൽ ഇസ്്ലാം, ഖാസ്വിമു ളുഹൂരി അഹ്്ലിൽ ബിദഇ എന്നീ സ്ഥാനനാമങ്ങളിൽ പണ്ഡിത ലോകത്ത് അറിയപ്പെട്ട കേരളത്തിന്റെ ജ്ഞാനപുത്രനായ ശൈഖ് അഹ്്മദ് കോയ ശാലിയാത്തി ജനിക്കുന്നത് 1884ൽ കോഴിക്കോട് ജില്ലയിലെ ചാലിയത്താണ്. നാട്ടിൽ അറിയപ്പെട്ട പണ്ഡിത കുടുംബത്തിലായിരുന്നു ജനനം. പിതാവ് ശൈഖ് അലിയും പിതാമഹൻ കുഞ്ഞ് മുഹിയിദ്ദീൻ മുസ്്ലിയാരും അഗാധ ജ്ഞാനികളായിരുന്നു.പണ്ഡിത കുടുംബത്തിലെ അറിവിന്റെ ശുദ്ധവായു ശ്വസിച്ചുള്ള വളർച്ച മഹാനവർകളെ വിജ്ഞാനത്തിന്റെ അനന്തവിഹായസ്സിലേക്കുയർത്തി. എല്ലാ വൈജ്ഞാനിക ശാഖകളിലും വ്യുൽപത്തി നേടിയ അദ്ദേഹം നാല് മദ്ഹബുകളിലേയും ഏത് സംശയങ്ങൾക്കും നിവാരണം നൽകിയിരുന്ന മുഫ്തിയുമായിരുന്നു. അഹ്്ലുസ്സുന്നയുടെ വിരോധികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച മഹാനവർകൾ തന്റെ മൂർച്ചയേറിയ തൂലിക ചലിപ്പിച്ച് അവർക്കെതിരെ വൻ പ്രധിരോധം തീർത്തു. അറിയപ്പെട്ട വിജ്ഞാന വാഹകനായ പിതാവിലൂടെയായിരുന്നു അറിവിന്റെ ലോകത്തേക്ക് അദ്ദേഹം ആദ്യമായി കടന്നുവന്നത്. അറിവിന് വേണ്ടി പൂർണ സമർപ്പിതനായി കഠിനാധ്വാനം ചെയ്തു സ്ഥിരോൽസാഹിയായി അദ്ദേഹം മുന്നേറി. പഠന സംവിധാനങ്ങളും യാത്രാ സൗകര്യങ്ങളും വളരെ ദുർലഭമായ അക്കാലത്തും ത്യാഗസന്നദ്ധനായി മഹാനവർകൾ തന്റെ അറിവന്വേഷണ യാത്രകൾ തുടർന്നു. ഓരോ വിജ്ഞാന ശാഖകളും അതതിൽ വ്യുൽപത്തി നേടിയവരെ കണ്ടെത്തി അവരിൽ നിന്ന് സ്വായത്തമാക്കി.

പിതാവിനെ കൂടാതെ പതിനൊന്നോളം മഹാജ്ഞാനികളിൽ നിന്ന് മഹാനവർകൾ പഠനം നടത്തി. ലോക പ്രസിദ്ധ പണ്ഡിതനായ ഇമാം അഹ്്മദ് റസാഖാൻ ബറേൽവി (റ) അവരിൽ പ്രധാനിയാണ്. നീണ്ട വർഷത്തെ പഠനത്തിനു ശേഷം വിവിധ സ്ഥലങ്ങളിൽ അധ്യാപനം നടത്തിയ മഹാൻ ഹി: 1374, മുഹർറം 27 ലാണ് വഫാത്താകുന്നത്.
ചാലിയം കുതുബുഖാന പഠനകാലം മുതൽ തന്നെ വലിയ ഗ്രന്ഥ ശേഖരത്തിന്റെ ഉടമയായിരുന്നു മഹാനായ ശാലിയാത്തി (റ). മഹാ വിജ്ഞരായ പിതാവ്, പിതാമഹൻ എന്നിവരിൽ നിന്ന് ലഭിച്ചതും തന്റെ അറിവന്വേഷണ യാത്രക്കിടെ ശേഖരിച്ചതുമൊക്കെയായിരുന്നു അവ. കിതാബുകൾ സൂക്ഷിക്കാനായി വീട്ടിൽ പ്രത്യേക ഭാഗം തന്നെ മാറ്റിവെച്ചിരുന്നു. വിലപ്പെട്ട തന്റെ രചനകളടങ്ങുന്ന ആ ഗ്രന്ഥശേഖരം വികസിച്ചു. അതോടെ വീട്ടിൽ സ്ഥലപരിമിതി അനുഭവപ്പെട്ടു. അപ്പോഴാണ് ഗ്രന്ഥ സംരക്ഷണാർഥം ഒരു കുതുബുഖാന ആരംഭിക്കുന്നതിനെ കുറിച്ച് മഹാനവർകൾ ചിന്തിക്കുന്നത്. താമസിയാതെ വീടിനോട് ചേർന്ന് ഹി.1366 ൽ “ദാറു ഇഫ്താഇൽ അസ്ഹരിയ്യ ” സ്ഥാപിക്കപ്പെട്ടു. പ്രസിദ്ധപ്പെടുത്തിയവയും അല്ലാത്തവയുമായ നിരവധി അത്യമൂല്യ രചനകളെ കൊണ്ട് സമ്പന്നമാണ് ഇന്നും ആ ഗ്രന്ഥശാല. ആധുനിക സംവിധാനം ഇത്രമേൽ വ്യാപകമല്ലാത്ത കാലത്ത് പ്രമുഖ ഗ്രന്ഥങ്ങൾ ഒരു നോക്ക് കാണാൻ വേണ്ടി ചാലിയത്ത് പ്രസ്തുത ഗ്രന്ഥശാല സന്ദർശിച്ച അനുഭവം പ്രമുഖരായ പല പണ്ഡിതരും സ്മരിക്കാറുണ്ട്.

സൈനുദ്ദീൻ മഖ്ദൂം കബീർ തങ്ങൾ തനിക്ക് കിട്ടിയ ചോദ്യങ്ങൾക്ക് നൽകിയ മറുപടി, ഇമാം റാഫിഈ (റ)ന്റെ മുഹറർ, ഹി. 947 ൽ വഫാത്തായ ഇമാം ത്വുംബദാ വീ(റ) ന്റെ ഫതാവ, ഖാളീ മുഹമ്മദ് (റ)ന്റെ ഫത്ഹുൽ മുബീൻ, ശൈഖുൽ ഇസ്്ലാം ഇബ്നു ഹജറുൽ ഹൈതമി(റ)ന്റെ ഫതാവ, അലിയ്യു ബാ സ്വബരി (റ) ഫത്ഹുൽ മുഈൻ വിശദീകരിച്ച് രചിച്ച “ഇആനത്തുൽ മുസ്തഈൻ ” എന്നിവയു ടെ കൈയെഴുത്ത് പ്രതിയുടെ പകർപ്പുകൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

ഹിബ്രു ഭാഷയിലുള്ള ബൈബിൾ, തൗറാത്ത്, ഉപനിഷത്തുകൾ, രാമായണം, ഭഗവത്ഗീത, മഹാഭാരതം എന്നിവയും ഇവിടുത്തെ ശേഖരത്തിൽ കാണാം.

ശാലിയാത്തിയുടെ രചനകൾ

മുൻഗാമികളായ ഇമാമുകളെ ഓർമിപ്പിക്കും വിധമായിരുന്നു ജ്ഞാനലോകത്തിന് അനൽപ്പങ്ങളായ സംഭാവനകൾ നൽകി ത്യാഗപൂർണമായ ശാലിയാ ത്തിയുടെ ജീവിതം. നിറഞ്ഞൊഴുകുന്ന വ്യത്യസ്ത വൈജ്ഞാനിക ശാഖകളുടെ സംഗമസ്ഥാനമായിമാറിയ മഹാനവർകൾ അത്യമൂല്യമായ തന്റെ വിജ്ഞാന മുത്തുകൾ പിൽക്കാലത്തേക്ക് കൈമാറുന്നതിന് നടത്തിയത് അക്ഷീണ പരിശ്രമമായിരുന്നു. തലമുറകളിലുടെ ജ്ഞാന പ്രസരണം സാധ്യമാക്കാനുള്ള പ്രധാന വഴി രചനയാണല്ലോ. ആശയ സമ്പുഷ്ടത കൊണ്ടും സാഹിത്യ ഭംഗികൊണ്ടും ശ്രദ്ധേയമാണ് ശാലിയാത്തിയുടെ ഗ്രന്ഥങ്ങൾ. പകരക്കാരനില്ലാത്ത മലബാറിന്റെ ജ്ഞാനപുത്രൻ തന്റെ പതിനെട്ടാമത്തെ വയസ്സിൽ തന്നെ രചനാ ലോകത്തേക്ക് പ്രവേശിച്ചിട്ടുണ്ട്. അറിവിന്റെ എല്ലാ ശാഖകളിലും അവിടുത്തേക്ക് കനപ്പെട്ട ഗ്രന്ഥങ്ങളുണ്ട്. മഹാനവർകളുടെ ചില രചനകൾ പരിചയപ്പെടാം.
ഹദീസ് വിജ്ഞാനത്തിൽ വിശ്വപ്രസിദ്ധമായ രചനയാണല്ലോ ഇമാം നവവി(റ) ന്റെ കിതാബുൽ അർബഈൻ. അതിന് മഹാനവർകൾ നൽകിയ വിശദീകരണമാണ് “അസ്സൈറുൽ ഹസീസ് ലി തഖ്്രീജി അർബഈൻ” “ഖൈറുൽ അദില്ലതി ഫീ ഹദ് യി ഇസ്തിഖ് ബാലിൽ ഖിബ്്ലത്തി…” ഏകദേശം നൂറ് വർഷം മുമ്പ് മദ്രാസിൽ നിന്നാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്.

ശാലിയാത്തിയുടെ മുമ്പിലെത്തിയ ചോദ്യങ്ങൾക്ക് പ്രമാണ ബന്ധമായി നൽകിയ മറുപടികളുടെ ക്രോഡീകരണമാണ് “ഫതാവൽ അസ്ഹരിയ്യ ഫിൽ അഹ്കാമി ശ്ശറഇയ്യ”. മസ്ബൂഖിന്റെ നിയമങ്ങൾ വിവരിക്കുന്ന കിതാബാണ് “അൽബയാനുൽ മൗസൂഖ് ഫീ മഹല്ലി ഇൻതിളാരിൽ മസ്ബൂഖ്”. “ഇഫ്ഹാമുസ്സാ ഇലിൽ മുഹ്തദി വ ഇഫ്ഹാമു സ്വാഇലിൽ മുഅതദി ഫീ മസ്അലത്തി ഇൻതിളാരിൽ മുഖ്തദി”, “അൽ ഉറഫുശ്ശദാ ലി ഇസാലതി നത്്നിൽ ബദാ ” എന്നിവ ജമാഅത്ത് നിസ്കാരത്തിന്റെ നിയമങ്ങൾ വിവരിച്ച് എഴുതിയ മറ്റു ഗ്രന്ഥങ്ങളാണ്. ഫോട്ടോഗ്രാഫി എടുക്കൽ അനുവദനീയമോ അല്ലയോ എന്ന വിഷയത്തിൽ എഴുതിയതാണ് “അൽ ഹുക്മു റാസിഖ് ഫീ സ്വൂരിൽ മശായിഖ്”. ത്വലാഖുമായി ബന്ധപ്പെട്ട് സംശയങ്ങൾ പലരും ഉന്നയിച്ചപ്പോൾ ആ വിഷയത്തിൽ സംശയങ്ങൾക്ക് പഴുത് നൽകാത്ത വിധം നടത്തിയ സമഗ്ര രചനയാണ് “അൽ ഖസ്വീദത്തുൽ അസ്ഹരിയ്യ ഫീ ഹുക്മി ത്വലാഖ് ബിൽ കലിമാത്തിൽ മലബാരിയ്യ”.

മരണാനന്തര സ്വത്ത് വിഭജന ജ്ഞാനത്തെ (ഇൽമുൽ ഫറാഇള് ) അറിവിന്റെ പകുതിയെന്ന് ഹദീസിൽ വിശദീകരിച്ചിട്ടുണ്ട്. സമൂഹത്തിൽ നിന്ന് ആദ്യം ഉയർത്തപ്പെടുന്നതും ഈ അറിവാണ്. ഈ ശാഖയിലെ മഹാനവർകളുടെ കിടയറ്റ രചനയാണ് “ദഫ്ഉൽ ഔഹാം ഫീ തൻസീലി ദവിൽ അർഹാം “. കർമശാസ്ത്രത്തിൽ അദ്ദേഹം രചിച്ച മറ്റു രചനകളാണ് “ഇഫാദത്തുൽ മുസ്തഈദ് ബി ഇആദതിൽ മുസ്തഫീദ് , സഅയുൽ ഖറാബ് ഇലാ റമ്്യി ത്തുറാബ്, ഇത്വാലതുൽ ഇഖാബ് അലാ ഇസാലതിൽ ഹിജാബ്, അൽ അവാഇദുദ്ദീനിയ്യ ഫീ തൽഖീസ്വിൽ ഫവാഇദിൽ മദനിയ്യ , ഹുക്മു ത്വഹാറ തൈനി ബി ഗസ്്ലിൻ ഔ ഗസ്്ലതൈനി ” എന്നിവയും അദ്ദേഹത്തിന്റെ രചനകളാണ്.
വിശ്വാസ ശാസ്ത്രത്തിൽ ഉയർന്ന സംശയങ്ങൾക്ക് ശാലിയാത്തി നൽകിയ കൃത്യമായ മറുപടികൾ ക്രോഡീകരിച്ചതാണ് “അൽ ഫതാവദ്ദീനിയ്യ”.
ആദർശ രംഗത്ത് ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത മഹാനവർകൾ അഹ്്ലുസ്സുന്നയുടെ തനതായ ആശയം നിർഭയം ആരുടെ മുമ്പിലും പറഞ്ഞിരുന്നു.

Latest