Connect with us

National

കാര്‍ഷിക ബില്ലുകള്‍ നാളെ രാജ്യസഭയില്‍: ഹരിയാനയില്‍ വന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍

Published

|

Last Updated

ചണ്ഡീഗഡ്| കാര്‍ഷിക ബില്ലുകള്‍ക്കെതിരേ ഹരിയാനയില്‍ വന്‍ പ്രതിഷേധം തുടരുന്നു. നാളെ സംസ്ഥാനത്തെ മൂന്ന് പ്രധാന ദേശീയപാതകള്‍ മൂന്ന് മണിക്കൂര്‍ ഉപരോധിക്കുമെന്ന് ഹരിയാന കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂണിയന്‍(ബികെയു) അറിയിച്ചു. 12 മണി മുതല്‍ മൂന്ന് മണിവരെ ദേശീയപാത ഉപരോധിക്കുമെന്നാണ് അവര്‍ അറിയിച്ചത്.

കര്‍ഷകര്‍ക്കെതിരേയുള്ള ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുക, കാര്‍ഷിക വിപണി സര്‍ക്കാര്‍ തുറക്കുക, ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ലാഭം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദേശീയപാത ഉപരോധിക്കുന്നത്. അംബാല ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന് പുറത്ത് നടന്ന പ്രതിഷേധത്തിനിടയില്‍ ദേശീയപാത ഉപരോധിക്കണമെന്ന് ബി കെ യു അംഗങ്ങളോട് ആവശ്യപ്പെട്ടു. അതേസമയം, കര്‍ഷകര്‍ ദേശീയപാത തടയരുതെന്നും കൊവിഡ് രോഗികളുമായി പോകുന്ന ആംബുലന്‍സുകളെ ആശുപത്രിയിലെത്താന്‍ അനുവദിക്കണമെന്നും ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞു. കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. ഇന്ത്യ സ്വതന്ത്രമായ രാജ്യമാണ്. ഭരണഘടന അത് അനുശാസിക്കുന്നുണ്ടെന്നും ബി ജെ പി മന്ത്രി പറഞ്ഞു.

അതേസമയം, കര്‍ഷകരെ പ്രതിപക്ഷം ദുരുപയോഗം ചെയ്യുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു. യമുനാനഗര്‍ ടോള്‍ പ്ലാസ, കുരുക്ഷേത്ര- യമുനാനഗര്‍ റോഡ്, കുരുക്ഷേത്ര- പെഹുവോ റോഡ്, കുരുക്ഷേത്ര-കിര്‍മാ റോഡ്, അംബാല-ഹിസാര്‍ റോഡ്, ശബാദ്- പങ്കുള റോഡ് എന്നിവിടങ്ങളിലാണ് നാളെ ഉപരോധം സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 24 മുതല്‍ 26 വരെ പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിള്‍ വ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കേയാണ് റോഡ് ഉപരോധം. നാളെ രാജ്യസഭയില്‍ കര്‍ഷക ബില്ലുകള്‍ അവതരിപ്പിക്കാനിരിക്കേയാണ് കര്‍ഷകര്‍ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.