അര്‍ണബിന്റെ റിപ്പബ്ലിക് ടി വിയില്‍ നിന്നും കൂട്ടരാജി

Posted on: September 10, 2020 3:05 pm | Last updated: September 10, 2020 at 5:56 pm

ന്യൂഡല്‍ഹി | അര്‍ണബ് ഗോസാമിയുടെ ബി ജെ പി അനുകൂല ചാനലായ റിപ്പബ്ലിക് ടിവിയില്‍ നിന്നും ജീവനക്കാരുടെ കൂട്ടരാജി. അതിരുകടന്ന മാധ്യ വിചാരണയില്‍ പ്രതിഷേധിച്ചും ചാനലിന്റെ ധാര്‍മികതെ ചോദ്യം ചോെയ്തുമാണ് വിവിധ സംസ്ഥാനങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ രാജിവെച്ചത്. നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയാ ചക്രബര്‍ത്തിക്കെതിരായി ചാനല്‍ അജന്‍ഡയില്‍ നടക്കുന്ന മാധ്യമ വിചാരണയാണ് ഇവര്‍ രാജിക്കായി ഉയര്‍ത്തിക്കാട്ടുന്നത്.

ധാര്‍മികമായ കാരണങ്ങളാല്‍ റിപ്പബ്ലിക് ടി വി വിടുകയാണെന്ന് റിപ്പബ്ലിക് ടി വി മാധ്യമ പ്രവര്‍ത്തകനായ ശാന്ത ശ്രീ സര്‍ക്കാര്‍ അറിയിച്ചു. താന്‍ നിലവില്‍ നോട്ടീസ് പിരീഡിലാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. റിയ ചക്രബര്‍ത്തിയെ നിന്ദിക്കാന്‍ റിപ്പബ്ലിക് ടി വി നടത്തുന്ന ആക്രമണാത്മക അജന്‍ഡയെ എതിര്‍ക്കാന്‍ എനിക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസിന്റെ സാമ്പത്തിക വശം പരിശോധിക്കാനായിരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും എന്നാല്‍ സുശാന്തിന്റെ പണമുപയോഗിച്ച് റിയ ഫ്ളാറ്റ് വാങ്ങിയെന്നതിന്റെ സൂചനകളൊന്നും ലഭിച്ചില്ലെന്നും ശാന്തശ്രീ പറയുന്നു. എന്നാല്‍ പിന്നീട് റിയയുടെ അപ്പാര്‍ട്ട്മെന്റ് സന്ദര്‍ശിച്ചവരെയെല്ലാം തന്റെ സഹപ്രവര്‍ത്തകര്‍ സംശയത്തിന്റെ നിഴലിലാക്കുന്നതാണ് കാണാന്‍ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു. സ്ത്രീകളോട് ആക്രോശിക്കുന്നതും വസ്ത്രം വലിച്ചുകീറുന്നതും ചാനലില്‍ പ്രസക്തമാണെന്നാണ് അവര്‍ കരുതുന്നത്-ശാന്തശ്രീ പറഞ്ഞു. ഈ കഥ എത്രത്തോളം തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്നും ഒരു സ്ത്രീ പരസ്യമായി അപമാനിക്കപ്പെടുന്നുവെന്നും ഞാന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 72 മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി ചെയ്യാനാണ് അവര്‍ എന്നോട് പറഞ്ഞതെന്നും ഇവര്‍ പറഞ്ഞു.

റിപ്പബ്ലിക് ടി വിയുടെ ജമ്മു കശ്മീര്‍ ബ്യൂറോ ചീഫ് തേജീന്ദര്‍ സിംഗ് സോധിയും സമാന ആരോപണമുന്നയിച്ചാണ് രാജിവെച്ചത്. അര്‍ണബ് വന്‍തോതില്‍ പണം സമ്പാദിക്കുന്നുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം,എന്നാല്‍ യഥാര്‍ഥ ജോലി ചെയ്യുന്ന ആളുകള്‍ക്ക് നിലക്കടലയാണ് ലഭിക്കുന്നതെന്നും തേജീന്ദര്‍ സിംഗ് പറഞ്ഞു.