Connect with us

National

കര്‍ഷക വിരുദ്ധ കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ ഹരിയാനയില്‍ വന്‍ പ്രക്ഷോഭം

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കര്‍ഷക വിരുദ്ധ ഓര്‍ഡിനന്‍സിനെതിരെ ഹരിയാനയില്‍ തെരുവിലറങ്ങി ആയിരങ്ങള്‍. ദേശീയ പാത ഉപരോധിച്ചാണ് സമരക്കാര്‍ ഹരിയാനയില്‍ പ്രതിഷേധിച്ചത്. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കര്‍ഷകരും പ്രക്ഷോഭത്തിനിറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം തന്നെ പഞ്ചാബിലും പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു.

ഭക്ഷ്യധാന്യ സംഭരണത്തിന്റെ മിനിമം താങ്ങുവില സമ്പ്രദായം ഇല്ലാതാക്കുന്നതും, രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ സ്വകാര്യ മേഖലക്ക് തീറെഴുതി കൊടുക്കുന്നതുമാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഓഡിനന്‍സ് എന്ന് കര്‍ഷകര്‍ പറയുന്നു.

എസന്‍ഷ്യല്‍ കമോഡിറ്റീസ്(അമന്‍ഡ്മെന്റ്) ഓഡിനന്‍സ്, ഫാര്‍മേഴ്സ് (എംപവര്‍മെന്റ് അന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്യുറന്‍സ് ആന്‍ഡ് ഫാം സെര്‍വീസ് ഓഡിനന്‍സ്, ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് ഓഡിനന്‍സ് എന്നിവയ്ക്കെതിരെയാണ് പ്രതിഷേധം നടത്തുന്നത്.

കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കാന്‍ ഓഡിനന്‍സ് സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ കേന്ദ്ര നടപടി കര്‍ഷകരെ വലിയ ദുരിതത്തിലേക്ക് തള്ളിവിടുമെന്ന് കര്‍ഷക സംഘടനകളും പറയുന്നു. സെപ്തംബര്‍ പതിനാലിന് പാര്‍ലമെന്റ് ചേരാനിരിക്കെയാണ് കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കുന്നത്.