ചിറ്റയം ഗോപകുമാര്‍ എം എല്‍ എക്ക് കൊവിഡ്

Posted on: September 19, 2020 8:10 pm | Last updated: September 19, 2020 at 8:12 pm

അടൂര്‍ | ചിറ്റയം ഗോപകുമാര്‍ എം എല്‍ എക്കും കുടുംബത്തിനും കൊവിഡ്- 19 സ്ഥിരീകരിച്ചു. എം എല്‍ എ, ഭാര്യ, രണ്ട് മക്കള്‍, ഡ്രൈവര്‍, പി എ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളുമുള്‍പ്പെടെ അദ്ദേഹവുമായി നേരിട്ട് സന്പർക്കം പുലർത്തിയ നിരവധി പേര്‍ ക്വാറന്റൈനില്‍ പോകും.

അതേസമയം, പത്തനംതിട്ടയില്‍ ഇന്ന് 221 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 35 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 176 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. 23 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

കഴിഞ്ഞ 17ന് മരിച്ച കോട്ട സ്വദേശി (70)ക്കും ഇന്ന് രോഗം സ്ഥീരീകരിച്ചു. മരണശേഷം നടന്ന പ്രാഥമിക സ്രവ പരിശോധനയില്‍ രോഗ ബാധിതനാണെന്ന് വ്യക്തമായി. പ്രമേഹം, രക്താതി സമ്മര്‍ദം തുടങ്ങിയവയ്ക്ക് ചികിത്സയില്‍ ആയിരുന്നു. ജില്ലയില്‍ ഇതുവരെ 5,646 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗമുക്തരായവരുടെ എണ്ണം 4,425 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1,182 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1,153 പേര്‍ ജില്ലയിലും 29 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കൊവിഡ്19 ബാധിതരായ 170 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ 1,216 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്നലെ പുതിയതായി 185 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ആകെ 16,500 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.44 ശതമാനമാണ്.

ALSO READ  പത്തനംതിട്ടയില്‍ 133 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.51 ശതമാനം