എറണാകുളം മലയാറ്റൂരില്‍ കെട്ടിടത്തില്‍ സൂക്ഷിച്ച വെടിമരുന്ന് പൊട്ടിത്തെറിച്ചു; രണ്ടു മരണം

Posted on: September 21, 2020 8:19 am | Last updated: September 21, 2020 at 4:14 pm

എറണാകുളം | എറണാകുളത്തെ മലയാറ്റൂരില്‍ പാറമടയ്ക്കു സമീപത്തെ കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. സേലം സ്വദേശി പെരിയണ്ണന്‍ (40), ചാമരാജ് നഗര്‍ സ്വദേശി ഡി നാഗ എന്നിവരാണ് മരിച്ചത്. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടം. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങിയിരുന്ന തൊഴിലാളികളെ ഇളവുകള്‍ വന്നതോടെ പാറമട ഉടമകള്‍ തിരിച്ചുവിളിച്ചിരുന്നു. നാഗയും പെരിയണ്ണനും 12 ദിവസം മുമ്പാണ് പാറമടയില്‍ ജോലിക്കായി തിരിച്ചെത്തിയത്. തുടര്‍ന്ന് വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ ക്വാറന്റൈനില്‍ കഴിഞ്ഞുവരികയായിരുന്നു.