Connect with us

Articles

ഒടുവില്‍ നിയമന നിരോധനവും

Published

|

Last Updated

ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതരുള്ള രാജ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇന്ത്യ. സംഘടിത വ്യാവസായിക രംഗത്ത് വലിയ വികസനമൊന്നും നാളിതുവരെ ഇവിടെയുണ്ടായിട്ടില്ല. വ്യവസായ മേഖലയില്‍ പുതുതായി ആര്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല, പല വ്യവസായ ശാലകളും പൂട്ടുന്നതിന്റെ ഭാഗമായി നിലവില്‍ തൊഴിലുള്ളവര്‍ പോലും തൊഴില്‍രഹിതരുടെ പട്ടികയിലേക്ക് നിഷ്‌കരുണം എറിയപ്പെടുകയാണ്. അസംഘടിത മേഖലയിലും പരമ്പരാഗത- കുടില്‍ വ്യവസായ മേഖലയിലുമാണ് രാജ്യത്തെ 40 കോടിയോളം പേര്‍ പണിയെടുക്കുന്നതെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാല്‍ കൊവിഡിന്റെ മറവില്‍ പരമ്പരാഗത തൊഴില്‍ അപ്പാടെ നിലമ്പറ്റിയ സ്ഥിതിയിലാണ്. തുച്ഛമായ കൂലിക്ക് പണിയെടുത്തിരുന്ന ഈ മേഖലയിലെ കോടാനുകോടി പേരാണ് തൊഴില്‍രഹിതരായി മാറിയിരിക്കുന്നത്. കൂടുതല്‍ പേര്‍ പണിയെടുക്കുന്ന കാര്‍ഷിക മേഖലയിലും വലിയ സ്തംഭനാവസ്ഥയാണ്. താഴേക്കിടയിലുള്ള ബഹുഭൂരിപക്ഷം സാധാരണ കൃഷിക്കാര്‍ക്കും സര്‍ക്കാറിന്റെ സഹായങ്ങള്‍ ഇപ്പോഴും അപ്രാപ്യമായി തുടരുകയാണ്. സര്‍ക്കാറിന്റെ കൊവിഡ് പാക്കേജുകളാകട്ടെ വെറും പ്രഹസനവും. സാധാരണ ജനങ്ങളുടെ കൈയില്‍ നേരിട്ട് സാമ്പത്തിക സഹായം എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഫലത്തില്‍ കൊവിഡിന്റെ ആനുകൂല്യങ്ങളെല്ലാം വന്‍കിട കുത്തകകള്‍ക്കും വ്യവസായികള്‍ക്കും ശതകോടീശ്വരന്മാര്‍ക്കുമുള്ള സഹായമായി ഈ സര്‍ക്കാര്‍ മാറ്റിയിരിക്കുന്നു.

രാജ്യത്തെ എല്ലാ പൊതുമേഖലാ വ്യവസായ ശാലകളും സ്വകാര്യവത്കരിക്കുകയാണല്ലോ. അമേരിക്കയടക്കമുള്ള വന്‍കിട മുതലാളിത്ത രാജ്യങ്ങളില്‍ പോലും ഈ നിലയില്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നാളിതുവരെ സ്വകാര്യവത്കരിച്ചിട്ടില്ല എന്ന കാര്യം ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. പുതുതായി ഈ സ്ഥാപനങ്ങളുടെ ചുമതലയേല്‍ക്കുന്ന വന്‍കിട സ്വകാര്യ വ്യവസായികള്‍ നിലവിലുള്ള ജീവനക്കാരോട് എന്ത് സമീപനമായിരിക്കും കൈക്കൊള്ളുക എന്ന കാര്യം ഊഹിക്കാവുന്നതേയുള്ളൂ. ഇതില്‍ മഹാഭൂരിപക്ഷം ജീവനക്കാരെയും കോമ്പന്‍സേഷന്‍ നല്‍കി പിരിച്ചുവിടുമെന്ന കാര്യത്തിലും യാതൊരു സംശയവുമില്ല. സ്ഥിരം ജീവനക്കാര്‍ ഇനി വേണ്ടെന്ന സമീപനമാണ് സര്‍ക്കാറിനുള്ളത്. കോണ്‍ട്രാക്ട് ലേബേഴ്‌സും താത്കാലിക ജീവനക്കാരുമായി മുഴുവന്‍ തൊഴിലാളികളും മാറാന്‍ പോകുകയാണ്. കുത്തകമുതലാളിത്ത താത്പര്യം നടപ്പാക്കുക തന്നെയാണ് ഇതിന്റെ ലക്ഷ്യവും.
സര്‍ക്കാര്‍ നിയമനങ്ങള്‍ രാജ്യത്തെ വളരെ ചെറിയ ഒരുവിഭാഗം യുവാക്കള്‍ക്കാണ് ലഭ്യമാകുന്നത്. ഇത് സ്ഥിരം ജോലിയാണ് എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. സ്റ്റാഫ് സെലക്്ഷന്‍ കമ്മീഷന്‍, യു പി എസ് സി, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തുടങ്ങിയ നിയമന അതോറിറ്റികള്‍ വഴി നടക്കുന്ന ടെസ്റ്റുകളുടെ അടിസ്ഥാനത്തിലുള്ള ഈ നിയമനങ്ങള്‍ തന്നെ രാജ്യത്തെ യുവജനങ്ങളില്‍ വളരെ ചെറിയ ഒരു വിഭാഗത്തിനു മാത്രമേ പ്രയോജനപ്പെടുകയുള്ളൂ. ചെറിയ ഒരു വിഭാഗത്തിനെങ്കിലും പ്രയോജനപ്പെടുന്ന ഈ നിയമനങ്ങളാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൊവിഡിന്റെ പേരില്‍ മരവിപ്പിച്ചിരിക്കുന്നത്.

യഥാര്‍ഥത്തില്‍ കൊവിഡല്ല നമ്മുടെ രാജ്യത്തെ ഇന്നത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. കൊവിഡിന് മുമ്പ് തന്നെ സാമ്പത്തിക മേഖലയിലെ വലിയ തിരിച്ചടിയും പിന്നോട്ടുപോക്കും തുടങ്ങിക്കഴിഞ്ഞിരുന്നു. യാതൊരു നീതീകരണവുമില്ലാത്ത നോട്ടുനിരോധനം ഇന്ത്യന്‍ സമ്പദ് ഘടനയെ അപ്പാടെ തകര്‍ക്കുകയും ജനജീവിതം ദുഷ്‌കരമാക്കുകയും ചെയ്തു. നോട്ടുനിരോധനമുണ്ടാക്കിയ ആ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഇന്നും നമ്മുടെ രാജ്യത്തിന് സാധിച്ചിട്ടില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. “ഇടിവെട്ടിയവനെ പാമ്പുകടിച്ചു” എന്ന് പറയുന്നത് പോലെയാണ് നോട്ടുനിരോധനത്തെ തുടര്‍ന്ന് ജി എസ് ടി നടപ്പാക്കിയത്. നോട്ടുനിരോധനം രാജ്യത്തെ ബഹുഭൂരിപക്ഷം തൊഴില്‍ മേഖലയെയും തകര്‍ത്ത് തരിപ്പണമാക്കിയിരുന്നു. അവശേഷിച്ച തൊഴില്‍ സ്ഥാപനങ്ങളെയാകട്ടെ ജി എസ് ടിയാണ് വിഴുങ്ങിയതെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.

കൊവിഡ് മൂലം സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണെന്നും അതിന്റെ ഭാഗമായ ചെലവുചുരുക്കല്‍ നടപടികളുടെ അടിസ്ഥാനത്തിലാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും നിയമനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ എട്ട് ലക്ഷത്തിലധികം ഒഴിവുകള്‍ നികത്താതെ കിടക്കവെയാണ് നിയമന നിരോധനമേര്‍പ്പെടുത്തി ധനമന്ത്രാലയം കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവിറക്കിയത്. മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സ്വയംഭരണ- സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങള്‍, അനുബന്ധ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ തസ്തിക സൃഷ്ടിക്കുന്നത് പൂര്‍ണമായും വിലക്കിയിട്ടുണ്ട്. എക്‌സ്‌പെൻഡിച്ചര്‍ വകുപ്പിന്റെ അംഗീകാരമില്ലാതെ ജൂലൈ ഒന്നിന് ശേഷം തസ്തിക സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ നിയമനം നടത്തരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

പ്രധാന പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയില്‍ മൂന്ന് ലക്ഷത്തിന് പുറത്ത് ഒഴിവുകളാണ് നികത്താനുള്ളത്. എന്നാല്‍ റെയില്‍വേയില്‍ പുതിയ തസ്തിക വേണ്ടെന്നും ഒഴിവ് നികത്തേണ്ടെന്നും കഴിഞ്ഞ ജൂലൈയില്‍ ഉത്തരവിട്ടിരുന്നു. നിയമന നിരോധന ഉത്തരവിനു പിന്നാലെ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിച്ച തസ്തികയിലേക്കുള്ള നിയമനങ്ങള്‍ അനിശ്ചിതത്വത്തിലായി. 2019 ഡിസംബറില്‍ ഫലം പ്രഖ്യാപിച്ച എ എല്‍ പി, ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് ഒമ്പത് മാസം പിന്നിട്ടിട്ടും നിയമനം നടന്നിട്ടില്ല. ഗ്രൂപ്പ് ഡി തസ്തികയിലേക്ക് 2019 ഫെബ്രുവരിയില്‍ വിജ്ഞാപനം ഇറക്കി. 18 മാസം പിന്നിട്ടിട്ടും പരീക്ഷ നടത്തിയില്ല. ഒരു ലക്ഷത്തിന് പുറത്ത് ഒഴിവുകള്‍ ഇവിടെയുണ്ടെന്നാണ് നിഗമനം. എന്‍ ഡി പി സി വിഭാഗങ്ങളിലെ ഒഴിവുള്ള 35,000ത്തിലധികം തസ്തികകളിലേക്ക് നേരത്തേ വിജ്ഞാപനം ഇറക്കിയെങ്കിലും ഇതുവരെ പരീക്ഷ നടത്തിയിട്ടില്ല.
ഉദ്യോഗങ്ങള്‍ക്ക് വേണ്ടിയുള്ള വിജ്ഞാപനമിറക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്റെ പരീക്ഷകള്‍ നടത്താത്തതില്‍ അപേക്ഷകരായ ഉദ്യോഗാര്‍ഥികള്‍ വലിയ പ്രതിഷേധത്തിലാണ്. ജെ ഇ ഇയും നീറ്റും നടത്താന്‍ വലിയ ഉത്സാഹമാണ് കേന്ദ്ര സര്‍ക്കാര്‍ കാട്ടിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉദ്യോഗങ്ങള്‍ക്കായി സ്വീകരിച്ച അപേക്ഷകള്‍ പരിഗണിക്കാനോ പരീക്ഷ നടത്താനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. രാജ്യത്തൊട്ടാകെ വലിയ പ്രതിഷേധമാണ് ഇതിനെതിരായി ഉയര്‍ന്നു വന്നിട്ടുള്ളത്. ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ധനമന്ത്രാലയം ഒടുവില്‍ വിശദീകരിച്ചിരിക്കുന്നത്. സ്റ്റാഫ് സെലക് ഷന്‍ കമ്മീഷന്‍, യു പി എസ് സി, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് എന്നിവ വഴിയുള്ള സാധാരണ നിയമനങ്ങള്‍ തടസ്സമില്ലാതെ തുടരുമെന്ന് ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാല്‍ “കുറുപ്പിന്റെ ഉറപ്പായി” മാത്രമേ ഇതിനെ ഉദ്യോഗാര്‍ഥികള്‍ കാണുന്നുള്ളൂ. ധനമന്ത്രാലയം തന്നെയാണ് നിയമന നിരോധന ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന വസ്തുത എങ്ങനെയാണ് വിസ്മരിക്കാന്‍ കഴിയുക.

മോദി സര്‍ക്കാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് നല്‍കിയ മുഖ്യ വാഗ്ദാനം രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുമെന്നായിരുന്നു. പുതിയ തൊഴിലുകളൊന്നും നല്‍കിയില്ലെന്നു മാത്രമല്ല, ഏറ്റവും ഒടുവില്‍ നിലവിലുള്ള റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ വഴി നടന്നുകൊണ്ടിരിക്കുന്ന നിയമനങ്ങള്‍ക്ക് പോലും നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. സ്ഥിരമായി നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരുന്ന പരിമിതമായ നിയമനങ്ങളുടെ കഴുത്തിലാണ് ഈ ഭരണകൂടം കത്തി വെച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് വരുന്ന തൊഴില്‍രഹിതരും വിദ്യാ സമ്പന്നരുമായ യുവജനങ്ങള്‍ കടുത്ത നിരാശയിലാണ്.

യഥാര്‍ഥത്തില്‍ തൊഴില്‍ ലഭ്യമാകുക എന്നുള്ളത് രാജ്യത്തെ ജനങ്ങളുടെ മൗലികമായ ഒരവകാശമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗം മൂന്നിലെ നിര്‍ദേശക തത്വങ്ങളിലെ ആര്‍ട്ടിക്കിള്‍ 43ല്‍ പറയുന്നു: “”ജനങ്ങള്‍ക്ക് തൊഴില്‍, ജീവിക്കാന്‍ മതിയായ വേതനം, മെച്ചപ്പെട്ട ജീവിത തോത്, വിശ്രമം, സാമൂഹികവും സാംസ്‌കാരികവുമായ കാര്യങ്ങള്‍ക്കുള്ള അവസരങ്ങള്‍ എന്നിവ നേടിക്കൊടുക്കുക, കുടില്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ സര്‍ക്കാറിന്റെ കര്‍ത്തവ്യമാണ്”. നിര്‍ഭാഗ്യവശാല്‍ ഭരണഘടനയിലെ നിര്‍ദേശക തത്വങ്ങളിലെ സുപ്രധാനമായ ഈ വകുപ്പ് ഇന്നും കടലാസില്‍ മാത്രം അവശേഷിക്കുകയാണ്.

തൊഴില്‍ അവകാശത്തിനു നേരേ മോദി സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്ന കടുത്ത വെല്ലുവിളിയാണ് ഈ നിയമന നിരോധന ഉത്തരവ്. ആത്മാഭിമാനമുള്ള രാജ്യത്തെ യുവജനങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല ഈ ഉത്തരവ്.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest