അന്തസുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം: രമേശ് ചെന്നിത്തല

Posted on: September 13, 2020 2:57 pm | Last updated: September 13, 2020 at 5:43 pm

തിരുവനന്തപുരം | ഇതുപോലൊരു നാറിയ ഭരണം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും അന്തസ്സുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചൊഴിയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നേരത്തേ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ ഇഡി വിളിപ്പിച്ചു. ഇപ്പോള്‍മന്ത്രി പുത്രനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നു. വരുംദിവസങ്ങളില്‍ മന്ത്രിപുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും എതിരായ ആരോപണങ്ങളായിരിക്കും പുറത്തുവരിക. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുളള പദ്ധതിയായ ലൈഫ്മിഷനില്‍ കമ്മിഷനടിച്ച സ്വപ്ന സുരേഷുമായി മന്ത്രിപുത്രന് എന്താണ് ബന്ധമെന്നുളള കാര്യം പുറത്തുവരണമെന്നും ചെന്നിത്തല പറഞ്ഞു.

ഇത്രയേറെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ കാനം രാജേന്ദ്രന്‍ ഇതേ കുറിച്ച് പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. കാനം കാശിക്ക് പോയിരിക്കുകയാണോയെന്നും ചെന്നിത്തല ചോദിച്ചു. എല്ലാ കുറ്റങ്ങളും ചെയ്ത ജലീല്‍ ഫേസബുക്ക് പോസ്റ്റില്‍ പറയുന്നത് തങ്ങളിയാതെ ഈച്ച പോലും പാറില്ലെന്ന് പറഞ്ഞവരെ തോല്‍പ്പിച്ചതാണെന്നാണ്. ഈച്ചപോലും അറിയാതെ കാര്യങ്ങള്‍ ചെയ്യുന്നവരെയാണ് പഠിച്ച കളളന്മാര്‍ എന്ന് പറയുന്നത്. നമ്മുടെ നാട്ടില്‍ ധാരാളം കളളന്മാര്‍ ഉണ്ട്. താന്‍ അവരേക്കാള്‍ മിടുക്കനാണെന്ന് ജലീല്‍ തെളിയിച്ചിരിക്കുന്നു.

മന്ത്രിസഭ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സെപ്റ്റംബര്‍ 22ന് യുഡിഎഫ് സെക്രട്ടറിയേറ്റ് പടിക്കലും ജില്ലാ കലക്ടറേറ്റിന്റെ മുന്നിലും സത്യാഗ്രഹമിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.