Connect with us

Articles

ക്ലാസ് മുറിയിൽ എന്ത് സംഭവിക്കും?

Published

|

Last Updated

മുപ്പത്തിനാല് വര്‍ഷങ്ങൾക്ക് ശേഷം വിദ്യാഭ്യാസ സംവിധാനം അടിമുടി പുനഃക്രമീകരിക്കുന്നതിന് നൂതന ആശയങ്ങൾ മുന്നോട്ട് വെച്ചുകൊണ്ട് പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയുണ്ടായി. ഒട്ടേറെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഇത് അംഗീകരിച്ചതെന്ന് അവകാശപ്പെടുമ്പോഴും വേണ്ടത്ര ചര്‍ച്ചകളോ വിശകലനങ്ങളോ നടത്താതെയും പാര്‍ലിമെന്റ് പോലുമറിയാതെയും തിരക്കിട്ട് അംഗീകരിച്ച വിദ്യാഭ്യാസ നയത്തില്‍ ധാരാളം പോരായ്മകളും ആശങ്കകളും ചൂണ്ടിക്കാണിക്കാനാകും
1986ലെ ദേശീയ വിദ്യാഭ്യാസ നയത്തെ അടിസ്ഥാനമാക്കിയാണ് നിലവിലെ പാഠ്യപദ്ധതികളും പഠനരീതികളും. അതില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ 1992ല്‍ കൊണ്ടുവന്നെങ്കിലും കാതലായ മാറ്റമായിരുന്നില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിനുതകും വിധം ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനാവശ്യമായ വിദ്യാഭ്യാസ ഘടനയും അധ്യാപന- പഠന രീതിയും ആവിഷ്‌കരിച്ച് അങ്കൺവാടി മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ പരിഷ്‌കരിക്കുന്നതാണ് പുതിയ നയമെന്ന് അതിന്റെ വക്താക്കളും സര്‍ക്കാറും പറയുന്നു. സാമ്പത്തിക അസമത്വങ്ങള്‍ക്ക് അതീതമായി എല്ലാവർക്കും തുല്യ അവസരം ഉറപ്പുവരുത്തി, കുറഞ്ഞ ചെലവില്‍ മികച്ച വിദ്യാഭാസം നല്‍കി രാജ്യത്തെ ആഗോള വിദ്യാഭ്യാസ നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യം മുന്നില്‍വെച്ചുള്ള 2020ലെ വിദ്യാഭ്യാസ നയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം ഒന്ന് പരിശോധിക്കാം.

നാല് ഭാഗങ്ങളുള്ള നയത്തില്‍ ആദ്യഭാഗം സ്‌കൂള്‍ വിദ്യാഭ്യാസത്തെയാണ് വിശദീകരിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവിലുള്ള ഘടനയെ പൂര്‍ണമായും മാറ്റി നാല് സ്റ്റേജുകളിലായി 5+3+3+4 എന്ന ഘടനയില്‍ പുനഃക്രമീകരിക്കും. 10 വരെയും പിന്നെ പ്ലസ്ടുവുമെന്ന നിലവിലെ ഘടനയെയാണ് നാല് സ്റ്റേജുകളുള്ള പുതിയ രൂപത്തിലേക്ക് മാറ്റുന്നത്. പ്രാരംഭ- ശൈശവ വിദ്യാഭ്യാസം ഉള്‍കൊള്ളിച്ചുകൊണ്ട് മൂന്ന് മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സാര്‍വത്രിക വിദ്യാഭ്യാസമാണ് ലക്ഷ്യമാക്കുന്നത്. മൂന്ന് വര്‍ഷത്തെ പ്രീസ്‌കൂളും ഒന്നും രണ്ടും ക്ലാസുകളും ചേര്‍ന്ന അഞ്ച് വര്‍ഷത്തെ പ്രാരംഭ ശൈശവ വിദ്യാഭ്യാസമാണ് (Early Childhood care and Education). ഇതില്‍ ആദ്യ പഠനത്തിന്റെ അടിസ്ഥാന ഘട്ടം (The Foundation of Learning). ബുദ്ധി വികാസത്തിന്റെ ഏറിയ പങ്കും നടക്കുന്ന ഈ കാലഘട്ടത്തില്‍ കൃത്യമായ പാഠ്യപദ്ധതിയിലൂടെ കുട്ടികളുടെ നൈപുണ്യം വികസിക്കുന്നതിനാവശ്യമായ തികച്ചും ശിശു കേന്ദ്രീകൃത കളികളിലൂടെ നല്ലപെരുമാറ്റം, മൂല്യബോധം, വ്യക്തിശുചിത്വം, വ്യക്തിത്വവികസനം, സഹകരണം, കൂട്ടായ പ്രവര്‍ത്തനം, എന്നിവക്ക് ഊന്നല്‍ നല്‍കുന്നു. ഇന്ത്യയിലെ കോടിക്കണക്കിന് കുട്ടികള്‍ക്ക് ഇന്ന് ഇത്തരം പ്രീസ്‌കൂള്‍ സംവിധാനം ലഭ്യമല്ല. അതിനാല്‍ 2030ന് മുമ്പായി മൂന്ന് മുതല്‍ എട്ട് വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ഫലപ്രദമായ ഈ ഫൗണ്ടേഷന്‍ സംവിധാനം ലഭ്യമാക്കാനാണ് നയം ലക്ഷ്യംവെക്കുന്നത്.

കേരളം പോലെ വിദ്യാഭ്യാസപരമായി മുന്നിട്ടുനില്‍ക്കുന്ന ചില പ്രദേശങ്ങളില്‍, പ്രത്യേകിച്ചും സ്വകാര്യ മേഖലയില്‍, ശാസ്ത്രീയമായി തയ്യാറാക്കിയ പാഠ്യപദ്ധതിയിലൂടെ പ്രീസ്‌കൂള്‍ വിദ്യാഭ്യാസം കാര്യക്ഷമമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, സാമ്പത്തിക പിന്നാക്കാവസ്ഥ കാരണം പലര്‍ക്കും ഇത് പ്രാപ്യമല്ല. ഈ പ്രീസ്‌കൂള്‍ സംവിധാനത്തെ സ്‌കൂളുമായി സമന്വയിപ്പിച്ച് കൊണ്ടുപോകാനാണ് പുതിയ നയം മുന്നോട്ടുവെക്കുന്നത്.
നിലവിലുള്ള സര്‍ക്കാര്‍ സ്‌കൂളുമായി ഈ പുതിയ സംവിധാനം ചേര്‍ക്കപ്പെടുമ്പോള്‍ ധാരാളം മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ഭൗതിക സാഹചര്യം, അടിസ്ഥാന സൗകര്യം, കളി ഉപകരണങ്ങള്‍, അധ്യാപക പരിശീലനം എന്നിവയുടെ പ്രായോഗികവത്കരണം കടുത്ത വെല്ലുവിളിയായിരിക്കും. നിലവിലെ അങ്കൺവാടികൾ സ്‌കൂളുമായി ലയിപ്പിച്ച് ശിശുവിദ്യാഭ്യാസത്തിനുള്ള നിര്‍ദേശം നയത്തിലുണ്ടെങ്കിലും അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇതോടൊപ്പം, അടിസ്ഥാന പഠന ഘട്ടത്തില്‍ നിന്ന് മൂന്നാം ക്ലാസിലേക്ക് എത്തുന്നതോടെ കുട്ടികളില്‍ ഭാഷയിലും ഗണിതത്തിലുമുള്ള അടിസ്ഥാന വിവരം ഉറപ്പുവരുത്തുകയെന്നത് പ്രധാന ദൗത്യമായി കാണുന്നു. കാരണം, ഇത്തരം അടിസ്ഥാന ഭാഷ- ഗണിത കഴിവുകള്‍ നേടാത്ത അഞ്ച് കോടി കുട്ടികള്‍ പ്രൈമറി ക്ലാസുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നുവെന്ന് വ്യത്യസ്ത സർവേകള്‍ ചുണ്ടികാണിക്കുന്നുണ്ട്.

രണ്ടാമത്തെ ഘട്ടമാണ് പ്രെപറേറ്ററി സ്റ്റേജ് മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള പഠനകാലമാണിത്. കാര്യമായി പഠനത്തിന് തയ്യാറാകുന്ന ഈ ഘട്ടത്തില്‍ എല്ലാ വിഷയത്തിലും അടിസ്ഥാന വിവരം ഉറപ്പുവരുത്തുന്നതിനാവശ്യമായ വ്യക്തിഗത പഠന രീതിയാണ് നിർദേശിക്കുന്നത്. വായന, സംസ്കാരം, കല, ഭാഷ, ശാസ്ത്രം, കണക്ക് തുടങ്ങിയ വിഷയങ്ങൾ ഇതില്‍പെടും. പാരമ്പര്യ അധ്യാപന രീതിയില്‍ നിന്ന് വ്യത്യസ്തമായി പാഠ്യ- പാഠ്യേതര വിഷയങ്ങളിലെ അന്തരം മാറ്റി രണ്ടിനെയും ഒരുമിപ്പിച്ച് പാഠ്യപദ്ധതിയുടെ ഭാഗമായി കാണുന്നു.
പുതിയ നയത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നിബന്ധനകളിലൊന്ന് കുറഞ്ഞത് അഞ്ചാം ക്ലാസ് വരെ അധ്യാപന മാധ്യമം ഒരു പ്രാദേശിക/ മാതൃഭാഷയായിരിക്കണമെന്നതാണ്. മാതൃഭാഷ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം പ്രൈമറി ക്ലാസുകളില്‍ ഉചിതവും കാര്യങ്ങള്‍ കൃത്യതയോടെ ആര്‍ജിക്കുന്നതില്‍ മാതൃഭാഷ വഹിക്കുന്ന പങ്ക് വളരെ വലുതുമാണെന്ന് അംഗീകരിക്കുന്നു. പക്ഷേ, വിദ്യാഭ്യാസപരമായി മുന്നിട്ടുനില്‍ക്കുന്ന പ്രദേശങ്ങളെ ഈ നിര്‍ബന്ധിത നയം പിന്നോട്ട് കൊണ്ടുപോകുമെന്നും ആഗോള പൗരനായി വളരേണ്ട നമ്മുടെ കുട്ടികള്‍ പുതിയ ലോകത്തോടൊപ്പം മുന്നോട്ടോടുമ്പോള്‍ കിതക്കുമെന്നുമുള്ള വിമര്‍ശനം പ്രസക്തമാണ്. പ്രാദേശിക ഭാഷയില്‍ അധ്യയനം നടത്താൻ സമ്മര്‍ദം ചെലുത്തുമ്പോഴും ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ലെന്നും ഒരു ഭാഷയോടും വിവേചനമില്ലെന്നും നയത്തില്‍ പറയുന്നുണ്ട്. അത് നടപ്പായാൽ നന്ന്.
ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള അടുത്ത ഘട്ടമാണ് മിഡില്‍ സ്റ്റേജ്, വിഷയാധിഷ്ഠിത പഠനം സാധ്യമാക്കുന്ന ഈ ഘട്ടത്തില്‍, വിഷയത്തിന്റെ വൈപുല്യം കുറച്ച് അടിസ്ഥാന ആശയങ്ങള്‍ക്ക് കുറേക്കൂടി മികച്ച ധാരണ ഉറപ്പുവരുത്തുന്നു. ഒപ്പം, തൊഴിലധിഷ്ഠിത- കരകൗശല പരിശീലനം നല്‍കി തൊഴില്‍ മേഖലയുമായി കുട്ടികള്‍ക്ക് ബന്ധം സൃഷ്ടിക്കുന്നു.

ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സെക്കൻഡറി സ്റ്റേജില്‍, നിർബന്ധ വിഷയങ്ങള്‍ക്ക് പുറമേ വിദ്യാർഥികളുടെ അഭിരുചിയനുസരിച്ച് വിഷയം തിരഞ്ഞെടുക്കാനുള്ള അവസരവും ശാസ്ത്ര വിഷയങ്ങളോടൊപ്പം മാനവിക വിഷയങ്ങളും പഠിക്കാനുള്ള അവസരവും നല്‍കുന്നു. ആഴത്തിലുള്ള പഠനം, വിമര്‍ശന ബുദ്ധിയോടെ ചിന്തിക്കല്‍, ജീവിത ലക്ഷ്യത്തിന് കൂടുതല്‍ ശ്രദ്ധ എന്നിവക്ക് ഈ ഘട്ടത്തില്‍ ഊന്നല്‍ നല്‍കുന്നുവെന്നാണ് അവകാശപ്പെടുന്നത്.
നിലവിലെ പരീക്ഷാ രീതിയില്‍ വലിയ അട്ടിമറിയാണ് പുതിയ നയം മുന്നോട്ടുവെക്കുന്നത്. മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളില്‍ പൊതുപരീക്ഷ, നിലവിലെ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ തുടരുമെങ്കിലും അതിന്റെ നടത്തിപ്പ് രീതിയില്‍ കാര്യമായ പരിഷ്‌കാരം വരുന്നതാണ്. വിദ്യാർഥികളുടെ മൂല്യനിര്‍ണയ സംവിധാനം സമഗ്രമാക്കുന്നതിനും പരീക്ഷയുടെ പൂർണമായ മാര്‍ഗ നിര്‍ദേശം തയ്യാറാക്കാനും നാഷനല്‍ അസ്സെസ്സ്‌മെന്റ് സെന്റര്‍ രൂപവത്കരിക്കും.

നിലവിലുള്ള വിദ്യാഭ്യാസ രീതി പരിഷ്‌കരിക്കൽ അനിവാര്യമാണ്. കാര്യക്ഷമവും ഫലപ്രദവുമായ നടത്തിപ്പ് രീതിക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇതനുസരിച്ച് ക്ലാസ് മുറികളും സ്‌കൂള്‍ അന്തരീക്ഷവും മാറണം. അതിന് വേണ്ടി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഈ ലക്ഷ്യം പൂർത്തീകരിക്കാൻ പുതിയ വിദ്യാഭ്യാസ നയം ഉപയുക്തമാകുമോ എന്നതാണ് ചോദ്യം.

ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിൽ വിഷയം കുറച്ച് തൊഴിലധിഷ്ഠിത പരിശീലനത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. ഇത് കുട്ടികൾക്ക് ആഴത്തിലുള്ള പഠനത്തിന് അവസരം ലഭിക്കാതെ കേവലം തൊഴില്‍ മാര്‍ക്കറ്റിലേക്ക് കുറച്ച് വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കാനാണ് സഹായിക്കുന്നത്. വിമര്‍ശനാത്മകമായി വസ്തുതകളെ വിശകലനം ചെയ്യാനുള്ള കുട്ടികളുടെ കഴിവിനെ ഇല്ലാതാക്കുകയും വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യം തൊഴിലാണെന്ന ധാരണ വരും തലമുറയിൽ സൃഷ്ടിക്കുകയും ചെയ്യും.

അടിസ്ഥാനപരമായി മൂന്ന് കാര്യങ്ങള്‍ ഈ നയത്തില്‍ ഒളിഞ്ഞിരിക്കുന്നതായി കാണാം. അമേരിക്കൻവത്കരണം, കാവിവത്കരണം, സ്വകാര്യവത്കരണം എന്നിവയാണവ. വിദ്യാഭ്യാസ ഘടനയില്‍ വരുന്ന മാറ്റം പരിശോധി
ച്ചാല്‍ കൃത്യമായി അമേരിക്കയില്‍ സംവിധാനത്തിന്റെ പകര്‍പ്പാണ്. പ്രത്യേകിച്ച് ഉന്നത വിദ്യഭ്യാസ രംഗം. സ്വകാര്യ നിക്ഷേപം വിദ്യാഭ്യാസ മേഖലയില്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ നയം.

കൂടാതെ, ദേശീയ പ്രസ്ഥനത്തോടൊപ്പം രൂപപ്പെട്ട നമ്മുടെ വിദ്യഭ്യാസ നയം, അത് പൂർണമായി ബഹുസ്വരതയില്‍ ഊന്നിയ മതേതര, ജനാധിപത്യ മുല്യങ്ങള്‍ക്ക് ശക്തിപകരുന്ന നിലവിലെ നയത്തെ ഇല്ലാതാക്കി, ഒരു പുതിയ ഹിന്ദുത്വ രാഷ്ട്രത്തിന് അടിത്തറ പണിയാന്‍ ആവശ്യമായ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

Latest