Connect with us

Editorial

ഡല്‍ഹി പോലീസ് ആരെയാണ്‌ പേടിപ്പിക്കുന്നത്?

Published

|

Last Updated

ഡല്‍ഹി വംശഹത്യാ കേസില്‍ തയ്യാറാക്കിയ അനുബന്ധ കുറ്റപത്രത്തില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള രാഷ്ട്രീയ, സാമൂഹിക നേതാക്കളുടെ പേര് പരാമര്‍ശിച്ചത് ജനാധിപത്യ വിശ്വാസികളില്‍ ഞെട്ടലുളവാക്കുന്നതും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയില്‍ പൊട്ടിപ്പുറപ്പെടുകയും മുസ്‌ലിംകള്‍ക്കെതിരായ ആസൂത്രിത ആക്രമണമായി മാറുകയും ചെയ്ത കലാപത്തിന്റെ ഗൂഢാലോചന സംബന്ധിച്ച കുറ്റപത്രത്തില്‍ യെച്ചൂരിക്ക് പുറമെ ജെ എന്‍ യു പ്രൊഫസര്‍ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ അപൂര്‍വാനന്ദ്, ചലച്ചിത്രകാരന്‍ രാഹുല്‍ റോയി, സാമൂഹിക പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് എന്നിവരെയും പരാമര്‍ശിക്കുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നും കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ മൊഴിയില്‍ പറയുന്ന പേരുകള്‍ പകര്‍ത്തുക മാത്രമാണ് ചെയ്തതെന്നും ഡല്‍ഹി പോലീസ് വിശദീകരിക്കുന്നു. രാജ്യത്താകെ ജനാധിപത്യവാദികള്‍ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയപ്പോഴാണ് പോലീസ് ഈ മയപ്പെടുത്തല്‍ നടത്തിയത്. വിദ്യാര്‍ഥികളുടേതെന്ന് പറയുന്ന മൊഴി തന്നെ കെട്ടിച്ചമച്ചതാണെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. എല്ലാ മൊഴികളും ഒരേ അച്ചില്‍ വാര്‍ത്തവയാണ്. “വലിയ നേതാക്കളു”ടെ നിര്‍ദേശപ്രകാരമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം നടന്നതെന്ന് ചില വിദ്യാര്‍ഥികള്‍ പറഞ്ഞുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ആണെങ്കില്‍ തന്നെ അത് എങ്ങനെയാണ് കലാപത്തിനുള്ള ഗൂഢാലോചനയാകുന്നത്? കലാപത്തീയിലേക്ക് എണ്ണ പകര്‍ന്നത് ബി ജെ പി നേതാക്കളായ കപില്‍ മിശ്രയും അനുരാഗ് ഠാക്കൂറുമൊക്കെയാണ്. അവര്‍ക്കെതിരെ ചെറുവിരലനക്കാത്ത പോലീസാണ് ജനാധിപത്യവാദികളെ നിയമക്കുരുക്കില്‍ പെടുത്താന്‍ കരുക്കള്‍ നീക്കുന്നത്. യെച്ചൂരി പ്രതികരിച്ചത് പോലെ, ഇത് രാഷ്ട്രീയ പകപോക്കലാണ്. പ്രതിഷേധങ്ങളെ കലാപമായി മുദ്ര കുത്തുകയെന്ന ഹീനമായ വളച്ചൊടിക്കലാണ് ഇവിടെ നടന്നിരിക്കുന്നത്. ഇത്തരം നടപടികള്‍ കൊണ്ടൊന്നും നീതിനിഷേധത്തിനെതിരായ സമരങ്ങള്‍ നിലയ്ക്കില്ല.

ജനകീയ പ്രക്ഷോഭങ്ങളെ ഭയപ്പെടുത്തി ദുര്‍ബലമാക്കുകയെന്ന ഭരണകൂട തന്ത്രത്തിന്റെ ഭാഗമായി മാത്രമേ ഇതിനെ കാണാനാകൂ. രാജ്യത്തിന്റെ രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കപ്പെട്ട ഐതിഹാസികമായ സമരമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്നത്. കൊവിഡ് മഹാമാരി ആ പോരാട്ടത്തെ താത്കാലികമായി നിശ്ചലമാക്കിയെങ്കിലും രാജ്യത്താകെ പടരുന്ന ജനസാഗരമായി ഈ പ്രക്ഷോഭം പുനരുജ്ജീവിപ്പിക്കപ്പെടുക തന്നെ ചെയ്യും. സമരക്കാരെ വേഷം കണ്ടാലറിയാം എന്ന് പറഞ്ഞ് സമരത്തിന് വര്‍ഗീയ പ്രതിച്ഛായ സൃഷ്ടിക്കാന്‍ തുനിഞ്ഞ പ്രധാനമന്ത്രിക്ക് സകല വിഭാഗങ്ങളിലെയും മനുഷ്യര്‍ തെരുവിലിറങ്ങിയാണ് മറുപടി നല്‍കിയത്. ഈ രാജ്യത്തിന്റെ പാരമ്പര്യത്തെയും ചരിത്രത്തെയും ബന്ദിയാക്കിയാണല്ലോ കേന്ദ്ര സര്‍ക്കാര്‍, പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയത്. രാഷ്ട്രത്തിന് ഏതെങ്കിലും മതത്തോട് മമതയോ വിദ്വേഷമോ ഇല്ലെന്നതാണ് ഇന്ത്യന്‍ മതനിരപേക്ഷതയുടെ അടിത്തറ. ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ മതനിരപേക്ഷത എന്ന ആശയം ഉദ്‌ഘോഷിക്കുന്നു. ആമുഖത്തില്‍ ഈ വാക്ക് ചേര്‍ക്കും മുമ്പ് തന്നെ ഭരണഘടനാ ശില്‍പ്പികള്‍ ഈ സംഹിതയുടെ നിരവധിയായ വ്യവസ്ഥകളില്‍ മതനിരപേക്ഷത അടിസ്ഥാന മൂല്യമായി സന്നിവേശിപ്പിച്ചിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 മതസ്വാതന്ത്ര്യത്തെ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്.

ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നു. പൗരന്‍ ഏതെങ്കിലും ഒരു മതത്തില്‍ വിശ്വസിക്കുന്നുവെന്നത് അയോഗ്യതയാകാന്‍ പാടില്ല. ഈ അടിസ്ഥാന തത്വമാണ് പൗരത്വ ഭേദഗതി നിയമം ലംഘിച്ചത്. രാഷ്ട്രത്തിന്റെ സ്വന്തം മതങ്ങളും രാഷ്ട്രത്തിന് സ്വീകാര്യമല്ലാത്ത മതവും രൂപപ്പെട്ടിരിക്കുന്നു. മതനിരപേക്ഷ രാഷ്ട്രത്തില്‍ നിന്ന് മതരാഷ്ട്രത്തിലേക്കുള്ള ചുവടായാണ് ചിന്തകരും ആക്ടിവിസ്റ്റുകളും ഹിന്ദുത്വവാദികളല്ലാത്ത സര്‍വ രാഷ്ട്രീയ നേതാക്കളും അതിനെ കണ്ടത്. അതുകൊണ്ട് തന്നെയാണ് രാജ്യത്തിന്റെ ഭരണഘടന കാത്തുസൂക്ഷിക്കാനുള്ള പോരാട്ടത്തില്‍ ലക്ഷക്കണക്കായ മനുഷ്യര്‍ തെരുവിലിറങ്ങിയത്. ഈ ജനതയുടെ പ്രതികരണ ശേഷി ഒടുങ്ങിയിട്ടില്ലെന്ന് ഭരണകൂടത്തിന് മനസ്സിലായി. അന്ന് തൊട്ട് തുടങ്ങിയതാണ് പ്രക്ഷോഭത്തില്‍ അണിനിരന്നവരെ കേസുകളില്‍ കുടുക്കുകയെന്ന തന്ത്രം. ഈ തന്ത്രത്തിന്റെ ഭാഗമായാണ് യെച്ചൂരിയെയും യോഗേന്ദ്ര യാദവിനെയുമൊക്കെ കുടുക്കാന്‍ നോക്കുന്നത്.

നിയമത്തിന് മുന്നില്‍ തുല്യനീതി ഉറപ്പ് നല്‍കുന്ന ആര്‍ട്ടിക്കിള്‍ 14 പിച്ചിച്ചീന്തുന്ന ഒരു കുറ്റപത്രമാണ് ഈ കേസില്‍ നേരത്തേ ഡല്‍ഹി പോലീസ് സമര്‍പ്പിച്ചതെന്നോര്‍ക്കണം. അക്രമികളെയും കലാപത്തിന് ആഹ്വാനം ചെയ്തവരെയും ഗൂഢാലോചനക്കാരെയുമെല്ലാം ഒഴിവാക്കി അക്രമവുമായി ബന്ധമില്ലാത്ത സി എ എ വിരുദ്ധ സമരക്കാരെയും ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികളെയും ശഹീന്‍ ബാഗിലെ സമര പോരാളികളെയും ആക്ടിവിസ്റ്റുകളെയുമാണ് ഡിസംബര്‍ 13 മുതല്‍ ഫെബ്രുവരി 25 വരെയുള്ള സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്ത ബി ജെ പി നേതാവ് കപില്‍ മിശ്ര, വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തിയ അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരുടെ പേരുകള്‍ കുറ്റപത്രത്തിലില്ല.

കപില്‍ മിശ്ര മോദി സര്‍ക്കാര്‍ അനുവദിച്ച വൈ കാറ്റഗറി സുരക്ഷയില്‍ തലസ്ഥാന നഗരിയില്‍ വിഹരിക്കുകയാണ്. പുറത്തു നിന്ന് 2,000 പേരെ കൊണ്ടുവന്ന് ആസൂത്രിതമായി നടത്തിയ വംശഹത്യയായിരുന്നു ഡല്‍ഹിയില്‍ അരങ്ങേറിയതെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം “ദ വയറി”നു നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. പൗരത്വ ഭേദഗതി നിയമാനുകൂലികളും പ്രതികൂലികളും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നില്ല ഡല്‍ഹിയില്‍ നടന്നത്. 2002ല്‍ ഗുജറാത്തില്‍ മോദിയുടെ ആശീര്‍വാദത്തോടെ അരങ്ങേറിയ വംശഹത്യയുടെ ഡല്‍ഹി പതിപ്പായിരുന്നു ഇത്.

തകര്‍ക്കപ്പെട്ട പള്ളികളും കടകളും അക്രമത്തിന്റെ ദിശ വ്യക്തമാക്കുന്നുണ്ട്. ഈ അതിക്രമത്തിന്റെ ഗൂഢാലോചകരെ തിരയേണ്ടത് ക്യാമ്പസിലോ ഇടത് നേതാക്കള്‍ക്കിടയിലോ അല്ല; ഡല്‍ഹിയിലെ പോലീസ് ആസ്ഥാനത്തും ഹിന്ദുത്വ സംഘടനകളുടെ കാര്യാലയങ്ങളിലുമാണ്.