ലുക്കാഷെങ്കോയെ ബെലാറസിന്റെ നിയമാനുസൃത പ്രസിഡന്റായി അംഗീകരിക്കാനാകില്ല: ഇ യു

Posted on: September 15, 2020 9:29 pm | Last updated: September 16, 2020 at 8:05 am

ബെലാറസ് | അലക്‌സാണ്ടര്‍ ലുക്കാഷെങ്കോയെ ബെലാറസിന്റെ നിയമാനുസൃത പ്രസിഡന്റായി യൂറോപ്യന്‍ യൂണിയന്‍ അംഗീകരിക്കുന്നില്ലെന്ന് ഇ യു നയതന്ത്ര മേധാവി ജോസെപ് ബോറെല്‍. ആഗസ്റ്റ് ഒമ്പതിന് നടന്ന തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ തിരിച്ചെത്തിയ ലുക്കാഷെങ്കോക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ സ്വാഗതമോതിയതിനു പിന്നാലെയാണ് ബോറെല്‍ ഇ യു നിലപാട് വ്യക്തമാക്കിയത്.

വഞ്ചനാപരമായ നീക്കങ്ങളിലൂടെയാണ് ലുക്കാഷെങ്കോ പ്രസിഡന്റ് പദവിയില്‍ എത്തിയതെന്ന് ഇ യു മേധാവി പാര്‍ലിമെന്റില്‍ പറഞ്ഞു. ‘സ്ഥിതിഗതികള്‍ വളരെ വ്യക്തമാണ്. ആഗസ്റ്റ് ഒമ്പതിലെ തിരഞ്ഞെടുപ്പിനെ കൃത്രിമ തിരഞ്ഞെടുപ്പായാണ് ഞങ്ങള്‍ വിലയിരുത്തുന്നത്.’ – യൂണിയന്റെ വിദേശ കാര്യങ്ങളുടെ ഉന്നത പ്രതിനിധിയായ ബോറെല്‍ പറഞ്ഞു. ലുക്കാഷെങ്കോയുടെ ഭരണത്തിനു കീഴില്‍ സമാധാനപരമായി പ്രക്ഷോഭം നടത്തിയ 7,500 പേരെ തടവിലാക്കിയതായും 500ഓളം പീഡനക്കേസുകള്‍ ചാര്‍ജ് ചെയ്തതായും അദ്ദേഹം ആരോപിച്ചു.

വിവാദമായ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലുക്കാഷെങ്കോയുടെ ഭരണത്തിനെതിരെ വ്യാപകവും ശക്തവുമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. പ്രക്ഷോഭകരെ സുരക്ഷാ സേനയെ ഉപയോഗിച്ച് ക്രൂരമായി നേരിട്ട അദ്ദേഹത്തിന്റെ നടപടിയെ അന്താരാഷ്ട്ര സമൂഹം പരക്കെ അപലപിക്കുകയും ചെയ്തിരുന്നു. ലുക്കാഷെങ്കോയുടെ തിരഞ്ഞെടുപ്പ് നിയമാനുസൃതമെന്ന് തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ നേരത്തെത്തന്നെ വ്യക്തമാക്കിയിരുന്നു. വോട്ടില്‍ കൃത്രിമം നടത്തുകയും പ്രക്ഷോഭകരെ അടിച്ചമര്‍ത്തുകയും ചെയ്തവര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചു വരികയാണെന്നും ഇ യു പറഞ്ഞിരുന്നു.