പ്രതിഷേധം ശക്തം; കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കില്ല

Posted on: September 19, 2020 8:11 am | Last updated: September 19, 2020 at 11:00 am

ന്യൂഡല്‍ഹി | കര്‍ഷക സംഘടനകളുടെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ സാധ്യതയില്ല.പ്രതിഷേധം തുടരുന്നതിനിടെ ബില്ലുകള്‍ കൊണ്ടുവന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്ര സര്‍ക്കാര്‍. ബില്ലില്‍ പ്രതിഷേധിച്ച് അകാലികള്‍ മന്ത്രി ഹര്‍സിമ്രത് കൗര്‍ സ്ഥാനം രാജിവെച്ചിരുന്നു.

ഹരിയാനയില്‍ ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയും ബില്ലുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ബില്ലിനെതിരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രതിഷേധം ശക്തമാകുകയാണ്.
നിലവിലെ സാഹചര്യത്തില്‍ സമവായം ഉണ്ടാക്കിയ ശേഷം ബില്ല് രാജ്യസഭയില്‍ കൊണ്ടുവരാനാണ് നീക്കം. കഴിഞ്ഞ ദിവസം ബില്ലിനെ അനുകൂലിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ബില്ലിന്റെ പേരില്‍ പ്രതിപക്ഷം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബില്ലുകള്‍ കര്‍ഷകരുടെ ഗുണം മാത്രം മുന്‍നിര്‍ത്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

പാപ്പരത്ത നിയമഭേദഗതി, ബേങ്കിംഗ് നിയന്ത്രണ ബില്‍ തുടങ്ങിയവ ഇന്ന് രാജ്യസഭയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിഷയത്തില്‍ ഇന്നും യുഡിഎഫ് എംപിമാര്‍ നോട്ടീസ് നല്‍കും