കോഴിക്കോട്ട് ശക്തമായ തിരമാലയില്‍ ആളില്ലാത്ത മത്സ്യബന്ധന ബോട്ട് കരക്കടിഞ്ഞു

Posted on: September 20, 2020 9:21 am | Last updated: September 20, 2020 at 9:21 am

കോഴിക്കോട് | ശക്തമായ തിരമാലയില്‍ കോഴിക്കോട്ട് ആളില്ലാത്ത മത്സ്യബന്ധനബോട്ട് കരക്കടിഞ്ഞു. വെള്ളയില്‍ ഹാര്‍ബറിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് ബോട്ട് കരക്കടിഞ്ഞത്. മത്സ്യബന്ധനവലയും അനുബന്ധ ഉപകരണങ്ങളുമാണ് ബോട്ടിലുള്ളത്.

ആറ് മണിയോടെ മത്സ്യത്തൊഴിലാളികളാണ് കടലില്‍ ബോട്ട് കണ്ടത്. എന്നാല്‍ ശക്തമായ തിരമാല കാരണം അവര്‍ക്ക് ബോട്ടിന് അടുത്തേക്ക് പോകാനായില്ല. പിന്നീട് തിരമാലയുടെ ശക്തിയില്‍ ബോട്ട് കരക്കടയുകയായിരുന്നു. ബോട്ടിലുള്ള സാധനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ മാറ്റിയിട്ടുണ്ട്. ബോട്ട് പൂര്‍ണമായും തകര്‍ന്നനിലയിലാണ്.

താനൂരില്‍ നിന്ന് കാണാതായ ബോട്ട് ആണോ ഇതെന്ന് മത്സ്യത്തൊഴിലാളികള്‍ സംശയിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് പരിശോധന നടത്തുന്നതിനായി താനൂരില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ കോഴിക്കോട്ടേക്ക് തിരിച്ചു. എലത്തൂരില്‍ നിന്നുള്ള കോസ്റ്റ് ഗാര്‍ഡ് സംഘവും വെള്ളയില്‍ ഹാര്‍ബറില്‍ എത്തിയിട്ടുണ്ട്.