ഡി വൈ എഫ് ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകരോട് ചെന്നിത്തല; സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് ഷൈലജ ടീച്ചര്‍

Posted on: September 8, 2020 5:04 pm | Last updated: September 8, 2020 at 5:05 pm

തിരുവനന്തപുരം | കൊവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ക്രൂരമായി പീഡിപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ കോണ്‍ഗ്രസ് ബന്ധത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വിവാദ മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മാത്രമേ പീഡിപ്പിക്കാനാവൂ എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോയന്നാണ് ചെന്നിത്തല ചോദിച്ചത്. നിങ്ങള്‍ പ്രചരിപ്പിക്കുന്നത് കള്ളമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൊവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടിലെത്തിയ യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍ കഴിഞ്ഞ ദിവസമാണ് ക്രൂരമായി പീഡിപ്പിച്ചത്. കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ അംഗവും സജീവപ്രവര്‍ത്തകനുമാണ് പ്രദീപ് കുമാറെന്ന് പ്രചാരണമുണ്ട്. ഇത് ചൂട്ടിക്കാട്ടിയപ്പോള്‍, പ്രദീപ് കുമാര്‍ കോണ്‍ഗ്രസുകാരനാണെന്ന് വെറുതെ കളളത്തരം പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. താന്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയല്ല അറിഞ്ഞതെന്നും എന്‍ ജി ഒ യൂനിയനില്‍ പെട്ട ആളാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും അദ്ദേഹം പറഞ്ഞു.

പീഡനത്തെ തമാശയായും നിസ്സാരമായും കണ്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവെന്നാണ് വ്യാപക വിമര്‍ശം. സാമൂഹിക മാധ്യമങ്ങളിലും മറ്റും വലിയ പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീത്വത്തെ അപമാനിച്ച ചെന്നിത്തല മാപ്പ് പറയണമെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിക്കുന്ന ആര്‍ക്കും ആരോഗ്യ വകുപ്പില്‍ സ്ഥാനമുണ്ടാകില്ലെന്നും അവര്‍ പറഞ്ഞു.

ALSO READ  പാലത്തിന്റെ ബീമുകൾ തകർന്ന സംഭവം: സംസ്ഥാന സർക്കാറിന്റെ മൗനം കുറ്റകരമെന്ന് ചെന്നിത്തല