കർഷക ബിൽ ഇന്ന് രാജ്യസഭയിൽ; എൻ ഡി എയിൽ ഭിന്നത, പ്രാദേശിക കക്ഷികൾ നിർണായകം

Posted on: September 20, 2020 6:33 am | Last updated: September 20, 2020 at 1:20 pm

ന്യൂഡൽഹി | രാജ്യത്താകെ കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ, വിവാദമായ മൂന്ന് കാർഷിക ബില്ലുകൾ ഇന്ന് രാജ്യസഭയിൽ. സ്വന്തമായി ഭൂരിപക്ഷമില്ലാത്ത ഉപരിസഭ കടക്കാൻ സർക്കാറിന് വിയർക്കേണ്ടിവരും. അതേസമയം, കൊവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ സഭയിൽ അംഗങ്ങളുടെ എണ്ണം കുറഞ്ഞത് സർക്കാറിന് നേരിയ ആശ്വാസം നൽകുന്നുണ്ട്.

നേരത്തേ, ദേശീയ പൗരത്വ ഭേദഗതി നിയമം, കശ്മീർ വിഭജന നിയമം, സാന്പത്തിക സംവരണം സംബന്ധിച്ച നിയമം തുടങ്ങിയവ രാജ്യസഭയിൽ പാസ്സാക്കാൻ എൻ ഡി എക്ക് പുറത്ത് നിന്നുള്ള കക്ഷികളുടെ പിന്തുണയോടെ ബി ജെ പി സർക്കാറിന് സാധിച്ചിരുന്നു.

243 അംഗ രാജ്യസഭയിൽ 122 എന്നതാണ് മാന്ത്രിക സംഖ്യ. നിലവിൽ എൻ ഡി എ കക്ഷികൾക്ക് 105 വോട്ടുകൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.  പ്രതിപക്ഷത്തിന് നൂറ് വോട്ടുകൾ വരെ ലഭിച്ചേക്കും. നേരത്തേ, പ്രദേശിക കക്ഷികളുടെ പിന്തുണയോടെയാണ് രാജ്യസഭയിൽ നിർണായക ബില്ലുകൾ സർക്കാർ പാസ്സാക്കിയെടുത്തത്. എന്നാൽ, കാർഷിക ബില്ലുകളിൽ എൻ ഡി എയിൽ ഭിന്നത തുടരുന്ന പശ്ചാത്തലത്തിൽ സർക്കാറിന് വലിയ പ്രതിസന്ധിയാണ്.
രാജ്യസഭയിലെ പത്ത് അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതും ചിദംബരം ഉൾപ്പെടെയുള്ള 15 പേർ സഭയിൽ എത്തില്ലെന്നതും സർക്കാറിന് തുണയാകും. എൻ ഡി എ ഘടകകക്ഷിയായ അകാലിദൾ മന്ത്രിസഭയിൽ നിന്ന് രാജിവെച്ച് ബില്ലിനെ എതിർക്കുന്നത് പ്രതിപക്ഷത്തിന് അനുകൂലമാകും. ഇത് സഭയിൽ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചേക്കുമെന്നും കരുതുന്നുണ്ട്. അംഗങ്ങൾ ഹാജരാകണമെന്ന് കാണിച്ച് ബി ജെ പിയും അകാലിദളും അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്.

ബില്ലിനെതിരെ വോട്ട് ചെയ്യണമെന്ന് ടി ആർ എസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവു പാർട്ടി എം പിമാർക്ക് നിർദേശം നൽകി. സാധാരണയായി സർക്കാറിന്റെ രക്ഷക്കെത്തുന്ന വൈ എസ് ആർ കോൺഗ്രസ് ഉൾപ്പെടെയുള്ളവർ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രാദേശിക കക്ഷികൾ പൊതുവിൽ ഇക്കുറി സർക്കാറിനെ പിന്തുണക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ബില്ലിനെ പിന്തുണക്കുമെന്ന് ശിവസേനയും എ ഐ എ ഡി എം കെയും വ്യക്തമാക്കിയിട്ടുണ്ട്. 135 അംഗങ്ങളുടെ പിന്തുണ ബില്ലിനുണ്ടാകുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്.

ഫാമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ബിൽ 2020, ഫാർമേഴ്‌സ് എംപവർമെന്റ്ആൻഡ് പ്രൊട്ടക്്ഷൻ) എഗ്രിമെന്റ്ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവീസ് ബിൽ 2020 എന്നിവ രാവിലെ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അവതരിപ്പിക്കും. അതിന് ശേഷം ഉപഭോക്തൃകാര്യ- ഭക്ഷ്യ- പൊതുവിതരണ സഹമന്ത്രി ദാൻവേ റൈസാബ് ദാദറാവു അവശ്യവസ്തു ഭേദഗതി ബില്ലും അവതരിപ്പിക്കും.

കെ കെ രാഗേഷ്, എളമരം കരീം, ബിനോയ് വിശ്വം, കെ സി വേണുഗോപാൽ, ഡെറിക് ഒബ്രയിൻ, ദിഗ്്വിജയ് സിംഗ് എന്നിവർ ബില്ലുകളെ എതിർത്ത് പ്രമേയം അവതരിപ്പിക്കുന്നതിന് അപേക്ഷ നൽകിയിട്ടുണ്ട്.

ALSO READ  രാജ്യസഭയില്‍ ചൂടേറിയ സംവാദം; കര്‍ഷക ബില്‍ മരണ വാറണ്ടെന്ന് കോണ്‍ഗ്രസ്; തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

അതിനിടെ, ഹരിയാനയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷക പ്രക്ഷോഭം ഇന്നലേയും അരങ്ങേറി. ഭാരതീയ കിസാൻ യൂനിയന്റെ ആഭിമുഖ്യത്തിൽ ഹരിയാനയിലെ വിവിധ കേന്ദ്രങ്ങളിൽ കർഷകർ റോഡ് ഉപരോധിച്ചു. റോഡ് ഉപരോധം ഇന്നും തുടരും. പഞ്ചാബിൽ പ്രതിഷേധത്തിൽ പങ്കെടുത്ത വയോധികൻ വിഷം കഴിച്ച് മരിച്ചു. മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.