ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു; ചന്ദ്രബോധ് വധക്കേസ് പ്രതി നിസാമിന്റെ ജാമ്യം റദ്ദാക്കാന്‍ ജയില്‍ എഡിജിപി സര്‍ക്കാറിന് കത്ത് നല്‍കി

Posted on: September 12, 2020 6:50 am | Last updated: September 12, 2020 at 10:56 am

തൃശ്ശൂര്‍ | ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന നിഷാമിന്റെ ജാമ്യം റദ്ദാക്കണമെന്ന് ജയില്‍ ഡിജിപി റിഷിരാജ് സിംഗ്. നിഷാം ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടി റിഷിരാജ് സിംഗ് സര്‍ക്കാറിനും എ ജിക്കും കത്ത് നല്‍കി. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിഷാമിന് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസം 13നാണ് ഹൈക്കോടതി നിസാമിന് ഇടക്കാല ജാമ്യം അനുവദിച്ചത്.ആദ്യം 15 ദിവസത്തേക്ക് നേടിയ ജാമ്യം പിന്നീട് നീട്ടുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രിക്ക് പകരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പോകരുത് എന്നതുള്‍പ്പെടെയായിരുന്നു ജാമ്യ വ്യവസ്ഥകള്‍.

ഇതുള്‍പ്പെടെയുള്ളവ നിസാം ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിസാം ചികിത്സ തേടിയതായും ജയില്‍ ഡിജിപിയുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്ന് ജയില്‍ ഡിജിപി റിഷിരാജ് സിംഗ് ആവശ്യപ്പെട്ടത്. തുടര്‍ നടപടികള്‍ ആവശ്യപ്പെട്ട് സര്‍ക്കാറിനും എജിക്കും കത്ത് നല്‍കി . 2016 ല്‍ സെക്യൂറിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് കഴിയുകയാണ് നിസാം.