സര്‍ക്കാര്‍ ഇടപെടലുകളുടെ ഫലം ഇല്ലാതാക്കരുത്; കൊവിഡ് കാലത്ത് സമരങ്ങള്‍ അഴിച്ചുവിടുന്നവര്‍ക്കെതിരെ മന്ത്രി

Posted on: September 17, 2020 3:20 pm | Last updated: September 17, 2020 at 7:07 pm

തിരുവനന്തപുരം | കൊവിഡ് ഭീഷണിയുടെ കാലത്തും സംസ്ഥാനത്താകമാനം സമരങ്ങള്‍ അഴിച്ചുവിടുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഏഴ് മാസക്കാലത്തെ തീവ്രമായ ഇടപെടലുകളുടെ ഫലം ഇല്ലാതാക്കുന്ന രൂപത്തില്‍ സമരത്തിനിറങ്ങരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കുന്ന സ്ഥിതിയുണ്ടാക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിലെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചതിനാല്‍ വ്യാപന ശേഷി കൂടുതലാണെന്നാണ് ഗവേഷണ ഫലം വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ നല്ല ജാഗ്രതയോടെ കാര്യങ്ങള്‍ നീക്കിയില്ലെങ്കില്‍ അപകടകരമായ നിലയുണ്ടാകും.

സംസ്ഥാനത്തെ പ്രതിഷേധ സമരങ്ങളിലെ ആള്‍ക്കൂട്ടം രോഗവ്യാപനമുണ്ടാകാന്‍ ഇടയാക്കും. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളെല്ലാം ലംഘിച്ച് സമരങ്ങള്‍ നടത്തുന്നവര്‍ കടുത്ത ശിക്ഷക്ക് അര്‍ഹമായ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു.