പത്തനംതിട്ടയില്‍ 135 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം

Posted on: September 10, 2020 7:41 pm | Last updated: September 10, 2020 at 7:41 pm

പത്തനംതിട്ട | പത്തനംതിട്ടയില്‍ 135 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 26 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 24 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. ബംഗാളില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ചിറ്റാര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് പുതിയ ക്ലസ്റ്റര്‍ രൂപപ്പെടുകയും ചെയ്തു.

ജില്ലയില്‍ ഇതുവരെ 4,509 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2,941 പേര്‍ സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരാണ്. ഇന്ന് 32 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 3,352 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1,122 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1,106 പേര്‍ ജില്ലയിലും 16 പേര്‍ ജില്ലക്ക് പുറത്തുമായി ചികിത്സയിലാണ്. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കൊവിഡ് ബാധിതരായ 40 ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ആകെ 1,168 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതുതായി 136 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 14,393 പേര്‍ നിരീക്ഷണത്തിലാണ്. 899 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കൊവിഡ് മൂലമുളള മരണനിരക്ക് 0.71 ശതമാനമാണ്. 5.05 ശതമാനമാണ് ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്
കൊവിഡ്19 മൂലം ജില്ലയില്‍ ഇതുവരെ 32 പേര്‍ മരണമടഞ്ഞു.

രണ്ട് പേര്‍ കൂടി മരിച്ചു
കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേര്‍ കൂടി ഇന്ന് മരിച്ചു. അടൂര്‍ വെള്ളകുളങ്ങര സ്വദേശി രഞ്ജിത്ത് ലാല്‍ (29), പന്തളം സ്വദേശി റജീന (41) എന്നിവരാണ് മരിച്ചത്. സെപ്തംബര്‍ ഒമ്പതിന് രോഗം സ്ഥിരീകരിച്ച രഞ്ജിത്ത് ലാല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. പ്രമേഹത്തിന് ചികിത്സയിലായിരുന്നു. സെപ്തംബര്‍ മൂന്നിന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശി റജീന കോട്ടയം മെഡിക്കല്‍ കോളജില്‍ മരണമടഞ്ഞു. വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. അതിനിടെ, പത്തനംതിട്ടയില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ക്വാറന്റൈനിലിരുന്നയാള്‍ തൂങ്ങി മരിച്ചു. കലഞ്ഞൂര്‍ സ്വദേശി നിഷാന്ത് (41) ആണ് മരിച്ചത്. റാന്നി പെരുമ്പുഴയിലെ ക്വാറന്റൈന്‍ സെന്ററിലെ ഫാനിലാണ് തൂങ്ങിയത്. താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭാര്യയെ ഫോണ്‍ വിളിച്ച് അറിയിച്ച ശേഷമാണ് ഇയാള്‍ ജീവനൊടുക്കിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.