വൈവിധ്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട ഒരാള്‍

Posted on: September 11, 2020 11:10 pm | Last updated: September 12, 2020 at 12:24 am

അനീതിക്കെതിരെ അണയാത്ത അഗ്‌നി ജ്വലിപ്പിച്ച് അത് നാടാകെ പടര്‍ത്താനായി കര്‍മപഥത്തില്‍ അടിയുറച്ചു നിന്ന വിപ്ലവകാരിയാണ് സ്വാമി അഗ്‌നിവേശ്. ആര്യസമാജിലൂടെ ആത്മീയതയിലേക്കും അവിടെനിന്ന് സാമൂഹിക പരിഷ്‌ക്കരണ പ്രസ്ഥാനങ്ങളിലേക്കും കടന്നുവന്ന് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി സ്വയം ജ്വലിച്ചു നിന്ന കര്‍മയോഗിയാണ് ശ്യാം വേപ റാവു എന്ന സ്വാമി അഗ്‌നിവേശെന്ന് ആ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. ആന്ധ്രപ്രദേശിലെ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച്, ഒടുവില്‍ തന്റെ പേരും ജാതിയും മതവും കുടുംബവും ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച അഗ്‌നിവേശിന് കര്‍മവഴിയില്‍ ഒരിക്കലും കാലിടറിയിരുന്നില്ല. നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ, ആദ്യ ഘട്ടത്തില്‍ അധ്യാപനജോലി ചെയ്തിരുന്നു റാവു 1968ലാണ് വീടും ജോലിയും ഉപേക്ഷിച്ച് ആര്യസമാജത്തിലെത്തിയത്. ആര്യസമാജത്തില്‍ ചേര്‍ന്ന് സ്വാമി അഗ്നിവേശ് എന്ന പേര് സ്വീകരിച്ച് സന്യാസിയായ അദ്ദേഹം 1970ല്‍ ആര്യസഭ എന്ന രാഷ്ട്രീയ പാര്‍ട്ടിയും രൂപവത്ക്കരിച്ചു. ഇക്കാലയളവില്‍ തന്നെ ഡല്‍ഹിയിലും മറ്റും നിലനില്‍ക്കുന്ന അടിമവേലയ്ക്കെതിരെ ബന്ദുവാ മുക്തി മോര്‍ച്ച രൂപവത്ക്കരിച്ചു കൊണ്ട് പ്രചാരണ പരിപാടികളും മറ്റും ശക്തമാക്കി.

ദയാനന്ദ സരസ്വതിയെയും ഗാന്ധിജിയെയും കാള്‍ മാക്സിനെയും ജീവിതത്തില്‍ പകര്‍ത്തി അവരുടെ ദര്‍ശനങ്ങളുടെ സത്ത ഉള്‍ക്കൊണ്ടാണ് അഗ്‌നിവേശ് സമൂഹത്തിലേക്കിറങ്ങിയത്. ഇടക്കെപ്പൊഴോ കൂടുതല്‍ ജനകീയ പദ്ധതികള്‍ക്ക് രൂപം നല്‍കാനായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് ചുവടുമാറ്റി. കര്‍ഷകര്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കും വേണ്ടി നാടൊടുട്ടുക്കും ഓടിയെത്തിയ അദ്ദേഹം മദ്യനിരോധനത്തിന് വേണ്ടിയും സമരകാഹളം മുഴക്കി. ഇതിനിടയിലാണ് 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളില്‍ 14 മാസത്തോളം അഗ്‌നിവേശ് തടവിലുമാക്കപ്പെട്ടു.

1977ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഹരിയാന നിയമസഭയിലേക്ക് പിന്നീടുള്ള വഴിമധ്യേയെത്തി. ഭജന്‍ലാല്‍ മന്ത്രിസഭ രൂപവത്ക്കരിച്ചപ്പോള്‍ അതില്‍ വിദ്യാഭ്യാസ മന്ത്രിയായായാണ് അധികാരമേറ്റെടുത്തത്. അധികാരമുള്ളപ്പോഴും നിലപാടില്‍ മാറ്റം വരുത്താതെ, ഉള്ളിലെ സമരാവേശം കെടുത്താതെ പാവങ്ങള്‍ക്കായി കര്‍മരംഗത്ത് അടിയുറച്ചു നിന്നു. മന്ത്രിയായി നാലു മാസം പിന്നിട്ടപ്പോള്‍ ഫരീദാബാദിലെ വ്യവസായ നഗരത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം സ്വാമി നിലകൊണ്ടു. എന്നാല്‍, അതിനിടെയുണ്ടായ സംഘര്‍ങ്ങളെച്ചൊല്ലി സ്വന്തം സര്‍ക്കാറിനെതിരെ അന്വേഷണം വന്നപ്പോള്‍ മന്ത്രിസ്ഥാനം രാജിവച്ച് അധികാര രാഷ്ട്രീയം ഒഴിവാക്കി അഗ്‌നിവേശ് കര്‍മപഥം കുറേക്കൂടി വിശാലമാക്കി.

പുരി ജഗന്നാഥ ക്ഷേത്രം അഹിന്ദുക്കള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യമുന്നയിച്ചതിനാല്‍ പൂജാരിമാരുടെ ശക്തമായ വിമര്‍ശനമേല്‍ക്കേണ്ടി വന്ന സ്വാമിയെ കപടനെന്ന് മുദ്രകുത്തി സ്വന്തം സംഘടന തന്നെ കൈയൊഴിഞ്ഞു. ക്ഷേത്രം എല്ലാവര്‍ക്കുമായി തുറന്നു കൊടുക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ശുദ്ധ ഹിന്ദുവിരുദ്ധ സ്വഭാവമുള്ളതാണെന്ന് അഭിപ്രായപ്പെട്ടവര്‍ 1995 ല്‍ കമ്മ്യൂണിസ്റ്റ് സ്വാമിയെന്നാരോപിച്ച് അദ്ദേഹത്തെ ആര്യസമാജില്‍ നിന്നും പുറത്താക്കി. സമൂഹത്തിലെ ജാതീയവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങള്‍ക്കായി രാജ്യത്തിന്റെ എല്ലായിടത്തും ഓടിയെത്താന്‍ പിന്നീട് അഗ്‌നിവേശ് കുറേക്കൂടി സമയം കണ്ടെത്തി. മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്ത മീററ്റ് കലാപ കാലത്ത് ഡല്‍ഹിയില്‍ നിന്ന് മീറത്തിലേക്ക് സര്‍വമത യാത്ര നടത്തി. ഒഡീഷയില്‍ ആസ്ത്രേലിയന്‍ മിഷനറിയെ ചുട്ടുകൊന്ന ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്കെതിരെ മതനേതാക്കളെ കൂട്ടി പൊതുവേദിക്ക് രൂപം നല്‍കി. അങ്ങനെയങ്ങെനെ വര്‍ഗീയതക്കെതിരെയുള്ള പോരാട്ട മണ്ഡലം കുറേക്കൂടി വിശാലമാക്കി. ഗുജറാത്ത് കലാപകാലത്തും കലാപ ബാധിത പ്രദേശങ്ങളില്‍ ഓടിയെത്തി വര്‍ഗീയ ഫാസിസ്റ്റുകളുടെ അഴിഞ്ഞാട്ടത്തിനെതിരെ പ്രതിരോധ നിരയുണ്ടാക്കി. ആള്‍ക്കൂട്ടത്തിനിടയിലെത്തി കണ്ണീരിലാഴ്ന്ന കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി. പെണ്‍ശിശു ഭ്രൂണഹത്യക്ക് എതിരായ പ്രചാരണവുമായും രാജ്യം മുഴുവന്‍ സഞ്ചരിച്ചു. കാവി ധരിച്ചപ്പോഴും അദ്ദേഹം തീവ്രഹിന്ദുത്വത്തിനെതിരെ വാചാലനായി.

ഗോത്രവര്‍ഗ വിഭാഗക്കാരുടെ ഭൂമി ഏറ്റെടുക്കുന്നതിന് എതിരായ പ്രതിഷേധത്തെ പിന്തുണച്ചതിന്റെ പേരില്‍ ഒരിക്കല്‍ ഹിന്ദുത്വവാദികള്‍ അദ്ദേഹത്തെ ക്രൂരമായി ഉപദ്രവിച്ചു. വിവിധ മതങ്ങള്‍ക്കിടയില്‍ സംവാദം വേണമെന്ന നിലപാടായിരുന്നു അഗ്‌നിവേശിന്. ഇതിന്റെ പേരില്‍ കേരളത്തില്‍ എത്തിയപ്പോഴടക്കം വര്‍ഗീയവാദികളുടെ കൈയേറ്റം നേരിടേണ്ടി വന്നു. എല്ലാകാലത്തും അദ്ദേഹം ഭരണകൂട ഭീകരതക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തി. അധികാരത്തിലിരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ പിന്തുടരുന്നത് വീര്‍ സവര്‍ക്കറുടെ ഹിന്ദുത്വ തത്വശാസ്ത്രമാണെന്ന് വിളിച്ചു പറയാന്‍ സ്വാമി അഗ്നിവേശിന് മടിയുണ്ടായിരുന്നില്ല. ആരെയും ഭയവുമുണ്ടായില്ല. രാഷ്ട്രം ഭരിക്കുന്നവരുടെ ഹിന്ദുത്വ അസഹിഷ്ണുത വളര്‍ന്നുവരികയാണെന്ന് എല്ലായിടത്തും അദ്ദേഹം ഭയലേശമന്യേ പറഞ്ഞു. സവര്‍ക്കറും ഹിന്ദു വര്‍ഗീയവാദികളും മുസ്‌ലിങ്ങളെ പൗരന്മാരായി അംഗീകരിക്കാന്‍ വിസമ്മതിച്ചതാണ് രാജ്യത്തെ പ്രതിസന്ധിയിലാക്കും വിധം ദ്വിരാഷ്ട്രവാദം ശക്തമാക്കിയതെന്നും ആ നയം തന്നെയാണ് ബി ജെ പി പിന്തുടരുന്നതെന്നും അഗ്‌നിവേശ് വിളിച്ചു പറഞ്ഞു. ഇതൊന്നും ആരുടെയും കൈയടി നേടാനായിരുന്നില്ല. മറിച്ച് വൈവിധ്യങ്ങളുടെ കൂടിച്ചേരലുകളുള്ള ഈ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാനായിരുന്നു.