Connect with us

Cover Story

ആ റെക്കോർഡുകാരൻ ഇവിടെയുണ്ട്

Published

|

Last Updated

കായംകുളത്തെ കായൽ തീരങ്ങളിൽ ക്യാമറക്കണ്ണുകളുമായി കറങ്ങിനടന്ന കാലം. ശലഭങ്ങളുടെ വർണഭംഗി മുതൽ സ്വയംവര പന്തലുകളിലെ മുഹൂർത്തങ്ങളും പ്രകൃതിയുടെ ഇണക്കവും പിണക്കവും കുസൃതിയുമെല്ലാം തന്റെ ക്യാമറക്കുള്ളിൽ പതിക്കുമ്പോഴും മനസ്സിന്റെ ഉള്ളിൽ അറിയാതെ ഒരു മോഹവും പതിഞ്ഞുകിടന്നിരുന്നു. ഭൂമിയുടെ നെറുകയിൽ എങ്ങനെയും കയറണം. അവിടെ നിന്നുകൊണ്ടു അതിമനോഹരമായ പ്രപഞ്ചഭംഗി ഒപ്പിയെടുക്കണം. അതു മാലോകരെ അറിയിക്കണം. അങ്ങനെ സായൂജ്യമടയണം….” വെറുതെ ഈ മോഹങ്ങൾ എന്നറിയാമെങ്കിലും വെറുതെ അതിനായി മോഹിച്ചുപോയി കായംകുളം മുതുകുളം ഈഴാന്തറയിൽ എസ് സുരേഷ്‌കുമാർ എന്ന ഹോംഗാർഡ്. ഇപ്പോൾ ആലപ്പുഴയിൽ താമസിക്കുന്ന അദ്ദേഹം 57-ാം വയസ്സിലും ഇതു പറയുമ്പോൾ മുഖത്ത് എന്തെന്നില്ലാത്ത ആകാംക്ഷയും ഒപ്പം എന്തിനേയും കീഴ്‌പ്പെടുത്താനുള്ള പ്രസരിപ്പും. എങ്കിലും അദ്ദേഹത്തിന്റെ മനസ്സിൽ ആ ആഗ്രഹം കടന്നുകൂടാനൊരു കാരണമുണ്ട്.

പ്രധാനമന്ത്രിയായിരുന്ന എച്ച് ഡി ദേവഗൗഡക്കൊപ്പം

“ഞാൻ കയറും സാർ…”

പണ്ട് സ്‌കൂളിൽ പഠിക്കുന്ന കാലം. ടെൻസിംഗും ഹിലാരിയും എവറസ്റ്റ് കീഴടക്കിയതിനെക്കുറിച്ചു ചരിത്രാധ്യാപകൻ ക്ലാസെടുക്കുന്നതിനിടയിൽ ചോദിച്ചു. “നിങ്ങൾക്കാർക്കെങ്കിലും എവറസ്റ്റ് കീഴടക്കാൻ കഴിയുമോ. ആർക്കെങ്കിലും അതിനു കൊതിയുണ്ടോ?..” നടക്കാത്ത കാര്യമായതിനാൽ ആരും മിണ്ടാതിരുന്നപ്പോൾ അധ്യാപകൻ വീണ്ടും ചോദിച്ചു. “ആർക്കും അതിനു ആഗ്രഹമില്ലേ..?” ക്ലാസ്സിൽ നിറഞ്ഞുനിന്ന നിശ്ശബ്ദതഭേദിച്ചുകൊണ്ട് ഒരാൾ എഴുന്നേറ്റുപറഞ്ഞു… “ഞാൻ കയറും സാർ…” ഇതുകേട്ട മറ്റു കുട്ടികൾ കളിയാക്കിച്ചിരിച്ചുവെങ്കിലും അധ്യാപകൻ ആ കുട്ടിയോടായി പറഞ്ഞു.. “മിടുക്കൻ.. എന്താ കുട്ടിയുടെ പേര്? അൽപ്പം നാണത്തോടെ എഴുന്നേറ്റുനിന്ന് കുട്ടി പറഞ്ഞു. “എന്റെ പേര് എസ് സുരേഷ്‌കുമാർ”.

നടക്കണമെന്നാഗ്രഹിച്ചതും എന്നാൽ നടക്കില്ലെന്നുറപ്പിച്ചതും പിന്നീട് നടന്നതുമായ എവറസ്റ്റിന് നെറുകയിൽ കയറി ഇന്ത്യൻ പതാക പാറിച്ച ആ സുരേഷ്‌കുമാർ ഇന്നു ആലപ്പുഴ പട്ടണത്തിന്റെ തിരക്കേറിയ പ്രധാന ജംഗ്ഷനുകളിൽ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളെയും കാൽനടക്കാരെയും നിയന്ത്രിക്കുന്ന ഹോംഗാർഡായി വെയിലും മഴയും ആസ്വദിച്ചു ജോലി ചെയ്യുകയാണ്.
1987ൽ അപ്രതീക്ഷിതമായി ഇന്തോ -ടിബറ്റൻ ബോർഡർ പോലീസിലെ ഫോട്ടോഗ്രാഫറായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും എവറസ്റ്റിൽ കയറുന്ന ആദ്യ മലയാളിയോ ആദ്യ ദക്ഷിണേന്ത്യക്കാരനോ താനായിരിക്കുമെന്നും സുരേഷ്‌കുമാർ സ്വപ്‌നത്തിൽപ്പോലും കരുതിയിരുന്നില്ല. ഒടുവിൽ വെറുതെ മോഹിച്ച മോഹങ്ങൾ സാക്ഷാത്കരിക്കപ്പെട്ടപ്പോൾ ആ ധന്യനിമിഷങ്ങളെക്കുറിച്ച് സുരേഷ്‌കുമാറിന് പറയാൻ ഇത്തിരിയല്ല, എവറസ്റ്റോളം ഉയരമുള്ള കാര്യങ്ങൾ. എല്ലാം ഒരു സ്വപ്‌നം പോലെ… ആരോടാണ് നന്ദി പറയേണ്ടതെന്നും അറിയില്ല. ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്നുചോദിച്ചാൽ സുരേഷ് പറയും അതങ്ങനെ സംഭവിച്ചു. അത്രമാത്രം.. എല്ലാം ദൈവനിശ്ചയം. ഗുരുക്കന്മാരുടെ അനുഗ്രഹം…

ഐ ടി ബി പി ഡയറക്ടർ ജനറലായിരുന്ന ആർ കെ ശർമയിൽ നിന്ന് ഉപഹാരം സ്വീകരിക്കുന്നു.

എവറസ്റ്റിന്റെ നെറുകയിൽ

പ്രധാനമന്ത്രിമാരായിരുന്ന നരസിംഹറാവു, വാജ്‌പയ്, ചന്ദ്രശേഖർ, ദേവഗൗഡ, ഗുജ്‌റാൾ, മൻമോഹൻ സിംഗ് തുടങ്ങിയവർക്ക് സുരക്ഷാ കവചമൊരുക്കിയ സ്‌പെഷ്യൽ പ്രൊട്ടക്്ഷൻ ഗ്രൂപ്പിലും അംഗമാകാൻ അവസരം ലഭിച്ചിട്ടുണ്ട് ഈ എവറസ്റ്റ്മലയാളിക്ക്. മഞ്ഞുപാളികൾ മാത്രമുള്ള മലമടക്കുകളായ കാഞ്ചൻഗംഗയുടെയും എവറസ്റ്റിന്റെയും നെറുകയിൽ മഞ്ഞുകട്ടകളെ മെത്തയാക്കി കിടന്നുറങ്ങിയ ആദ്യ മലയാളിയാണ് ഇദ്ദേഹമെന്ന് സഹപ്രവർത്തകരിൽ അപൂർവം പേർക്കുമാത്രം തിരിച്ചറിയാവുന്ന ഒരു രഹസ്യം.
ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിൽ അംഗമായി സേവനം ചെയ്യുമ്പോഴാണ് കാഞ്ചൻഗംഗ കീഴടക്കാനായി പർവതാരോഹണ സംഘത്തെ തിരഞ്ഞെടുക്കാൻ അന്നത്തെ ഐ ടി ബി പി വിഭാഗം ഐ ജി ആയിരുന്ന ഹുക്കും സിംഗ് തീരുമാനിച്ചത്. അതിനായി തിരഞ്ഞടുത്ത 26 പേരിൽ ഫോട്ടോഗ്രാഫറായി സുരേഷ് കുമാറുമുണ്ടായിരുന്നു. പട്ടാള ബാരക്കിലെ അതിശക്തമായ പരിശോധനകളും പരിശീലനവും അതിനായി വേണ്ടിവന്നു. പത്ത് ദിവസം നീണ്ടു നിൽക്കുന്ന മെഡിക്കൽ പരിശോധന. പകൽ മുഴുവനും സൈക്ലിംഗ്, ചെറിയ കുന്നുകളിലും മലകളിലും കൊണ്ടുപോയിട്ടുള്ള ട്രക്കിംഗ്. അത്തരം കർശനമായ ട്രെയിനിംഗിലും പരിശോധനകളിലും വിജയിച്ചവരിൽ ആദ്യപേരുകാരനും സുരേഷ്‌കുമാർ തന്നെ. തുടർന്ന് യു പിയിലെ മൗണ്ട് എൻജിനീറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബേസിക് കോഴ്‌സും പാസ്സായി. ഇതിനിടയിൽ ഫോട്ടോഗ്രാഫിയുടെ വിവിധതലങ്ങളെക്കുറിച്ച് പരീക്ഷണ നിരീക്ഷണങ്ങളും നടത്തി. കാരണം, കാഞ്ചൻഗംഗയും എവറസ്റ്റും കീഴടക്കിയതായി മേലാധികാരികൾക്ക് നൽകാനുള്ള ഏക തെളിവും അക്കാലത്ത് ഫോട്ടോ മാത്രമായിരുന്നു. ഒടുവിൽ ഈശ്വരനെ മാത്രം മനസ്സിൽ ധ്യാനിച്ച് ജീവിതവും മരണവും നെഞ്ചോട്‌ചേർത്തുപിടിച്ചായിരുന്നു സിക്കിംവഴി കാഞ്ചൻ ഗംഗയിലേക്കുള്ള യാത്ര. അപകടകരമായ യാത്രയെക്കുറിച്ചുള്ള ഒരു വിവരങ്ങളും വീട്ടുകാരെ അറിയിക്കാൻ സുരേഷ് മെനക്കെട്ടില്ല. അവർ പരിഭ്രമിക്കേണ്ടല്ലോ.

ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന സുരേന്ദ്ര സിംഗിനൊപ്പം

ആരാരുമറിയാത്ത സാഹസികത

പൊതുവെ തണുപ്പുകുറഞ്ഞ സമയം എന്ന നിലയിലാണ് മാർച്ച്് മുതൽ ജൂൺ വരെയുള്ള കാലയളവും അതിനായി തിരഞ്ഞടുത്തത്. തുടർന്നുള്ള യാത്ര അതികഠിനമായിരുന്നു. സഹയാത്രികർ പലരും കൈവിട്ടുപോയ സന്ദർഭങ്ങൾ സുരേഷ്‌കുമാറിന്റെ മനസ്സിൽ ഒരു തീക്കനലായി ഇപ്പോൾ എരിയുന്നു. ഒടുവിൽ ഒപ്പം മഞ്ഞുമലകൾ താണ്ടിയ അഞ്ചുപേരുടെ ജീവൻ മഞ്ഞിന്റെ കാഠിന്യത്താൽ രക്തയോട്ടം നിലച്ച് നഷ്ടപ്പെട്ടതും നേരിൽ കാണാനായി. 1991 മെയ് 21ന് കാഞ്ചൻഗംഗ എന്ന കൊടുമുടിയിൽ ഇന്ത്യൻ പതാക ഉയർത്തിയപ്പോൾ അത് ജീവിതത്തിലെ ധന്യമുഹൂർത്തങ്ങളിൽ ഒന്നായിരുന്നുവെന്നു പറയുമ്പോൾ അത് മലയാളികളുടെ അഭിമാനം വാനോളം ഉയർത്തിയ അസുലഭ നിമിഷങ്ങൾ. പക്ഷേ, മലയാള നാട് ആ നിമിഷങ്ങൾ അറിഞ്ഞതുമില്ല. അറിയിക്കാനും ആരുമുണ്ടായില്ല.കാരണം അന്നായിരുന്നു രാജീവ് ഗാന്ധി വധിക്കപ്പെടുന്നത്.
പർവതാരോഹണം നടത്തിയ ആദ്യ നിമിഷങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെച്ചു ദിവസങ്ങൾ തള്ളിനീക്കുമ്പോഴാണ് എവറസ്റ്റ് കീഴടക്കാനുള്ള അടുത്ത സംഘത്തിലേക്കും സുരേഷ്‌കുമാറിനെ തിരഞ്ഞെടുക്കുന്നത്. അതിനായി വിദേശനിർമിത തൂവൽകൊണ്ടുള്ള പ്രത്യേകതരം വസ്ത്രങ്ങളും ബൂട്ടുകളും കൈയുറകളും എല്ലാം സർക്കാർ നൽകി. ഭക്ഷണക്രമങ്ങളിൽ മാറ്റംവരുത്തി. ഉറക്കത്തിന്റെയും ഉണരുന്നതിന്റെയും സമയങ്ങളിലും മാറ്റം. സ്വന്തമായി അന്നു കൂട്ടിനുണ്ടായിരുന്നത് സന്തതസഹചാരിയായ 60 എം എം മൂവി ക്യാമറ മാത്രം. കൈയുറകളും ഓക്‌സിജൻ കിറ്റുകളും മറ്റെല്ലാ സന്നാഹങ്ങളുമായി ചൈനവഴിയായിരുന്നു എവറസ്റ്റിലേക്കുള്ള ആരോഹണം. 1992 മാർച്ചിലായിരുന്നു ആ ദൗത്യം ആരംഭിച്ചത്.

പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിനൊപ്പം

മരണത്തെ
നേരിൽ കണ്ട നിമിഷം

എല്ലാവരും ഒന്നിച്ചായിരുന്നില്ല യാത്ര. നാലോ അഞ്ചോപേർ ചെറു സംഘങ്ങളായി പിരിയും. മുന്നിലും പിന്നിലുമായി യാത്ര. മുന്നിൽ പോകുന്നവർ വഴികാണിച്ചുകൊടുക്കും. പുലർച്ചെ മൂന്ന് മണിയോടെ മലകയറ്റം ആരംഭിച്ചാൽ ഉച്ചക്ക് 12 മണിയോടെ അവസാനിപ്പിക്കും. പിന്നീട് വിശ്രമം. കിടന്നുറങ്ങാൻ പ്രത്യേക ബേസ് ക്യാമ്പുകൾ ഒരുക്കും. അതിനുള്ളിൽ മെഴുകുതിരിയും ചെറിയ ഗ്യാസ് ലൈറ്ററുകളും മാത്രമാണ് പ്രകാശത്തിനായി ഉപയോഗിച്ചിരുന്നത്. മഞ്ഞുകട്ടകളുടെ മുകളിൽ പ്രത്യേകതരം പ്ലാസ്റ്റിക് ഷീറ്റുകൾ നിരത്തിയാണ് കിടപ്പ്. ശക്തമായി മഞ്ഞുരുകി വെള്ളച്ചാട്ടംതന്നെ ചിലപ്പോൾ ഉണ്ടാകും. ശക്തമായ കാറ്റ് വീശിയടിക്കും. ഇടക്ക് മഴ പെയ്യും. ബേസ്‌ക്യാമ്പുകൾ തകർന്ന് മരണത്തെ നേരിൽകണ്ട നിമിഷങ്ങളും അദ്ദേഹം ഓർക്കുന്നു.
മഞ്ഞുമലയിൽ പറ്റിപ്പിടിച്ചാൽ പിന്നെ എഴുന്നേൽക്കാനാകില്ല. അങ്ങനെയാണ് ഗ്രൂപ്പിലെ 26 പേരിൽ അഞ്ച് പേരെ മരണം വിളിച്ചത്. മൂന്ന് മാസത്തെ അതികഠിനമായ യാത്രക്കൊടുവിൽ എവറസ്റ്റിന്റെ 8,850 മീറ്റർ ഉയരത്തിൽ ഇന്ത്യൻ പതാക ഉയർത്തിയപ്പോൾ ഭൂമിയുടെ നെറുകയിൽ കയറിപ്പറ്റണമെന്ന് സുരേഷ്കുമാറിന്റെ മനസ്സിൽ ചെറുപ്പത്തിലുദിച്ച മോഹം പൂവണിയുകയായിരുന്നു. ആ സന്തോഷത്തിൽ പങ്കുചേരാൻ യാത്ര പുറപ്പെട്ടപ്പോൾ കൂടെയുണ്ടായിരുന്ന അഞ്ച് പേർ ഇല്ലാതെപോയതിലുള്ള നിരാശ ഇന്നും അദ്ദേഹത്തിന്റെ മുഖത്ത് നിഴലിക്കുന്നു. അന്ന് എവറസ്റ്റിന്റെ കൊടുമുടിയിൽ നിന്നുകൊണ്ട് ഒട്ടനവധി ചിത്രങ്ങളും തന്റെ ക്യമറയിൽ പകർത്തി. അതെല്ലാം കോർത്തിണക്കി ദൂരദർശൻ 1992 ഒക്ടോബറിൽ ഡോക്യുമെന്ററി ചെയ്തു. അന്ന് എവറസ്റ്റിലേക്ക് കയറുമ്പോൾ 14 രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളും ഒപ്പമുണ്ടായിരുന്നതായി സുരേഷ്‌കുമാർ ഓർക്കുന്നു. എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളിയായി തിരികെ വരുമ്പോൾ നേപ്പാളിൽ പ്രത്യേക സ്വീകരണം. 1997ൽ എസ് പി ജിയിൽ സീനിയർ സെക്യൂരിറ്റി അസിസ്റ്റന്റായി ഡെപ്യൂട്ടേഷനിൽ നിയമനം. അതോടെ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ സുരക്ഷാവലയത്തിലെ അംഗമാകാനും അവസരം ലഭിച്ചു.

രാഷ്ട്രപതിയായിരുന്ന ശങ്കർ ദയാൽ ശർമയോടൊപ്പം സുരേഷ് കുമാർ

ഇതിനിടയിൽ ഒരു പ്രാവശ്യംകൂടി എവറസ്റ്റിലേക്കുപോകാൻ അവസരം ലഭിച്ചെങ്കിലും പ്രായം കാരണം അവസരം പ്രയോജനപ്പെടുത്താനായില്ല. 2008ൽ വി ആർ എസ് എടുത്തു നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം ആദ്യം അഗ്നിശമനസേനയിലായിരുന്നു. ഇപ്പോൾ പോലീസ് വകുപ്പിൽ ഹോംഗാർഡാണ്.
കഴിഞ്ഞ പത്ത് വർഷമായി ആലപ്പുഴയിൽതന്നെ സേവനമനുഷ്ഠിക്കുന്ന അദ്ദേഹത്തെ തേടി ഇതിനോടകം ഒട്ടേറെ അംഗീകാരങ്ങളെത്തി. അടുത്തകാലത്ത് സിനിമ ചിത്രീകരിക്കുന്ന ഒരു കമ്പനിക്കാരും അഭിനയിക്കണം എന്നാവശ്യപ്പെട്ടു അദ്ദേഹത്തെ സമീപിച്ചുകഴിഞ്ഞു. ആരും അറിയരുതെന്നുകരുതി ഒതുങ്ങിക്കൂടിയ അദ്ദേഹത്തെ തേടി മാധ്യമങ്ങൾ എത്തിയതോടെയാണ് എവറസ്റ്റ് കീഴടക്കിയ ആദ്യ ദക്ഷിണേന്ത്യക്കാരനാണ് തങ്ങൾക്കൊപ്പം ജോലിചെയ്യുന്നതെന്നു സഹപ്രവർത്തകർപോലും അറിയുന്നത്. സേവനം തിരിച്ചറിഞ്ഞ അന്നത്തെ സർക്കാർ അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചുവെങ്കിലും സർക്കാറിന്റെ നൂലാമാലകളിൽ കുരുങ്ങി അതു ലഭ്യമായില്ലെന്നും പിന്നീട് വന്ന ഉമ്മൻ ചാണ്ടി സർക്കാർ ഒരു ലക്ഷം നൽകിയെന്നും സുരേഷ് കുമാർ പറയുന്നു.
പ്രായം വിലങ്ങുതടിയായില്ലായിരുന്നെങ്കിൽ ഒരിക്കൽക്കൂടി എവറസ്റ്റ് കീഴടക്കാമായിരുന്നുവെന്ന അടങ്ങാത്ത ആഗ്രഹം മനസ്സിൽ സൂക്ഷിച്ചു സ്‌റ്റോപ്പ്ബോർഡും കൈയിലേന്തി ആലപ്പുഴ പട്ടണത്തിന്റെ തിരക്കേറിയ പ്രധാന ജംഗ്ഷനുകളിൽ നിൽക്കുമ്പോഴും അതുവഴികടന്നുപോകുന്നവരിൽ ആർക്കുമറിയില്ല നിരപ്പായ ഈ റോഡിൽ നിൽക്കുന്നയാൾ ലോകമറിയുന്ന ടെൻസിംഗിനെയും ഹിലാരിയെയും പോലെ കൊടുമുടികൾ കയറിയയാളാണെന്ന്.
.

Latest