വെടിയുണ്ട തലയില്‍ കൊണ്ട് പരുക്കേറ്റ ലബനാന്‍ ഫുട്‌ബോള്‍ താരം മരിച്ചു

Posted on: September 18, 2020 11:45 pm | Last updated: September 19, 2020 at 8:38 am

ബൈറൂത്ത് | ബൈറൂത്തില്‍ കഴിഞ്ഞ മാസമുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടയാള്‍ക്ക് ആദരമര്‍പ്പിച്ച് ഉതിര്‍ത്ത വെടിയുണ്ട തലയില്‍ കൊണ്ട് പരുക്കേറ്റ ലെബനാന്‍ ഫുട്‌ബോള്‍ താരം മരിച്ചു. മൂന്ന് തവണ ലെബനാന്‍ ടീമിന്റെ നായകനായിരുന്ന മുഹമ്മദ് അത്‌വി (32) ആണ് മരിച്ചത്. ആഗസ്റ്റ് 21നാണ് അത്‌വിക്ക് പരുക്കേറ്റത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട അഗ്‌നിശമന സേനാ ഉദ്യോഗസ്ഥന്റെ മൃതദേഹ സംസ്‌ക്കാര ചടങ്ങിനിടെ ആദരസൂചകമായി ആകാശത്തേക്ക് വെടിയുതിര്‍ത്തപ്പോള്‍ ഒരു ബുള്ളറ്റ് തെരുവിലൂടെ നടക്കുകയായിരുന്ന അത്‌വിയുടെ തലയില്‍ കൊള്ളുകയായിരുന്നു. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

നിരവധി ലെബനാന്‍ ക്ലബുകള്‍ക്കായി അത്‌വി കളിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ ലീഗില്‍ വിജയിച്ച ബൈറൂത്തിലെ അന്‍സാര്‍ ക്ലബ് ടീമില്‍ അംഗമായിരുന്നു. കായിക രംഗത്തെ ദുഃഖകരമായ ദിനമെന്ന് അല്‍ അഖ അല്‍ അഹ്്‌ലി ക്ലബ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. വെടിയുണ്ടയേറ്റുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ആഘോഷങ്ങള്‍ക്കും മൃതദേഹ സംസ്‌ക്കാര ചടങ്ങിലും ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നത് രാജ്യത്ത് സാധാരണമാണ്.