ജലീല്‍ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Posted on: September 11, 2020 9:31 pm | Last updated: September 11, 2020 at 9:38 pm

തിരുവനന്തപുരം | സ്വര്‍ണക്കടത്തു കേസില്‍ ഇ ഡി ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീല്‍ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാന നഗരിയില്‍ ബി ജെ പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജലീലിന്റെ കോലം കത്തിച്ച പ്രവര്‍ത്തകര്‍ പിന്നീട് അക്രമാസക്തരാവുകയായിരുന്നു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറെ നേരം ഉന്തും തള്ളുമുണ്ടായി.

പ്രവര്‍ത്തകരെ അനുനയിപ്പിച്ച് പിരിച്ചുവിടാന്‍ പോലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പരുക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്.