ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ് പ്രൗഢമായി

Posted on: September 12, 2020 7:56 pm | Last updated: September 12, 2020 at 7:56 pm
‘തണലേകാം തുണയാകാം’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ് സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം | മഞ്ചേരി സാന്ത്വന സദനത്തിന്റെ സമര്‍പ്പണ ഭാഗമായി ‘തണലേകാം തുണയാകാം’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ സൈബര്‍ കോണ്‍ഫറന്‍സ് പ്രൗഢമായി. എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 500 പ്രതിനിധികള്‍ സംബന്ധിച്ചു.

മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന സാന്ത്വന സദനത്തില്‍ മെഡിക്കല്‍ കെയര്‍ സെന്റര്‍, ഡീ അഡിക്ഷന്‍ സെന്റര്‍, കൗണ്‍സലിംഗ് കേന്ദ്രം, ഹോം കെയര്‍ സര്‍വ്വീസ്, സാന്ത്വനം വളണ്ടിയര്‍ സേവനം, ആംബുലന്‍സ്, ജനാസ സംസ്‌കരണ കേന്ദ്രം തുടങ്ങിയവയാണ് പ്രഥമ ഘട്ടത്തില്‍ സംവിധാനിക്കുന്നത്. സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ജിദ്ദ പ്രാരംഭ പ്രാര്‍ഥന നിര്‍വഹിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ മുഖ്യാതിഥികളായി.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ പ്രസിഡന്റ് ആറ്റക്കോയ തങ്ങള്‍, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം അബൂബക്കര്‍ പടിക്കല്‍, വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാര്‍, ഇ കെ മുഹമ്മദ് കോയ സഖാഫി, കെ പി ജമാല്‍ കരുളായി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി പ്രസംഗിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമാപന പ്രാര്‍ഥന നിര്‍വഹിച്ചു.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള സഊദി എയര്‍ലൈന്‍സിന്റെ അപേക്ഷ  തളളിയ ഡി ജി സി എ നടപടിയില്‍ ജി സി സി സൈബര്‍ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കരിപ്പൂരിന്റെ ചിറകരിയാനുള്ള അധികൃതരുടെ നീക്കം ചെറുത്തു തോല്പിക്കുന്നതു വരെ സ്വദേശത്തും പ്രവാസ ലോകത്തും ശക്തമായ സമരപരിപാടികളുമായി എസ് വൈ എസ്, ഐ സി എഫ് നേതൃത്വം മുന്നോട്ടു പോവുമെന്നും സമ്മേളനം പ്രഖ്യാപിച്ചു.

ALSO READ  സൗഹൃദ രാജ്യത്തെപ്പോലും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന രാഷ്ട്രീയ, മാധ്യമ വിചാരണ ഭൂഷണമല്ല: എസ് വൈ എസ്